വേമ്പനാട്ടുകായല്‍ തീരസംരക്ഷണഭിത്തി തകര്‍ന്നു; ഭീതിയോടെ സമീപവാസികള്‍

പൂച്ചാക്കല്‍: വേമ്പനാട്ടുകായലിന്‍െറ തീരസംരക്ഷണഭിത്തി തകര്‍ന്നത് സമീപവാസികളെ ഭീതിയിലാക്കി. പൂച്ചാക്കല്‍ ജെട്ടി, അമ്മത്തുശേരി, ആലുംമാരുങ്കല്‍, കുറ്റിക്കര, അരയങ്കാവ്, പാണാവള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് തീരസംരക്ഷണഭിത്തി തകര്‍ന്നത്. കായലില്‍ കാറ്റും കോളും തുടങ്ങിയാല്‍ പിന്നെ ഉറക്കമില്ലാത്ത രാവാണ് ഇവര്‍ക്ക്. 35 വര്‍ഷം മുമ്പാണ് മേഖലയില്‍ സര്‍ക്കാര്‍ സംരക്ഷണഭിത്തി നിര്‍മിച്ചത്. ഇത് തര്‍ന്നിട്ട് വര്‍ഷങ്ങളായി. ചില സ്ഥലങ്ങളില്‍ ഭൂവുടമകളായ സ്വകാര്യവ്യക്തികള്‍ സംരക്ഷണഭിത്തി അറ്റകുറ്റപ്പണി ചെയ്ത് നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇവയെല്ലാം തകര്‍ന്നിട്ടുണ്ട്. കായലിലെ മണല്‍ ഖനനം സംരക്ഷണഭിത്തിയുടെ തകര്‍ച്ചക്ക് ആക്കംകൂട്ടുകയാണ്. നിലവില്‍ കരയോടുചേര്‍ന്ന കായല്‍ ഭാഗങ്ങള്‍ ആഴം വര്‍ധിച്ച നിലയിലാണ്. ഖനനം കാരണം സംരക്ഷണഭിത്തിയുടെ അടിഭാഗത്തെ മണല്‍ ഒലിച്ചുപോവുകയാണ്. കരയിലേക്ക് തിരയടിക്കുന്നതും പ്രധാന കാരണമാണ്. ഫിഷറീസ് വകുപ്പ്, ജലവിഭവ വകുപ്പ്, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ക്കെല്ലാം സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. കുട്ടനാട് പാക്കേജില്‍പെടുത്തി സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതൊന്നും അധികൃതര്‍ പരിഗണിച്ചില്ല. തീരത്തെ തെങ്ങുകള്‍ കായലിലേക്ക് മറിയുന്നത് സാധാരണയാണ്. മഴക്കാലം കനക്കുന്നതോടെ ഇനി ആരെ സമീപിക്കണമെന്നറിയാതെ ഭീതിയിലാണ് ജനം. അടിയന്തരപ്രാധാന്യം നല്‍കി കായല്‍ സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.