ചെങ്ങന്നൂർ: സ്വാശ്രയസംഘത്തിെൻറ പുതിയ ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നിക്ഷേപകർ ഉപരോധിച്ചു. വായ്പ വാഗ്ദാനം നടത്തി നിക്ഷേപങ്ങൾ സ്വീകരിച്ച ശേഷം തട്ടിപ്പിനിരയായവരാണ് ചെങ്ങന്നൂരിലെ സ്വാശ്രയസംഘത്തിെൻറ പുതിയ ശാഖ ഓഫിസ് ഉപരോധിച്ചത്. ചെങ്ങന്നൂർ പുത്തൻവീട്ടിൽപടി ജങ്ഷനിൽ ശനിയാഴ്ച രാവിലെ 11ന് മുൻ മന്ത്രി ഇ.പി. ജയരാജനാണ് എൻ.ആർ.ഐ അക്ഷയശ്രീ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിെൻറ നാലാമത്തെ ശാഖയാണ് ഇതെന്നാണെന്ന് ജീവനക്കാർ പറയുന്നത്. ഓരോ പ്രദേശത്തും സ്ഥാപനത്തിെൻറ ശാഖകൾ തുറന്ന് ഫീൽഡ് സ്റ്റാഫിനെ ഉപയോഗിച്ച് നാട്ടിൽനിന്ന് അവരുടെ സ്വാധീനവലയത്തിൽ അംഗങ്ങളെ ചേർത്ത് പണം തട്ടുകയാണ് ഇവരുടെ പതിവുരീതിയെന്ന് പരാതിക്കാർ പറയുന്നു. 110 രൂപവീതം ആറുമാസം തുടർച്ചയായി അടച്ചാൽ അഞ്ചുലക്ഷം വരെ പണമോ സ്വർണമോ മറ്റ് സാധനങ്ങളോ ആയി നൽകാമെന്ന ഉറപ്പിന്മേൽ 12 പേരുടെ സമാന്തര സ്വാശ്രയസംഘങ്ങൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്. ഇത്തരത്തിൽ ഓരോ പഞ്ചായത്തുകളിൽനിന്നും നൂറുകണക്കിന് ഗ്രൂപ്പുകളാണ് ഇവരുടെ ബ്രാഞ്ചുകളിൽ അംഗങ്ങളായിട്ടുള്ളത്. വിവാഹം, വിദ്യാഭ്യാസം, വീട് നിർമാണം തുടങ്ങിയവക്ക് വായ്പ ലഭിക്കുമെന്ന പ്രതീക്ഷയോടെ പണം നിക്ഷേപിച്ച ഓരോരുത്തർക്കും 660 രൂപ വീതം നഷ്ടപ്പെട്ടതല്ലാതെ പ്രയോജനം ഉണ്ടായിട്ടില്ല. അംഗങ്ങളെ ചേർക്കാൻ ഫീൽഡ് സ്റ്റാഫായി പ്രവർത്തിച്ചവർക്ക് പലസ്ഥലങ്ങളിലും സ്ഥാപനം പൂട്ടിയതോടെ നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയായി. പലരും വാടകക്ക് വാഹനം വിളിച്ചാണ് ശനിയാഴ്ച ചെങ്ങന്നൂരിലെ ബ്രാഞ്ചിൽ എത്തിയത്. ചെങ്ങന്നൂരിലെ പുതിയ ബ്രാഞ്ചിെൻറ ഉദ്ഘാടന വിവരം അറിഞ്ഞ് പദ്ധതിയിൽ ചേരാൻ വന്നവരാണെന്ന വ്യാജേനയാണ് പണം നഷ്ടപ്പെട്ടവർ സ്ഥാപനത്തിെൻറ നടത്തിപ്പുകാരനെ ആദ്യം ബന്ധപ്പെട്ടത്. ഇതേതുടർന്നാണ് ശനിയാഴ്ച നേരിട്ടെത്തിയാൽ ഇയാളെ കാണാമെന്ന ഉറപ്പ് ലഭിച്ചത്. എന്നാൽ, സംഘമായി ഇവർ എത്തിയതോടെ പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ഇയാൾ ഉദ്ഘാടനം കഴിഞ്ഞ ഉടൻ ഉദ്ഘാടകെൻറ കാറിൽ സ്ഥലത്തുനിന്ന് മുങ്ങുകയായിരുെന്നന്നാണ് ആരോപണം. പണം നഷ്ടപ്പെട്ടവർ എത്തി ബഹളം ഉണ്ടാക്കിയതോടെ പൊലീസ് സംഘം സ്ഥലത്തെത്തി. സ്ഥാപനം തുടർന്ന് പ്രവർത്തനം നടത്താൻ അനുവദിക്കിെല്ലന്ന നിലപാടിലാണ് പരാതിക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.