ജില്ലാ വികസനസമിതി: വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഒക്ക് നിര്‍ദേശം

ആലപ്പുഴ: കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുട്ടനാട്ടിലെ തോടുകളിലെ വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഒക്ക് ജില്ലാ വികസനസമിതിയോഗം നിര്‍ദേശം നല്‍കി. കുട്ടനാട്ടിലെ 695 പേര്‍ക്കാണ് കാന്‍സര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കീടനാശിനികളുടെ അമിത ഉപയോഗം മൂലം ജലാശയങ്ങള്‍ മലിനമാകുന്നതായി വിലയിരുത്തപ്പെടുന്നു. അറ്റകുറ്റപ്പണി തീര്‍ത്ത 108 ആംബുലന്‍സുകള്‍ പരിശോധിച്ച് ഉടന്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആര്‍.ടി.ഒക്കും ജില്ലാ വികസനസമിതിയോഗം നിര്‍ദേശം നല്‍കി. ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി സഹായം എത്തിക്കാനും ദുരിതാശ്വാസ ക്യാമ്പില്‍ മുടങ്ങാതെ ഭക്ഷണം എത്തിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍െറ പ്രതിനിധി ആവശ്യപ്പെട്ടു. തീരപ്രദേശത്ത് മണ്ണെണ്ണ വില്‍പന കരിഞ്ചന്തയില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത ആര്‍.ഒ. പ്ളാന്‍റുകളുടെ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേകയോഗം വിളിക്കണമെന്ന് ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ പദ്ധതി പ്രവര്‍ത്തനം വിലയിരുത്തി. യോഗത്തില്‍ ജില്ലാ പ്ളാനിങ് ഓഫിസര്‍ ഇന്‍ ചാര്‍ജ് എസ്. സത്യപ്രകാശ്, കെ.സി. വേണുഗോപാല്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവരുടെ പ്രതിനിധികള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.