ചെട്ടികുളങ്ങര കുംഭഭരണി: ഒരുക്കം പൂര്‍ണം

മാവേലിക്കര: ചെട്ടികുളങ്ങര കംഭഭരണിയോടനുബന്ധിച്ച് ഉത്സവദിനമായ മാര്‍ച്ച് മൂന്നിന് വിപുല ക്രമീകരണം ഏര്‍പ്പെടുത്തി. ഇത്തവണ ജില്ലയില്‍നിന്നും പുറത്തുനിന്നുമായി 15 കുത്തിയോട്ടങ്ങളാണുള്ളത്. പുലര്‍ച്ച ആറുമുതല്‍ എത്തുന്ന കുത്തിയോട്ടങ്ങളെ ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍െറ നേതൃത്വത്തില്‍ 13 കരകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 130 വളന്‍റിയര്‍മാരായിരിക്കും നിയന്ത്രിക്കുക. കുത്തിയോട്ടം നടത്തുന്ന വഴിപാട് വീട്ടുകാരുടെ 20 പേര്‍ക്കും ചൂരല്‍ മുറിയുന്ന കുട്ടികള്‍ക്കും ആശാനും കുത്തിയോട്ട സമിതിക്കാര്‍ക്കും മാത്രമെ നടപ്പന്തലില്‍ എത്തി ക്ഷേത്രസന്നിധിയില്‍ നില്‍ക്കാന്‍ അനുവാദമുള്ളൂ. ഇതിന് ബാഡ്ജ് നല്‍കും. വൈകുന്നേരം നാലുമുതല്‍ കെട്ടുകാഴ്ചവരവ് ആരംഭിക്കും. രാത്രി കുംഭഭരണി സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെട്ടുകാഴ്ച വരുന്ന വഴിയില്‍ രണ്ടിന് വൈകുന്നേരം മൂന്നുമുതല്‍ നാലിന് രാവിലെ എട്ടുമണിവരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. റസ്ക്യൂ വഴിയായി ക്ഷേത്രത്തില്‍നിന്ന് ഈരേഴ തെക്ക് കാരികുളങ്ങര റോഡ് മുതല്‍ കണ്ടിയൂര്‍ തെക്കേനടയിലേക്കുള്ള റോഡുവരെ വഴി ക്രമീകരിച്ചു. ക്ഷേത്രത്തിന്‍െറ നാല് വശങ്ങളിലും ഭരണിചന്ത, ചെട്ടികുളങ്ങര ചന്ത, നാല് വശങ്ങളിലെ ഇടറോഡുകള്‍ ഉള്‍പ്പെടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണ കാമറ സംവിധാനവും മൊബൈല്‍ പട്രോളിങ് എന്നിവയും മൂന്ന് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും. ക്ഷേത്രത്തിന്‍െറ കോമ്പൗണ്ടില്‍ ക്രമീകരിച്ച കാമറകള്‍ ഉള്‍പ്പെടെ നൂറോളം കാമറകളാണ് പൊലീസിന്‍െറ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പുറത്തുണ്ടാവുക. വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കാനായി കെ.എസ്.ഇ.ബിയും മൊബൈല്‍ ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലാകാതിരിക്കാന്‍ ബി.എസ്.എന്‍.എല്‍ എന്നിവയും പ്രവര്‍ത്തിക്കും. ക്ഷേത്രത്തിന്‍െറ നാല് വശങ്ങളിലും പാര്‍ക്കിങ് സൗകര്യം ഒരുക്കി. ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ പ്രസിഡന്‍റ് എം.കെ. രാജീവ്, സെക്രട്ടറി ആര്‍. രാജേഷ്, മറ്റ് ഭാരവാഹികളായ എ. മനോജ് കുമാര്‍, പി.കെ. റജികുമാര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.