പള്ളുരുത്തി: കല്ലഞ്ചേരി കായലിലെ എക്കൽ നീക്കി മത്സ്യബന്ധനത്തിന് അനുയോജ്യമാക്കണമെന്നാവശ്യപ്പെട്ട് നൂറോളം വള്ളങ്ങൾ അണിനിരത്തി കായൽ സമരം സംഘടിപ്പിച്ചു. വേമ്പനാട്ട് കായലിെൻറ കൈവരിയായ കല്ലഞ്ചേരി കായൽ ഒരു കാലത്ത് മത്സ്യനിബിഡമായിരുന്നു. കടലിൽനിന്ന് ചൊറക്, തിരണ്ടി, ഉരത്തൽ, പ്രാഞ്ഞിൽ, എലച്ചിൽ തുടങ്ങിയ മത്സ്യങ്ങൾ പ്രജനനകാലയളവിൽ കല്ലഞ്ചേരി കായലിൽ എത്തി മുട്ടയിട്ട് മടങ്ങുമായിരുന്നു. എന്നാൽ, കായലിൽ എക്കലടിയുകയും പൊതുജനങ്ങൾ മാലിന്യങ്ങൾ എറിയുന്ന കുപ്പയാക്കി കായലിനെ മാറ്റുകയും ചെയ്തതോടെ കടൽ മത്സ്യങ്ങൾ കായലിലേക്ക് വരാതായി. കായൽ മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് കല്ലഞ്ചേരി കായലിനെ ആശ്രയിച്ച് ജീവിക്കുന്നത്. കായൽ ഡ്രഡ്ജ് ചെയ്ത് മത്സ്യബന്ധനത്തിന് സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സമരം കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് മാർട്ടിൻ ആൻറണി ഉദ്ഘാടനം ചെയ്തു. കല്ലഞ്ചേരി കായൽ മത്സ്യതൊഴിലാളി സമിതി പ്രസിഡൻറ് ഫാ.ഡോ. ആൻറണിറ്റോ പോൾ അധ്യക്ഷത വഹിച്ചു. ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി ജോസി, കൗൺസിലർ കെ.ആർ. പ്രേംകുമാർ, പഞ്ചായത്ത് അംഗം രത്തൻ, ചാൾസ് ജോർജ്, ഒ. ദാളോ, പ്രവീൺ ദാമോദര പ്രഭു, ഷൈജൽ വെളിയിൽ, ജോബി പനക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.