പ്രതീകാത്മക ചിത്രം
ആലപ്പുഴ: ജില്ലയിൽ പലയിടങ്ങളിലും വളർത്ത് പക്ഷികൾ ചാകുന്നത് ആശങ്ക പരത്തുന്നു. എന്നിരുന്നാലും പുതുതായി പക്ഷിപ്പനി ബാധ എവിടെയും സ്ഥിരീകരിച്ചിട്ടില്ല. രോഗം നിയന്ത്രണവിധേയമായി എന്ന് പറയാൻ കഴിയുന്നുമില്ല. അമ്പലപ്പുഴ നോർത്ത്, സൗത്ത്, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷികൾ ചാകുന്നതായി കണ്ടെത്തിയത്. ഇവയുടെ സാമ്പിളുകൾ ശേഖരിച്ച് പ്രാഥമിക പരിശോധന നടത്തിയെങ്കിലും പക്ഷിപ്പനിയുടെ സൂചനയില്ലെന്ന് അധികൃതർ പറയുന്നു.
അതിനിടെ ഹോട്ടലുകളിൽ കോഴി വിഭവങ്ങൾ വിളമ്പുന്നതിന് ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ പ്രതിഷേധവുമായി ഹോട്ടലുടമകൾ രംഗത്തെത്തി. താറാവുകളുടെ കള്ളിങ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായി താറാവ് കർഷകരും രംഗത്തെത്തി.
പുതുതായി പക്ഷികൾ ചാകുന്നത് മറ്റെന്തെങ്കിലും രോഗത്താലാകാമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. പ്രാഥമിക പരിശോധനയിൽ രോഗബാധ സംശയിച്ചാൽ സാമ്പിൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ തിങ്കളാഴ്ച മുതൽ അണുനശീകരണം തുടങ്ങി. ജനുവരി ഒന്നുവരെ ശുചീകരണം തുടരും. പുതുതായി പക്ഷികൾ ചാകുന്നിടങ്ങളിൽ റൂബെല്ല, പാസ്റ്റുറെല്ല തുടങ്ങി മറ്റെന്തെങ്കിലും രോഗബാധയാണ് സംശയിക്കുന്നത്. അതിനുള്ള മരുന്നുകൾ വിതരണം ചെയ്യുന്നുമുണ്ട്.
ജില്ലയിലെ നീർത്തടങ്ങളിലേക്ക് ദേശാടന പക്ഷികളുടെ വരവ് വർധിച്ചിട്ടുണ്ട്. വടക്കേയിന്ത്യയിലും യൂറോപ്യൻ രാജ്യങ്ങളിലും തണുപ്പ് ഏറിയതോടെയാണ് ദേശാടന പക്ഷികൾ ഇവിടേക്ക് കൂടുതലായി എത്തുന്നത്. അവയാണ് രോഗം എത്തിക്കുന്നതെന്നാണ് കരുതുന്നത്. അതിനാൽ രോഗബാധ നിയന്ത്രണവിധേയമായി എന്ന് പറയാൻ കഴിയില്ല. വീണ്ടും എപ്പോൾ വേണമെങ്കിലും രോഗം പൊട്ടിപുറപ്പെടാമെന്ന അവസ്ഥയാണ്.
കൊന്നൊടുക്കുന്ന പക്ഷികൾക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും കഴിഞ്ഞ തവണ കൊന്നവക്ക് നൽകാൻ അവശേഷിക്കുന്ന തുകയും ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് താറാവ് കർഷകർ നഗരത്തിൽ പ്രകടനം നടത്തി.
ഇന്ന് ഹോട്ടലുകൾ അടച്ചിടും
ആലപ്പുഴ: പക്ഷിപ്പനി ബാധയെ തുടർന്ന് ഹോട്ടലുകളിൽ കോഴി താറാവ് വിഭവങ്ങൾ വിപണനം നടത്തുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് തടയുന്നതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് നാസർ ബി. താജ് അറിയിച്ചു. ഫ്രോസൺ ചിക്കൻ ഉപയോഗിച്ച് തയാറാക്കുന്ന വിഭവങ്ങൾ വിൽകാൻ അനുവദിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
തിങ്കളാഴ്ച ജില്ല കലക്ടറുമായി അസോസിയേഷൻ നേതാക്കൾ ചർച്ച നടത്തിയിരുന്നു. നിരോധന ഉത്തരവ് ഇറക്കി കഴിഞ്ഞതിനാൽ പിൻവലിക്കാനാവില്ലെന്നും ഉത്തരവിൽ പറയുന്ന ഒരാഴ്ച സമയപരിധി കഴിഞ്ഞാൽ ഇളവ് അനുവദിക്കുന്നത് പരിഗണിക്കാമെന്നുമാണ് കലക്ടർ പറഞ്ഞതത്രെ. നിയമം അനുശാസിക്കുന്ന നടപടികളാണ് ജില്ല ഭരണകൂടം കൈക്കൊണ്ടതെന്നും കലക്ടർ അറിയിച്ചു.
ചൊവ്വാഴ്ച നടത്തുന്നത് സൂചന സമരമാണെന്നും ഫ്രോസൺ ചിക്കൻ പോലും വിൽക്കാൻ അനുവദിക്കുന്നില്ലെങ്കിൽ അനിശ്ചിതമായി ഹോട്ടലുകൾ അടച്ചിടുമെന്നും അസോസിയേഷൻ പ്രസിഡന്റ് നാസർ ബി. താജും സെക്രട്ടറി എസ്. മനാഫും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.