മെഗാ ടൂറിസം പദ്ധതി: കായംകുളത്ത് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും –എം.പി

കായംകുളം: മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി കായംകുളം കായലോരത്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കായലുകള്‍ കേന്ദ്രീകരിച്ച് കേന്ദ്രസര്‍ക്കാറിന്‍െറ 52 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ എട്ട് കോടിയോളം രൂപയാണ് കായംകുളം കായലിലെ ടൂറിസം വികസനത്തിന് ചെലവഴിക്കുന്നത്. 6.25 കോടി രൂപയോളം ചെലവഴിച്ചു. 1.56 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് ബാക്കിയുള്ളത്. രണ്ടുമാസംകൂടി മാത്രമെ പദ്ധതിയുടെ കാലാവധിയുള്ളൂ. ഇതിനുമുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ച് ജനത്തിന് തുറന്നുകൊടുക്കണം. ഹൗസ്ബോട്ട് ജെട്ടിയടക്കം യാഥാര്‍ഥ്യമാകുന്നതോടെ കായംകുളത്തെ ടൂറിസം രംഗത്ത് വന്‍ വികസനസാധ്യതകളാണ് രൂപപ്പെടുന്നത്. കായലില്‍ ഖനനം പൂര്‍ത്തിയായാല്‍ മാത്രമെ ഹൗസ് ബോട്ടുകള്‍ക്ക് ഇങ്ങോട്ട് വരാനാകൂ. സാങ്കേതികതടസ്സങ്ങള്‍ കാരണം മുടങ്ങിക്കിടക്കുന്ന ഖനനം പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കണം. കായലോരത്ത് മനോഹര പൂന്തോട്ടവും കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളും സ്ഥാപിക്കണം. വിനോദസഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇതിന് ടൂറിസം മന്ത്രിക്ക് രേഖാമൂലം കത്ത് കല്‍കും. മെഗാടൂറിസം പദ്ധതി പൂര്‍ണമായി യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലയില്‍ വന്‍ സാധ്യതകള്‍ രൂപപ്പെടും. തണ്ണീര്‍മുക്കം മുതല്‍ കായംകുളംവരെയുള്ള കായലോരത്തിന് ഇതിന്‍െറ ഗുണഫലം അനുഭവിക്കാന്‍ കഴിയും. ഇതിന് യോജിച്ച ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. യു. മുഹമ്മദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബദാസ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാര്‍, ഡി.സി.സി ഭാരവാഹികളായ കെ. പുഷ്പദാസ്, എ.ജെ. ഷാജഹാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.