ഇന്നത്തെ രാവ് പുലർന്നാൽ പുതു രശ്മിയുമായ് പുതുവര്‍ഷം പിറക്കപ്പെടും. പോയ വർഷം ജില്ലക്ക് ബാക്കി വെക്കുന്ന സന്തോഷങ്ങളും സന്താപങ്ങളും നിരവധിയാണ്. 2025 സമ്മാനിച്ച വികസന നേട്ടങ്ങൾ ഏറെയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ പ്രതീക്ഷ പകർന്ന് പുതിയ ഭരണ സമിതികൾ ചുമതലയേറ്റതാണ് ജില്ലയുടെ വലിയ പ്രതീക്ഷ. ആലപ്പുഴ നഗരത്തിൽ നാല്പാലം പൂർത്തിയായതും കോടതിപ്പാലം നിർമാണം തുടങ്ങിയതും നഗരത്തിന്റെ നേട്ടമാണ്. ആലപ്പുഴയുടെ വിപ്ലവ സൂര്യൻ വി.എസ്. അച്യുതാനന്ദന്റെ ജീവനെടുത്തതിലൂടെ നാടിനെ ദുഖത്തിലാഴ്ത്തിയ വർഷവുമാണ് 2025. ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും 2025 സമ്മാനിച്ച നേട്ടങ്ങളിലേക്കും കോട്ടങ്ങളിലേക്കും ഒരെത്തിനോട്ടം.
ആലപ്പുഴ: ജില്ലയുടെ നാഥനായിരുന്ന വി.എസ്. അച്യുതാനന്ദനെ നഷ്ടമായ വർഷമാണ് 2025. പൊരുതുന്ന അടിയാളരുടെ ജീവിതത്തിന് എന്നും പ്രകാശം പകർന്നിരുന്ന ആ വിളക്ക് അണഞ്ഞത് ജൂലൈ 21നാണ്. പി. കൃഷ്ണപിള്ളക്കും ടി.വി. തോമസിനും ശേഷം ആലപ്പുഴയുടെ തലയെടുപ്പായിരുന്നു കെ.ആർ. ഗൗരിയമ്മയും വി.എസ്. അച്യുതാനന്ദനും. 2021 മേയ് 11നാണ് ഗൗരിയമ്മയുടെ വിയോഗത്തിന് ജില്ല സാക്ഷ്യം വഹിച്ചത്. ജൂലൈ 23ന് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തിയപ്പോൾ തങ്ങളുടെ വിപ്ലവസൂര്യനെ അവസാന നോക്കുകാണാൻ കേരളമാകെ ആലപ്പുഴയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ജില്ല കണ്ട ഏറ്റവും വലിയ വിലാപയാത്രയായിരുന്നു അത്. 1938ൽ 15ാം വയസിൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായതുമുതൽ വി.എസ് തുടങ്ങിയ തൊഴിലാളികൾക്കുവേണ്ടിയുള്ള പോരാട്ടമാണ് 2025 ജൂലൈ മാസത്തിൽ അവസാനിച്ചത്.
അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് തുലാമാസത്തിലാണ് അദ്ദേഹം ജനിച്ചത്. പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ വി.എസ് 1940ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി. അവിടെ നിന്നും അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവെച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപവത്കരിച്ച കേരളത്തിൽ നിന്നുള്ള ഏഴു നേതാക്കളിൽ അവസാനത്തെയാളുടെ മടക്കത്തിനാണ് 2025 സാക്ഷ്യം വഹിച്ചത്.
ആലപ്പുഴയിലെ കയർ, കർഷക തൊഴിലാളികൾക്ക് വിശപ്പടങ്ങാനുള്ള കൂലി നേടികൊടുത്തതും അവിടുന്ന് അവരെ സ്വന്തം ഭൂമിക്കും വീടിനും ഉടമകളാക്കിയതും അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളായിരുന്നു. സമരങ്ങൾക്കും ശത്രുക്കളെ അടിച്ച് പായിക്കുന്നതിനും സഹപ്രവർത്തകരെ മുന്നിൽ നിന്ന് നയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ്. 2006 മെയ് 18-ന് കേരളത്തിന്റെ 11ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായുമിരിക്കെ കൈക്കൊണ്ട നടപടികളാണ് ആലപ്പുഴക്കും അപ്പുറം കേരളക്കരയാകെ നെഞ്ചേറ്റുന്ന നേതാവായി അദ്ദേഹത്തെ മാറ്റിയത്. ജൂലൈ 23ന് പുന്നപ്ര സഖാക്കൾ ഉറങ്ങുന്ന വിപ്ലവ വീര്യം അലയടിക്കുന്ന മണ്ണിൽ, വി.എസ്. എന്ന വിപ്ലവ സൂര്യൻ അന്ത്യവിശ്രമത്തിലേക്ക് കടന്നു.
