ആറാട്ടുപുഴ: ദിവസങ്ങള്‍ നീണ്ട പ്രക്ഷുബ്ധാവസ്ഥക്കുശേഷം കടല്‍ അല്‍പമൊന്ന് ശാന്തമായപ്പോള്‍ തീരവാസികള്‍ക്ക് ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണം കടുത്ത ദുരിതമാണ് തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ വരുത്തിവെച്ചത്. കാലവര്‍ഷം തെല്ളൊന്നു ശമിച്ചതോടെ കടലും അല്‍പമൊന്നടങ്ങി. എന്നാല്‍, കാലവര്‍ഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ശക്തിപ്പെടുമെന്നുള്ളതിനാല്‍ ഇവരുടെ ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ആറാട്ടുപുഴ പഞ്ചായത്തിലെ പെരുമ്പള്ളി, രാമഞ്ചേരി, നല്ലാണിക്കല്‍, കള്ളിക്കാട് എ.കെ.ജി നഗര്‍ മുതല്‍ ബസ്സ്റ്റാന്‍ഡ് വരെയുള്ള ഭാഗം, എം.ഇ.എസ് ജങ്ഷന്‍ എന്നിവിടങ്ങളിലും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പ്രണവം ജങ്ഷന്‍, ചേലക്കാട്, പാനൂര്‍ പള്ളിമുക്ക് മുതല്‍ പല്ലന തോപ്പില്‍ ജങ്ഷന്‍ വരെയുമുള്ള ഭാഗത്താണ് കൂടുതല്‍ അപകടാവസ്ഥ. കടല്‍ ശമിച്ചുനില്‍ക്കുന്ന ഈ അവസരം ഉപയോഗപ്പെടുത്തി കടലാക്രമണം പ്രതിരോധിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇരു പഞ്ചായത്തുകളിലുമായി മുപ്പതോളം വീടുകള്‍ കടലാക്രമണ ഭീഷണി നേരിടുന്നു. നൂറുകണക്കിന് തെങ്ങുകളാണ് ഇതിനകം കടപുഴകിയത്. കടല്‍ഭിത്തി ദുര്‍ബല പ്രദേശങ്ങളില്‍ 30 മുതല്‍ 50 മീറ്റര്‍ വരെ വീതിയില്‍ തീരം കടലെടുത്തിട്ടുണ്ട്. ഒരുമാസം മുമ്പ് 80 ലക്ഷം രൂപ മുടക്കി പുനര്‍നിര്‍മിച്ച ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ കള്ളിക്കാട് വരെയുള്ള റോഡ് ഏറിയ ഭാഗവും തകര്‍ന്നുകഴിഞ്ഞു. ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് തീരവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.