താലൂക്ക് വികസന സമിതി യോഗം: മാലിന്യം തള്ളുന്നത് തടയാന്‍ പരിശോധന നടത്തും

ഹരിപ്പാട്: പൊതുസ്ഥലങ്ങളില്‍ ഇറച്ചിക്കോഴി മാലിന്യം തള്ളുന്നത് തടയാനായി ബന്ധപ്പെട്ട ഇടങ്ങളില്‍ പരിശോധന നടത്താനും മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്ത കോഴിക്കടകളുടെ ലൈസന്‍സ് റദ്ദാക്കാനും താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധനക്ക് നേതൃത്വം നല്‍കും. കായംകുളം റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷകള്‍ അമിതമായി കൂലി ഈടാക്കുന്നത് തടയുന്നതിനായി നഗരസഭ മുന്‍കൈയെടുത്ത് പ്രീപെയ്ഡ് സംവിധാനം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിന് റെയില്‍വേയുടെ അനുമതി തേടും. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് പൊലീസ്-എക്സൈസ് വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്താനും നടപടി സ്വീകരിക്കാനും തീരുമാനിച്ചു. കായംകുളം കരിപ്പുഴ കനാലിലെ ജലം മാലിന്യനിക്ഷേപം കാരണം പൊതുജന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഇത് തടയുന്നതിന് പൊലീസിന്‍െറ രാത്രികാല പട്രോളിങ് ശക്തമാക്കും. കായംകുളം ഗവ. ആശുപത്രിയിലെ മാലിന്യ സംസ്കരണ യൂനിറ്റ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും.യോഗത്തില്‍ പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി. മുരളീധരക്കുറുപ്പ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ മോളി ഉമ്മന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.