അരൂർ : രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയുടെ നിർമാണം അവസാനഘട്ടത്തിലേക്ക്. 12. 75കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 75 ശതമാനം നിർമാണവും പൂർത്തിയായി. മാസങ്ങൾ മാത്രമാണ് കരാർ കാലാവധിയിൽ ബാക്കിയുള്ളത്. ഉയരപ്പാത നേട്ടത്തിലേക്ക് നടന്നടുക്കുമ്പോൾ അതിന്റെ നിർമാണം സൃഷ്ടിച്ച മുറിവുകൾ ഒരിക്കലും ഉണങ്ങാത്തതാണ്. പാതക്കായി 9.65 കിലോമീറ്റർ ദൂരം ഒറ്റത്തൂണിന് മുകളിൽ ഗാർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു. ചന്തിരൂർ, കുത്തിയതോട്, അരൂർ എന്നിവിടങ്ങളിൽ റാമ്പ് നിർമാണവും പുരോഗമിക്കുകയാണ്. എരമല്ലൂർ മോഹം ആശുപത്രിക്ക് സമീപം ടോൾ പ്ലാസയുടെ നിർമാണവും നടക്കുന്നുണ്ട്. 354 തൂണുകൾക്ക് മുകളിൽ 24.5 മീറ്റർ വിതിയിലാണ് രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത പൂർത്തിയാകുന്നത്. പൂർത്തിയാക്കാനുള്ള കഠിന പരിശ്രമത്തിലാണ് കരാർ കമ്പനിയും അധികാരികളും.
തുറവൂർ-അരൂർ ഉയരപ്പാത നിർമാണം ആരംഭിച്ചതിന് ശേഷം വ്യത്യസ്ത അപകടങ്ങളിൽ ഇതുവരെ പൊലിഞ്ഞത് 43 ജീവനുകൾ. ഇതിൽ ഭൂരിഭാഗവും ഇരുചക്ര വാഹന യാത്രക്കാരാണ്. ഇരുവശങ്ങളിലെയും സർവീസ് റോഡുകളുടെ ശോച്യാവസ്ഥയാണ് അപകടങ്ങൾക്ക് കാരണം. പിക്കപ്പ് വാൻ ഡ്രൈവർ ഗർഡർ വീണ് മരിച്ചതാണ് അവസാനത്തെ അപകടമരണം. തിരക്ക് ഒഴിവാക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കാര്യക്ഷമമായി നടപ്പാക്കാൻ പൊലീസ് തയാറാകാത്തതാണ് പാതയിലെ ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണം.
അരൂർ മണ്ഡലത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി പാലങ്ങൾ പൂർത്തിയാകുന്നു. പെരുമ്പളം പാലം പൂർത്തീകരണം അവസാനഘട്ടത്തിൽ എത്തിയത് നേട്ടമാണ്. നിന്നു പോയ മാക്കേടവ് നേരെ കടവ് പാലത്തിന്റെ നിർമാണം പുനരാരംഭിച്ചു. നിർമാണം അവസാന ഘട്ടത്തിലാണ്. അരൂർ - കുമ്പളങ്ങി പാലം പണി തുടങ്ങാൻ കഴിഞ്ഞതും 2025ലെ നേട്ടമാണ്.
അമ്പലപ്പുഴ: 2025 അമ്പലപ്പുഴ മണ്ഡലത്തിലെ ജനങ്ങൾക്ക് കയ്പും മധുരവും സമ്മാനിച്ച വര്‍ഷമായിരുന്നു. തീരമേഖലയിലെ ജനങ്ങള്‍ മുള്‍മുനയില്‍ കഴിയേണ്ടിവന്ന വര്‍ഷം കൂടിയാണ് കടന്നുപോയത്. വര്‍ഷാവര്‍ഷം കടലാക്രമണമാണ് അവരെ കണ്ണീരില്‍ ആഴ്ത്തിയിരുന്നതെങ്കിലും ഈ വർഷം മുങ്ങിയ കപ്പലിൽ നിന്ന് വേർപെട്ട കണ്ടെയ്നറുകളാണ്ദുരിതമായത്. മെയ് 23 നാണ് പുലിമുട്ട് നിര്‍മാണം തുടങ്ങിയത് ആശ്വാസമായി. കണ്ടയ്നറുമായി പോയ എം.എസ്.സി. എൽസ 3 എന്ന കപ്പലാണ് മേയ് 26ന് കൊച്ചിയില്‍ മറിഞ്ഞ് അപകടമുണ്ടായത്.
