കഞ്ചാവ് കടത്ത്; പ്രധാന വില്‍പനക്കാരനും ഏജന്‍റും പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ കഞ്ചാവ് എത്തിച്ച പ്രധാന വില്‍പനക്കാരനെയും വാങ്ങാനത്തെിയ ഏജന്‍റിനെയും ആലപ്പുഴ എക്സൈസ് എന്‍ഫോഴ്മെന്‍റ് ആന്‍ഡ് ആന്‍റി നര്‍കോട്ടിക്ക് സ്ക്വാഡ് പിടികൂടി. ശനിയാഴ്ച വൈകുന്നേരം ആലപ്പുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇരുവരും പിടിയിലായത്. തമിഴ്നാട് തിരുനെല്‍വേലിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി രാജീവ് (33), മണ്ണഞ്ചേരി പുത്തന്‍ചിറ വീട്ടില്‍ ചിക്കു എന്ന് വിളിക്കുന്ന ഷിജാസ് (22) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ കമ്പത്തുനിന്നുമാണ് രാജീവ് കഞ്ചാവ് എത്തിച്ചിരുന്നത്. ട്രാവല്‍ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രാജീവില്‍നിന്ന് കഞ്ചാവ് വാങ്ങാന്‍ എത്തിയതായിരുന്നു ഷിജാസ്. രഹസ്യവിവരത്തെ തുടര്‍ന്ന് ആലപ്പുഴ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍. ബാബുവിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ രാജീവ് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ഭാഗങ്ങളില്‍ സ്ഥിരമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാളാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. രാജീവ് സ്ഥിരമായി കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിച്ചാണ് കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്. മാന്യമായ വേഷം ധരിച്ച് ട്രാവല്‍ബാഗുമായി എത്തുന്ന ഇയാള്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് പെരുമാറുന്നത്. രാജീവില്‍നിന്ന് കഞ്ചാവ് വാങ്ങി ആവശ്യക്കാര്‍ക്ക് ചില്ലറയായി എത്തിച്ചുകൊടുക്കുന്നയാളാണ് ഷിജാസെന്ന് എക്സൈസ് പറഞ്ഞു. ഷിജാസിന്‍െറ പേരില്‍ അരൂര്‍, മണ്ണഞ്ചേരി എന്നിവിടങ്ങളിലും രാജീവിന്‍െറ പേരില്‍ ഹരിപ്പാട്, പുന്നല്ലൂര്‍ എന്നീ എക്സൈസ് സര്‍ക്കിളുകളിലും കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. ഇവരില്‍നിന്നും ഐ ഫോണുള്‍പ്പെടെ മൂന്ന് മൊബൈല്‍ ഫോണ്‍, ഒരു ബൈക്ക്, 10,000 രൂപ എന്നിവയും പിടിച്ചെടുത്തു. പ്രതികളെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ പ്രിവന്‍റീവ് ഓഫിസര്‍ കിഷോര്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ റെനി, അനില്‍ലാല്‍, അരുണ്‍, വിഷ്ണു, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.