പീരുമേട്: കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്കൊപ്പം നിന്ന മണ്ഡലത്തിൽ ഇത്തവന്ന മാറ്റം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1965 ലാണ് മണ്ഡലം രൂപപ്പെടുന്നത്. 2006 ലെ തെരഞ്ഞെടുപ്പ് മുതൽ എൽ.ഡി.എഫ് സ്ഥാനാർഥികളാണ് ജയിച്ചുവരുന്നത്. 1982-87- 92 ലെ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിലെ കെ.കെ. തോമസ് ഹാട്രിക്ക് വിജയം നേടിയിരുന്നു. 1996ൽ സീറ്റ് കേരള കോൺഗ്രസിന് നൽകുകയും മാത്യു സ്റ്റീഫൻ മത്സരിക്കുകയും ചെയ്തു. സി.പി.ഐയിലെ സി.എ. കുര്യൻ മാത്യു സ്റ്റീഫനെ പരാജയപ്പെടുത്തി. 2001ൽ വിണ്ടും മത്സരിച്ച കുര്യനെ യു.ഡി.എഫിലെ ഇ.എം. ആഗസ്തി പരാജയപ്പെടുത്തി. 2006ൽ കോൺഗ്രസിലെ അതികായൻ ഇം.എം. ആഗസ്തിയെ കന്നിയങ്കത്തിൽ അട്ടിമറിച്ച് ഇ.എസ്. ബിജിമോൾ നിയമസഭയിൽ എത്തി. തുടർന്ന് 2011-2016ലും ഹാട്രിക്കടിച്ചു. 2001ൽ എൽ.ഡി.എഫിലെ വാഴൂർ സോമനും വിജയിച്ചു. വാഴൂർ സോമന്‍റെ വേർപാട് പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപെരിയാർ പഞ്ചായത്തുകളും ഉടുമ്പൻ ചോല താലൂക്കിലെ അയ്യപ്പൻ കോവിൽ, ചക്കുപള്ളം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമ സഭ മണ്ഡലമാണ് പീരുമേട്. ഇടതിനൊപ്പം യു.ഡി.എഫിന്‍റെ ശക്തമായ സാന്നിധ്യവും മണ്ഡലത്തിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ ചിത്രം വ്യക്തമായിരുന്നു. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ മൂന്നിടത്ത് മാത്രമാണ് ഇടതുമുന്നണിക്ക് ഭരണത്തിലെത്താനായത്.
ട്രേഡ് യൂനിയനുകൾ ശക്തമായിരുന്ന കാലത്ത് തോട്ടം തൊഴിലാളികളുടെ വോട്ടുകളിൽ ഇരു മുന്നണികൾക്കും സ്വാധിനമുണ്ടായിരുന്നു. തോട്ടങ്ങൾ അടച്ചുപൂട്ടുകയും പ്രതിസന്ധിയിലാവുകയും ചെയ്തതോടെ ട്രേഡ് യൂനിയനുകളുടെ പ്രതാപവും അസ്തമിച്ചു. കോൺഗ്രസ്, സി.പി.ഐ, സി.പി.എം പാർട്ടികൾക്ക് ആയിരക്കണക്കിന് അംഗങ്ങൾ ഉള്ള ട്രേഡ് യൂനിയനുകൾ ഉണ്ടായിരുന്നു.
ഇതിൽ അംഗങ്ങളായിരുന്ന തൊഴിലാളികൾ വോട്ട് ബാങ്കായിരുന്നു. ഇന്ന് ട്രേഡ് യൂനിയനുകളിൽ തൊഴിലാളികളുടെ എണ്ണം നാമമാത്രമാണ്. തേയില തോട്ടത്തിലെ പ്രതിസന്ധിയെ തുടർന്ന് ജോലി ഉപേക്ഷിച്ച് നിരവധി തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് മടങ്ങിയത് ഈ തെരഞ്ഞെടുപ്പിൽ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
ഇടതുമുന്നണിയുടെ പ്രധാന കക്ഷിയായ സി.പി.ഐക്കാണ് ഇവിടെ സീറ്റ്. സി.പി.ഐ ജില്ല സെക്രട്ടറി സലിം കുമാറാണ് ഇവിടെ സ്ഥാനാർഥി. പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണവും തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫിൽ സ്ഥാനാർഥി നിർണയ ചർച്ചകർ തുടരുകയാണ്. കഴിഞ്ഞ രണ്ട് തവണ മത്സരിച്ച അഡ്വ. സിറിയക് തോമസ്, മുൻ ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, ജോസഫ് വാഴക്കൻ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്. എൻ.ഡി.എ സ്ഥാനാർഥിയും മത്സരത്തിന് ഉണ്ടാകും. ഇത്തവണ മണ്ഡലത്തിൽ മികച്ച സ്ഥാനാർഥിയെ കണ്ടെത്താണ് എൻ.ഡി.എയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.