കണ്ടയ്നറുകള്‍ അമ്പലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ അടിഞ്ഞു. കപ്പലിൽ നിന്നും വേര്‍പെട്ട ലൈഫ് ബോട്ടാണ് ആദ്യം പറവൂര്‍ അറപ്പപ്പൊഴി തീരത്തടിഞ്ഞത്. തൊട്ടടുത്ത ദിവസം നീര്‍ക്കുന്നം തീരത്ത് കപ്പലില്‍ നിന്നും വേര്‍പെട്ട ഇന്ധന ടാങ്ക് അടിഞ്ഞു. ഇന്ധനം നിറച്ച ടാങ്ക് തിരമാലയില്‍പ്പെട്ട് കടല്‍ഭിത്തിയില്‍ ഇടിച്ച് തകരാനിടയുണ്ടെന്ന പൊലീസ് നിർദേശം പ്രദേശത്തെ ആശങ്കയിലാക്കി.
ഡെന്റല്‍ കോളജ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത് വിദ്യാര്‍ഥികളെയും രോഗികളെയും മധുരം രുചിപ്പിച്ച സംഭവമായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് കോളജ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ ആന്റ് ജി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാനായതും ജനങ്ങള്‍ക്ക് ആശ്വാസമായി.
ചികിത്സ തേടിയെത്തുന്ന സ്ത്രീകളുടെയും ഗര്‍ഭിണികളുടെയും തിരക്ക് കൂടിയതോടെ നിലവിലുണ്ടായിരുന്ന കെട്ടിടത്തിലെ പരിമിതികള്‍ക്ക് ഇതോടെ പരിഹാരമായി.
ഒരു നാടിന്റെ വികസന സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമായത്. വാഹനയാത്ര അന്യമെന്ന് കരുതിയിരുന്ന നാലുചിറക്കാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പാലം തുറന്നുകൊടുത്തതോടെ പുറക്കാട്, കരുവാറ്റ, ഇല്ലിച്ചിറ, കരിനില കാർഷിക മേഖലയുടെ വളർച്ചക്കുള്ള ഒരു ചുവട് കൂടിയാണ് യാഥാർഥ്യമായത്.
പരിമിതിയില്‍ നട്ടം തിരിഞ്ഞ ആലപ്പുഴ ജനറല്‍ ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത് നഗരവാസികള്‍ക്ക് ഏറെ ആശ്വാസമായി. കൂടാതെ മുപ്പാലം പൊളിച്ച് നാല്പ്പാലമാക്കിയത് ആലപ്പുഴയുടെ വിനോദസഞ്ചാര മേഖലക്ക് ഉണര്‍വേകി. കോടതിപ്പാലം പൊളിച്ച് പുതിയ റൗണ്ട് എബൗട്ട് ടേബിള്‍ നിര്‍മിക്കുന്നതോടെ ആലപ്പുഴയുടെ മുഖഛായ മാറുന്നതോടൊപ്പം ടൂറിസം മേഖലക്കും വികസന കുതിപ്പാകും. പുലരാനിരിക്കുന്ന 2026 പുതിയ വികസന നേട്ടങ്ങള്‍ പങ്കുവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്പലപ്പുഴ മണ്ഡലത്തിലുള്ളവര്‍.
