കാർ തട്ടിയതിന്റെ പേരിൽ യുവാവിന് ക്രൂര മർദനം; 11 പേർക്കെതിരെ കേസ്

ആറാട്ടുപുഴ: റോഡ് മുറിച്ച് കടക്കാൻ നിന്ന യുവാവിനെ കാർ തട്ടിയതിന്റെ പേരിൽ ഡ്രൈവർക്ക് ക്രൂര മർദനം. ആറാട്ടുപുഴ നല്ലാണിക്കൽ കുളങ്ങരശേരിൽ അനിൽകുമാറിന്റെ മകൻ അനുവിനെയാണ്(29) ഒരു കൂട്ടം യുവാക്കൾ തല്ലിച്ചതച്ചത്. ആറാട്ടുപുഴ ലക്ഷംവീട്ടിൽ ഷാനവാസിന്റെ മകൻ അമീറിനാണ് (20) കാറിടിച്ച് പരിക്കേറ്റത്.

ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച രാത്രി എട്ടേ മുക്കാലോടെ ബസ് സ്റ്റാൻഡിനു വടക്ക് എ.സി പള്ളി ജങ്ഷന് സമീപത്തായിരുന്നു സംഭവം. കാറിന്റെ മിറർ റോഡരികിൽ നിന്ന അമീറിന്റെ ശരീരത്തിൽ തട്ടുകയും നിലത്ത് വീഴുകയുമായിരുന്നു. ഉടനെ കാർ മാറ്റി നിർത്തി പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുമ്പോഴാണ് ഒരു സംഘം യുവാക്കളെത്തി ഡ്രൈവറെ ക്രൂരമായി മർദിച്ചത്. കമ്പി വടികൊണ്ട് തലക്ക് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മരത്തടികൾ കൊണ്ടും കല്ലുകൾ കൊണ്ടും ആക്രമിച്ചു. മുഖം പൊട്ടി ചോര ഒഴുകി. ഒരു മണിക്കൂറോളം അക്രമം തുടർന്നു.

അക്രമം തടയാനെത്തിയവർക്കും മർദനമേറ്റു. ആഴ്ചകൾക്ക് മുമ്പ് വാങ്ങിയ കാറും അക്രമികൾ അടിച്ച് തകർത്തു. സംഭവമറിഞ്ഞ് അനുവിന്‍റെ പിതാവ് അനിൽകുമാറും ഭാര്യ ലക്ഷ്മിയും സ്ഥലത്തെത്തി കേണ് അപേക്ഷിച്ചിട്ടും അക്രമം തുടർന്നു. ചോരയൊലിച്ച് അവശനായി കിടന്ന അനുവിനെ ആശുപത്രിയിൽ എത്തിക്കാനും അനുവദിച്ചില്ല. പൊലീസ് വരട്ടെ എന്നായിരുന്നു മറുപടി. ഇതിനിടെ കൂടുതൽ നാട്ടുകാർ രംഗത്ത് വന്നതോടെ അക്രമി സംഘം രക്ഷപ്പെട്ടു.

പൊലീസിന്റെ സഹായത്തോടെ സുഹൃത്തുക്കൾ തൊട്ടടുത്ത ക്ലിനിക്കിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. കമ്പി കൊണ്ടുള്ള അടിയിൽ അനുവിന്‍റെ കണ്ണിന് മുകളിൽ മുറിവുണ്ട്. നാല് തുന്നലിട്ടു. വലതു കണ്ണ് തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. കാർ ഓടിച്ച് തെങ്ങില്‍ കൊണ്ടിടിക്കാനും അക്രമികൾ ശ്രമം നടത്തി. കാറിന് രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാർ തട്ടി വീണ അമീറിന്റെ കാലിന് ഒടിവുണ്ട്. കണ്ടാൽ അറിയാവുന്ന 11 പേർക്കെതിരെ പൊലീസ് കേസെടുത്തു.

Tags:    
News Summary - Youth brutally beaten for stealing car; Case filed against 11 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.