കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിക്ക് നല്‍കിയ ക്രെയിന്‍ തുരുമ്പെടുത്ത് നശിക്കുന്നു

മാന്നാര്‍: അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കുന്നതിനും അപകടം മൂലമുണ്ടാകുന്ന മാര്‍ഗതടസ്സം നീക്കം ചെയ്യുന്നതിനും വേണ്ടി കേന്ദ്രസര്‍ക്കാറിന്‍െറ നാഷനല്‍ ഹൈവേ ആക്സിഡന്‍റ് റിലീഫ് സര്‍വിസ് സ്കീം പ്രകാരം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പരുമലയിലെ സ്വകാര്യ ആശുപത്രിക്ക് നല്‍കിയ ക്രെയിന്‍ ആശുപത്രിക്ക് വടക്കുഭാഗത്തെ സ്വകാര്യ വര്‍ക്ഷോപ്പില്‍ തുരുമ്പെടുത്ത് നശിക്കുന്നു. ആശുപത്രിയുടെ 50 കിലോമീറ്റര്‍ പരിധിയില്‍പ്പെടുന്ന എം.സി റോഡ്, സംസ്ഥാനപാത എന്നിവിടങ്ങളില്‍ അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കുന്നതിന് ആധുനിക സംവിധാനങ്ങളോടുകൂടിയ ആംബുലന്‍സും ക്രെയിനുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നത്. ആശുപത്രിക്ക് സമീപമുള്ള സംസ്ഥാനപാതയില്‍ നിരവധി അപകടങ്ങള്‍ നടന്നെങ്കിലും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് ഇവ രണ്ടും ഉപയോഗിച്ചിട്ടില്ല. ആംബുലന്‍സ് എവിടെയാണെന്നത് പോലും ആര്‍ക്കും അറിയില്ല. സ്വകാര്യ ആശുപത്രിയുടെ കാര്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കുകയും പരാതി ഉണ്ടാകുമെന്ന് കണ്ട് സ്വകാര്യ വര്‍ക്ഷോപ്പില്‍ ക്രെയിന്‍ ഉപേക്ഷിച്ചിരിക്കുകയുമാണ്. ഇതുസംബന്ധിച്ച് സെന്‍റര്‍ ഫോര്‍ ലീഗല്‍ സര്‍വിസസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എഫ്. നൗഷാദ് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണറോട് ചോദിച്ച വിവരാവകാശത്തിന്മേല്‍ ഉള്ള മറുപടി കൗതുകമുണര്‍ത്തുന്നതാണ്. ഈ വാഹനങ്ങള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുന്നത് ആദ്യകാലങ്ങളില്‍ ഈ ക്രെയിനും ആംബുലന്‍സും ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. ഇപ്പോള്‍ ഈ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്താനുള്ള റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കാന്‍ തിരുവല്ല ജോയന്‍റ് ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് പറയുന്നത്. സംസ്ഥാനത്ത് വിവിധ ആശുപത്രികള്‍ക്കായി ഏഴ് ആംബുലന്‍സും ആറ് ക്രെയിനുകളുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ നല്‍കിയത്. ഈ വാഹനങ്ങള്‍ മുഴുവനും സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ പേരില്‍ തിരുവനന്തപുരം ജോയന്‍റ് ആര്‍.ടി.ഒയില്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഈ വാഹനങ്ങളെ പൂര്‍ണമായും നികുതിയില്‍നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.