കായംകുളത്ത് ആധുനിക മാലിന്യ സംസ്കരണ പദ്ധതി പ്രവർത്തനമാരംഭിച്ചത് 2025ലെ വലിയ നേട്ടമായി. ചേരാവള്ളി സ്വദേശി അലിഫ് അഷറഫിന് ഓസ്കാർ പുരസ്കാരം ലഭിച്ചത് കായംകുളത്തുകാർക്ക് അഭിമാനമായി. കായംകുളം കൊച്ചുണ്ണിക്ക് കായംകുളം കായലോരത്ത് സ്മാരകം നിർമിച്ചു. ടെക്നിക്കൽ സ്കൂൾ വിദ്യാർഥി നാദിം യന്ത്ര സൈക്കിൾ നിർമിച്ചത് നാടിനാകെ കൗതുകമായി. പ്രയാർ സ്വദേശി ശങ്കുവിന്റെ അഭ്യർഥന മാനിച്ച് അംഗൻവാടി മെനുവിൽ ബിരിയാണി ഉൾപ്പെടുത്തി. ചരക്ക്കപ്പൽ തകർത്ത് ഹൂത്തികൾ യമനിൽ തടവിലാക്കിയ കായംകുളം സ്വദേശി അനിൽകുമാറിന് മോചനം ലഭിച്ചത് നാടിനാകെ സന്തോഷം പകർന്നു.
ആലപ്പുഴ: 2025ലും നെൽകർഷകർക്ക് ആശ്വാസം പകരാനായില്ല. കൊയ്യുന്ന നെല്ല് ഏറ്റെടുക്കാൻ മില്ലുകാരില്ലാത്തതും ഏറ്റെടുക്കുന്നതിന് എത്തുന്ന മില്ലുകാർ പരിധിയിൽ കവിഞ്ഞ കിഴിവ് ചോദിക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളും കുട്ടനാടിന്റെ ശാപമായി 2025ലും തുടർന്നു. നെല്ലിന്റെ കിഴിവിനെ ചൊല്ലിയും ഔട് ടേൺ റേഷ്യോയെ ചൊല്ലിയും ഉള്ള തർക്കമാണ് നെല്ല് സംഭരണത്തിന് പ്രധാന തടസമാകുന്നത്. 100 കിലോ നെല്ലിന് 68 കിലോ അരി നൽകണമെന്ന (ഔട്ട് ടേൺ റേഷ്യോ) കേന്ദ്ര സർക്കാർ വ്യവസ്ഥ അംഗീകരിക്കാൻ മില്ലുകാർ തയാറാകുന്നില്ല.
64 കിലോ അരിയെ നൽകാനാവൂ എന്നാണ് മില്ലുകാരുടെ വാദം.66.5 കിലോ നൽകിയാൽ ബാക്കി തുക നഷ്ടപരിഹാരമായി നൽകാമെന്ന സംസ്ഥാന സർക്കാർ നിർദേശം മില്ലുടമകളുടെ സംഘടന അംഗീകരിക്കുന്നില്ല. സർക്കാർ വ്യവസ്ഥ അംഗീകരിച്ച് സംഭരിക്കാൻ തയാറായി നാല് മില്ലുകാർ സ്വന്തം നിലയിൽ മുന്നോട്ടുവന്നിട്ടുണ്ട്.ഇപ്പോൾ അവരാണ് സംഭരണം നടത്തുന്നത്. സാധാരണ 52 അരിമില്ലുകളാണ് സംസ്ഥാനത്ത് നെല്ല് സംഭരിക്കുന്നതിന് സർക്കാറുമായി കരാറിൽ ഏർപ്പെടാറുള്ളത്.
കായംകുളത്ത് പാചകവാത ടാങ്കർ മറിഞ്ഞ് ഒരു പകൽ നഗരം മുൾമുനയിൽ നിന്നത് 2025 ജനുവരിയിലായിരുന്നു. കോഴിവസന്ത ബാധിച്ച് വള്ളികുന്നത്ത് കൂട്ടത്തോടെ കോഴികൾ ചത്തതിനും നാട് സാക്ഷിയായി. ജൂലൈയിൽ ചരക്ക്കപ്പൽ തകർത്ത് കായംകുളം സ്വദേശി അനിൽകുമാറിനെ ഹൂത്തികൾ യമനിൽ തടവിലാക്കി. കെ.പി.എ.സി രാജേന്ദ്രന്റെ നിര്യാണം നാടിന്റെ നൊമ്പരമായി.
