ശസ്ത്രക്രിയക്ക് ശേഷം നീക്കം ചെയ്തതായി പറയുന്ന ചില്ല്
അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിൽ പിഴവുണ്ടായി എന്നാരോപിച്ച് ആശുപത്രി സൂപ്രണ്ടിനും ജില്ല കലക്ടര്‍ക്കും അമ്പലപ്പുഴ പൊലീസിനും പരാതി നല്‍കി യുവാവ്. പുന്നപ്ര തെക്ക് പഞ്ചായത്ത് 19 ാം വാര്‍ഡ് കൊച്ചുപറമ്പ് വീട്ടില്‍ അനന്തുവാണ് (27) പരാതി നൽകിയത്. മെഡിക്കൽ കോളജിൽ കാലില്‍ തുന്നിക്കെട്ടിയ മുറിവില്‍ നിന്നും പിന്നീട് ചില്ല് നീക്കം ചെയ്തെന്ന് പരാതിയിൽ പറയുന്നു.
പുന്നപ്ര സാഗര സഹകരണ ആശുപത്രിയില്‍ ചൊവ്വാഴ്ച നടത്തിയ ശസ്ത്രക്രിയയിലാണ് ചില്ല് നീക്കം ചെയ്തത്. ജൂലൈ 17 നുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനന്തു ആദ്യം ചികിത്സ തേടിയത്. മുറിവുകള്‍ തുന്നിക്കെട്ടി പ്ലാസ്റ്റര്‍ ഇട്ട് രണ്ട് ദിവസത്തിന് ശേഷം വിട്ടയച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കാലിന് വേദനയുണ്ടായി ജോലിക്ക് പോകാന്‍ കഴിയാതായി. ഡിസംബർ 22 ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.
ഓര്‍ത്തോ വിഭാഗത്തിലെ പരിശോധനയിൽ കുഴപ്പമില്ലെന്നും പ്രമേഹം കാരണമാണ് തുന്നിക്കെട്ടിയ ഭാഗം പൊട്ടിയൊലിക്കാന്‍ കാരണമെന്നും അറിയിച്ചു. തുടര്‍ന്ന് 29 ന് മെഡിസിന്‍ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമാണെന്നും അതിനുള്ള കിടക്ക സൗകര്യം ഇല്ലെന്നും ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതായി അനന്തു പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പുന്നപ്ര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിറ്റേന്ന് ശസ്ത്രക്രിയ വിഭാഗം ഒ.പിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ചില്ല് ഉള്ളതായി അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.