നദികളുടെ വിസ്തീര്‍ണം കുറയുന്നു; കുട്ടമ്പേരൂര്‍ ആറ് നാശത്തിലേക്ക്

മാവേലിക്കര: നദികളുടെ വിസ്തീര്‍ണം കൈയേറ്റം മൂലം കുറയുന്നു. പമ്പ, അച്ചന്‍കോവില്‍, കുട്ടമ്പേരൂര്‍ ആറ് എന്നീ നദികളില്‍ കൈയേറ്റങ്ങള്‍ വര്‍ധിക്കുകയാണ്. പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലം തമിഴ്നാട്ടിലേക്ക് എത്തിക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുമ്പോഴാണ് തദ്ദേശീയരുടെ വക കൈയേറ്റങ്ങള്‍ വര്‍ധിക്കുന്നത്. നദികളില്‍ അധിക ജലമില്ളെന്ന കേരളത്തിന്‍െറ നിലപാടിനെ ദേശീയ നദി ബന്ധന അതോറിറ്റി അംഗീകരിക്കുന്നില്ല. കൈയേറ്റം കാരണം കേരളീയ നദികള്‍ ചുരുങ്ങുന്നത് ബന്ധപ്പെട്ടവര്‍ അറിയുന്നില്ല. കൈയേറ്റത്തിനൊപ്പം നദികളുടെ ഒഴുക്കുഗതിയും മാറുന്നുണ്ട്. ഇതുമൂലം പുതിയ കരകള്‍ രൂപപ്പെടുകയാണ്. ചിലയിടങ്ങളില്‍ പതനങ്ങളും പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടല്‍ കാരണം ഇറിഗേഷന്‍ വകുപ്പിനോ തദ്ദേശസ്വയംഭണ സ്ഥാപനങ്ങള്‍ക്കോ നീതി നിര്‍വഹണം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണെന്നാണ് ആക്ഷേപം. കുട്ടമ്പേരൂര്‍ ആറിന്‍െറ സ്ഥിതി വളരെ മോശമാണ്. കൈയേറ്റങ്ങളും മാലിന്യ നിക്ഷേപവും കാരണം എട്ട് കിലോമീറ്ററോളം നീളമുള്ള ഈ നദി പൂര്‍ണമായും ഇല്ലാതാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. അച്ചന്‍കോവിലാറ്, പമ്പാനദി എന്നിവയെ ബന്ധിപ്പിക്കുന്ന എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ചെറു നദിയാണ് കുട്ടമ്പേരൂര്‍ ആറ്. വെള്ളം ഉണ്ടായിട്ടും മാലിന്യ നിക്ഷേപവും കൈയേറ്റവും പോളയും പായലും കാരണം നാശത്തിന്‍െറ വക്കിലേക്കത്തെി നില്‍ക്കുന്നു. മാവേലിക്കരക്ക് സമീപം അച്ചന്‍കോവിലാറ്റിലെ ഉളുന്തിയെന്ന ഭാഗത്തുനിന്ന് ആരംഭിച്ച് ഗ്രാമം, എണ്ണക്കാട്, ബുധനൂര്‍, പാണ്ടനാട് വഴി പരുമലയിലെ നക്കടയില്‍ പമ്പാനദിയുമായി ലയിക്കുന്നു. 40-50 മീറ്റര്‍ വീതിയുണ്ടായിരുന്ന ഈ നദി കൈയേറ്റവും മാലിന്യ നിക്ഷേപവും കാരണം ചുരുങ്ങി ഇന്ന് അഞ്ച്-10 മീറ്ററിലുള്ള ഒരു ഒഴുക്കില്ലാത്ത കനാലുപോലെയായി മാറിയിരിക്കുകയാണ്. കാലങ്ങള്‍ക്ക് മുമ്പ് മാവേലിക്കരയില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും ചങ്ങനാശ്ശേരി, കോട്ടയം ഭാഗത്തേക്ക് പോകണമെങ്കില്‍ കുട്ടമ്പേരൂര്‍ ആറ് വഴിയുള്ള ജലഗതാഗതമായിരുന്നു പ്രധാന ആശ്രയം. ഉതൃട്ടാതി ജലമേളക്കായി ആറന്മുളയിലേക്ക് പോകുന്ന ചെന്നിത്തല പള്ളിയോടത്തിന്‍െറ പ്രധാന പാത കൂടിയാണിത്. അച്ചന്‍കോവിലാറ്റിലെ വലിയപെരുംപുഴക്കടവില്‍നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കുട്ടമ്പേരൂര്‍ ആറ്, പമ്പാനദി എന്നിവ കടന്നാണ് ചെന്നിത്തല പള്ളിയോടം യാത്രയാകുന്നത്. കേവ്-കെട്ടുവള്ളങ്ങളുടെ കാലം കഴിഞ്ഞതോടെ ചെന്നിത്തല പള്ളിയോടവും മത്സ്യബന്ധന തൊഴിലാളികളുടെ വള്ളങ്ങളും മാത്രമാണ് ഇതുവഴി യാത്രചെയ്യുന്നത്. പള്ളിയോടത്തിന് ഏറ്റവും ദുര്‍ഘടമായ പാതകൂടിയായി മാറിയിരിക്കുകയാണ് ഇത്. ഇട്ടിനായര്‍ കടവ് മുതലുള്ള അഞ്ചുകിലോമീറ്റര്‍ ഭാഗം പൂര്‍ണമായും പായലും പോളയും മൂടിയ നിലയിലാണ്. ഇതുകാരണം 2013ല്‍ ചരിത്ര പ്രസിദ്ധമായ ആറന്മുള യാത്ര മുടങ്ങിയിരുന്നു. നദികളില്‍ കുറ്റിതാഴ്ത്തി മുള പരത്തിക്കെട്ടിയോ മണല്‍ചാക്കുകള്‍ അട്ടിവെച്ചോ പ്ളാസ്റ്റിക് മറകെട്ടിയുമാണ് കൈയേറ്റം. നദീതീര താമസക്കാര്‍ സര്‍ക്കാര്‍ ചെലവില്‍ പിച്ചിങ് കെട്ടിയും കൈയേറ്റങ്ങള്‍ നടത്തിവരുന്നു. മാവേലിക്കര പ്രായിക്കര, ചെന്നിത്തല വലിയപെരുംപുഴ, കുട്ടമ്പേരൂര്‍, കൊല്ലകടവ്, പരുമല, പന്നായി പാലങ്ങളില്‍ നിന്നാല്‍ കൈയേറ്റങ്ങളുടെ ഏകദേശചിത്രം കാണാന്‍കഴിയും. പന്നായിപാലത്തിന്‍െറ താഴെ പമ്പാ-മണിമല നദി സംഗമ സ്ഥാനത്തിന്‍െറ കിഴക്കും പടിഞ്ഞാറും തെക്കും ഭാഗങ്ങളില്‍ പുതിയ കരകള്‍ രൂപപ്പെട്ടിരിക്കുന്നു. നദി വിസ്തൃതി കുറഞ്ഞുവരുന്നതിനെതിരെ പ്രകൃതി സ്നേഹികളും രംഗത്തില്ളെന്നതാണ് നിലവിലെ അവസ്ഥ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.