കണ്ടല്ലൂരിൽ അഭിഭാഷകനായ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചത് നാടിനെ നടുക്കി. നവംബർ 30നായിരുന്നു സംഭവം. കണ്ടല്ലൂർ തെക്ക് കളരിക്കൽ ജങ്ഷനിൽ പീടിക ചിറയിൽ നടരാജനാണ് ( ബെൻസ് നടരാജൻ -62) മരിച്ചത്. ഭാര്യ സിന്ധുവിനും (56) ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ മകൻ നവനീതിനെ (30) കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു.2018ൽ ആരംഭിച്ച തൃക്കുന്നപ്പുഴ ചീപ്പ് പാലത്തിന്റെ പുനർനിർമാണം എട്ടുവർഷം ആകുമ്പോഴും പൂർത്തിയാകാതെ കിടക്കുന്നത് പോയ വർഷത്തെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു. തുറവൂർ ഉയരപ്പാതയുടെ പണികൾക്കിടെ ഗർഡർ വീണുണ്ടായ അപകടത്തിൽ പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനത്തിൽ സി.ആർ. രാജേഷ് (48) നവംബർ 12 ന് മരണപ്പെട്ടു. കുടുംബത്തിന് നിർമാണ കമ്പനിയായ അശോക ബിൽഡ് കോൺ ലിമിറ്റഡ് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി.
ചെങ്ങന്നൂർ: പത്മശ്രീ മോഹൻലാൽ അടക്കമുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് രണ്ടാഴ്ചക്കാലം നീണ്ടു നിന്ന പതിനൊന്നാമത് ദേശീയ സരസ് മേള വൻ വിജയകരമാക്കിയാണ് ചെങ്ങന്നൂർ 2025ന് തുടക്കം കുറിച്ചത്. പെരുങ്കുളം പാടത്ത് സ്റ്റേഡിയവും നീന്തൽ കുളത്തിനുമായി 37 കോടിയും, ആലപ്പുഴ - പത്തനംതിട്ട ജില്ലകളിലൂടെയുള്ള മാവേലിക്കര - കോഴഞ്ചേരി എം.കെ. റോഡിൽ പുത്തൻകാവും- ആറാട്ടുപുഴയെയും ബന്ധിപ്പിക്കുന്ന ഐക്കാട് പാലം നിർമാണത്തിന് 04-44 കോടിയുടെ ഭരണാനുമതി ലഭിച്ചതും 2025ന്റെ നേട്ടമായി. സംസ്ഥാനത്തെ പത്ത് കഫെ കുടുംബശ്രീ പ്രീമിയം റെസ്റ്റാറന്റുകളിൽ ഒന്ന് എം.സി. റോഡിൽ തിരുവൻവണ്ടൂർ പഞ്ചായത്തിലെ കല്ലിശ്ശേരി ജങ്ഷനിൽ 77 ലക്ഷം രൂപ വിനിയോഗിച്ച് ആരംഭിച്ചു.
ചെങ്ങന്നൂർ മണ്ഡലത്തിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല. മാന്നാർ മുതൽ ആറൻമുള വരെ നീളുന്ന പൈതൃക ഗ്രാമം ടൂറിസം പദ്ധതി എല്ലാ വർഷവും കടലാസിൽ തന്നെ. കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങളും ഉൽപാദനവും ഇരട്ടിയാക്കുന്നതിന് ഉപകരിക്കുന്ന അപ്പർ കുട്ടനാടൻ കാർഷിക മേഖലയായ മാന്നാറിലെ മൂർത്തിട്ട -മുക്കാത്തിരി /മുക്കം - വാലയിൽ ബണ്ടു റോഡുകളുടെ നിർമാണം പൂർത്തീകരിക്കൽ വർഷങ്ങൾ പിന്നിട്ടിട്ടും യാഥാർഥ്യമായില്ല.
ആറു പതിറ്റാണ്ടിലേറെ പിന്നിട്ട ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കി പതിനൊന്നര കോടി മുടക്കി അത്യാധുനിക സ്റ്റേഷൻ നിർമിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായി ഒരു വർഷം ആയിട്ടും യാതൊരു തുടർ പ്രവർത്തനങ്ങളും കാണാനില്ല. യാത്രക്കാർ മഴയും വെയിലും മഞ്ഞും ഏൽക്കാൻ വിധിക്കപ്പെട്ടവരായി മാറി.
ജന്തു രസതന്ത്ര ശാസ്ത്രഞ്ജൻ ഡോ. ഇ.പി മാധവൻ ഭട്ടതിരി, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയുടെ മാതാവ് ദേവകിയമ്മ, പൊതു പ്രവർത്തകൻ അഡ്വ.സി പുഷ്പാംഗദൻ, മൂന്നുപതിറ്റാണ്ടായി മാധ്യമപ്രവർത്തകനായിരുന്ന സാജു ഭാസ്ക്കർ തുടങ്ങിയവരുടെ വേർപാടുകൾ ഇപ്പോഴും മനസുകളിൽ വേദനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.