കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു

ആലപ്പുഴ: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തുന്ന നിസ്സഹകരണ സമരത്തില്‍ യാത്രക്കാര്‍ വലഞ്ഞു. രണ്ടുദിവസമായി നടക്കുന്ന സമരത്തില്‍ ബുധനാഴ്ച കൂടുതല്‍ യൂനിയനുകളും ജീവനക്കാരും പങ്കുചേര്‍ന്നതോടെ സര്‍വിസുകളില്‍ ഭൂരിഭാഗവും മുടങ്ങി. ആലപ്പുഴ ഡിപ്പോയിലെ 52 ശതമാനം സര്‍വിസുകളും മുടങ്ങി. ആലപ്പുഴയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള സ്കാനിയ ബസടക്കം ദീര്‍ഘദൂര സര്‍വിസുകളും ബുധനാഴ്ച ഓടിയില്ല. കെ.എസ്.ആര്‍.ടി.സി മാത്രമുള്ള ആലപ്പുഴ-ചങ്ങനാശേരി റൂട്ടില്‍ പണിമുടക്ക് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. 10 മിനിറ്റ് ഇടവിട്ട് സര്‍വിസ് ഉണ്ടാകുന്ന ഇവിടെ നാമമാത്ര എണ്ണമാണ് ഇന്നലെ ഉണ്ടായത്. ആലപ്പുഴ നഗരത്തില്‍ സ്വകാര്യബസുകള്‍ യാത്രക്കാര്‍ക്ക് സഹായകമായപ്പോള്‍ ഉള്‍പ്രദേശങ്ങളിലേക്ക് സര്‍വിസുകള്‍ ഇല്ലാതെവന്നത് ഗ്രാമീണ മേഖലയിലെ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. നാമമാത്രമായി ഓടിയ സര്‍വിസുകളില്‍ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയിലെ മറ്റ് ഡിപ്പോകളിലും പണിമുടക്ക് ഏറക്കുറെ പൂര്‍ണമായിരുന്നു. കായംകുളത്ത് രണ്ട് സര്‍വിസ് മാത്രമാണ് ഉണ്ടായത്. റീജനല്‍ വര്‍ക്ക്ഷോപ് പ്രവര്‍ത്തിക്കുന്ന മാവേലിക്കരയില്‍ 49 സര്‍വിസ് ഉള്ളതില്‍ ഏഴെണ്ണം മാത്രം നടന്നു. ചേര്‍ത്തലയിലും പണിമുടക്ക് ഏറക്കുറെ പൂര്‍ണമായിരുന്നു. ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുന്ന ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടാണ് ആദ്യം സമരവുമായി രംഗത്തത്തെിയത്. ബുധനാഴ്ച എ.ഐ.ടി.യു.സിയുടെയും ബി.എം.എസിന്‍െറയും തൊഴിലാളി സംഘടനകളും സമരത്തില്‍ പങ്കുചേര്‍ന്നു. ശമ്പളം നല്‍കാത്തതുമൂലം ഉണ്ടായ പ്രതിസന്ധി സി.ഐ.ടി.യു തൊഴിലാളി സംഘടനയെ വെട്ടിലാക്കിയിരിക്കുകയാണ്. ശമ്പളം ലഭിക്കാന്‍ ഇത്രയും ദിവസം വൈകിയിട്ടും പ്രതിഷേധ പരിപാടികള്‍ക്ക് തയാറാകാത്തത് സംഘടനക്കുള്ളില്‍നിന്നുതന്നെ വലിയ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.