ആലപ്പുഴ: ഇറിഡിയം തട്ടിപ്പുകേസിൽ മുഖ്യഇടനിലക്കാരനും ഭാര്യയും മകളും അറസ്റ്റിൽ. മൂന്നാർ സ്വദേശി നൽകിയ പരാതിയിൽ വീയപുരം സ്വദേശിയും മുഖ്യപ്രതിയുമായ സജി ഔസേഫ്, ഭാര്യ ഷൈനി സജി, മകൾ റിയ അന്ന സജി എന്നിവരെ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരെ കോടതി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇറിഡിയം ലോഹം വിൽപനയിലൂടെ കോടികൾ വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികൾ ആലപ്പുഴ സെഷൻസ് കോടതിയിൽ മൂൻകൂർ ജാമ്യം തേടി. തുടർന്ന് ജാമ്യം അനുവദിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചു. ഇതനുസരിച്ച് ബുധനാഴ്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സജീവ് ചെറിയാന് മുന്നിൽ ഹാജരായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ ചോദ്യം ചെയ്തശേഷം ക്രൈംബ്രാഞ്ച് ഇവരെ കോടതിയിൽ ഹാജരാക്കി.
ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട് സജി ഔസേഫിന്റെ പേരിൽ നിലവിൽ 30 കേസുകളുണ്ട്. 2001 മുതൽ പരാതികളുണ്ടെങ്കിലും അറസ്റ്റ് ചെയ്യുന്നത് ഇപ്പോഴാണ്. അടുത്തിടെ എറണാകുളം, കോട്ടയം, ആലപ്പുഴ അടക്കമുള്ള ജില്ലകളിൽനിന്ന് 12 പരാതികളാണ് ലഭിച്ചത്. മൂന്നാർ സ്വദേശിക്ക് 1.6 കോടി രൂപ നഷ്ടമായതുമായി ബന്ധപ്പെട്ട് ജില്ല ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എറണാകുളം സ്വദേശി നടാഷ തട്ടിപ്പിലെ പ്രധാന ഇടനിലക്കാരിയായി പ്രവർത്തിച്ചു. മുഖ്യമന്ത്രിക്ക് ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്. ഇതിന് പിന്നാലെ പണം നഷ്ടമായ മൂന്നാർ സ്വദേശി വീയപുരം പൊലീസ് സ്റ്റേഷന് സമീപത്തെ സജി ഔസേഫിന്റെ വീട്ടിലെത്തി ഉപവാസമിരുന്നു.
ഇറിഡിയം വിൽപന നടത്തിയതിലൂടെ 96,000 കോടി രൂപ ‘രാജ്യമാണിക്യം’എന്നയാളുടെ പേരിൽ റിസർവ് ബാങ്കിൽ എത്തിയിട്ടുണ്ടെന്നും അത് മാറി എടുക്കാനുള്ള ചെലവിനും മറ്റുമായി സഹായിച്ചാൽ കോടികണക്കിന് രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. ഒരു ലക്ഷം നിക്ഷേപിച്ചാൽ ഒരുകോടി രൂപ ചുരുങ്ങിയത് നൽകുമെന്ന് ഉറപ്പുനൽകി. ഇത്തരത്തിൽ 10 ലക്ഷം മുതൽ രണ്ടുകോടി രൂപ വരെ വിവിധയാളുകളിൽനിന്ന് സജി ഔസേഫും സംഘവും തട്ടിയെടുത്തു. പണംതിരികെ കിട്ടാതെ വന്നതോടെയാണ് ഇരകൾ തട്ടിപ്പ് തിരിച്ചറിഞ്ഞത്.
തട്ടിപ്പിൽ കടുങ്ങി പണം നൽകുന്ന ഉന്നതരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചും വിശ്വസിപ്പിച്ചും അവരുടെ പരിചയക്കാരെയും ബന്ധുക്കളെയും മറ്റ് ഇടപാടുകാരെയും തട്ടിപ്പിനിരയാക്കുന്നതായിരുന്നു സജി ഔസേഫിന്റെ കേരളത്തിലെ രീതി. ചെന്നൈയിലെ താമസക്കാരായ രാജമാണിക്യം, അഹമ്മദ് ഷാ എന്നിവരാണ് ഇറിഡിയം തട്ടിപ്പിലെ പ്രധാന സൂത്രധാരന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.