ഓച്ചിറ പരബ്രഹ്മക്ഷേത്ര തെരഞ്ഞെടുപ്പ്: ഭരണസമിതി പാനലിന് പരാജയം; സാധുസംരക്ഷണ സമിതി അധികാരത്തിലേക്ക്

ഓച്ചിറ: പരബ്രഹ്മക്ഷേത്രത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണസമിതി പാനലിന് പരാജയം. പരബ്രഹ്മ സാധുസംരക്ഷണസമിതി അധികാരത്തിലേക്ക്. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിലെ പൊതുസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം മുന്‍ ജനറല്‍സെക്രട്ടറി അഡ്വ. കെ. ഗോപിനാഥനും പ്രഫ. എ. ശ്രീധരന്‍പിള്ളയും നേതൃത്വം നല്‍കിയ പാനലിന് വന്‍വിജയം. 265 സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 190 പേരും സാധുസംരക്ഷണസമിതിയുടെ പാനലില്‍ വിജയിച്ചവരാണെന്ന് സമിതി ചെയര്‍മാന്‍ പ്രഫ. എ. ശ്രീധരന്‍പിള്ളയും ജനറല്‍ കണ്‍വീനര്‍ കളരിക്കല്‍ ജയപ്രകാശും പറഞ്ഞു. ഒരു മാസമായി മൂന്ന് താലൂക്കുകളിലും പൊതുതെരഞ്ഞെടുപ്പിനെ വെല്ലുന്ന പ്രചാരണപ്രവര്‍ത്തനങ്ങളാണ് നടന്നത്. ഭരണസമിതി ഹൈടെക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയപ്പോള്‍ പ്രതിപക്ഷം കോണ്‍ഗ്രസ്-സി.പിഎം-സി.പി.ഐ പിന്തുണയോടെ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനമാണ് നടത്തിയത്. നിലവിലെ സെക്രട്ടറി സദാശിവന്‍െറ പാനലിലെ പ്രമുഖരെല്ലാം തോറ്റു. ഓച്ചിറ ക്ഷേത്രത്തെ ആര്‍.എസ്.എസിന്‍െറ ചൊല്‍പ്പടിയിലാക്കാന്‍ സെക്രട്ടറി ശ്രമിച്ചപ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്- സി.പി.എം- സി.പി.ഐ കക്ഷികള്‍ രാഷ്ട്രീയവൈരം മറന്ന് ഒന്നിക്കുകയായിരുന്നു. 52 കരകളിലെ 41 പ്രവര്‍ത്തകസമിതി അംഗങ്ങളും തങ്ങളോടൊപ്പമുണ്ടാകുമെന്ന് സാധുസംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.