കായംകുളം കായലോര ടൂറിസം പദ്ധതി മാര്‍ച്ചില്‍ നാടിന് സമര്‍പ്പിക്കും

കായംകുളം: കായംകുളം ഹൗസ്ബോട്ട് ടെര്‍മിനല്‍ അടക്കമുള്ള കായലോര ടൂറിസം പദ്ധതികള്‍ മാര്‍ച്ചില്‍ നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ടൂറിസം വകുപ്പ് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം കായംകുളം കായല്‍ത്തീരത്ത് ചേര്‍ന്നു. ഹൗസ്ബോട്ട് ടെര്‍മിനലുകള്‍, ജലോത്സവം വീക്ഷിക്കുന്നതിന് പവിലിയനുകള്‍, മത്സ്യകന്യകയുടെ ശില്‍പം, വാട്ടര്‍ഫൗണ്ടന്‍, ടീ കോര്‍ട്ട്, അലങ്കാര ദീപങ്ങള്‍, നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, ലാന്‍ഡ് സ്കേപ്പിങ്, പൊലീസ് ബൂത്ത്, കഫറ്റേരിയ, പാര്‍ക്കിങ് ഏരിയ, കവാടം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുന്നതിന് പ്രോജക്ട് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിഭാ ഹരി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടൂറിസം സ്റ്റേറ്റ് പ്ളാനിങ് ഓഫിസര്‍ വി.എസ്. സതീഷ്, ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ജോസഫ് സ്കറിയ, പ്രോജക്ട് എന്‍ജിനീയര്‍ ശരത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജയകുമാരി, കായംകുളം ടൂറിസം ഗ്രീന്‍ കാര്‍പറ്റ് മോണിറ്ററിങ് കമ്മിറ്റി കണ്‍വീനര്‍ പ്രേംജിത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.