മോദി അസഹിഷ്ണുതയുടെ വിത്തുപാകിയ പ്രധാനമന്ത്രി –കെ.സി. വേണുഗോപാല്‍

ആലപ്പുഴ: ഭാരതമണ്ണില്‍ അസഹിഷ്ണുതയുടെ വിത്തുപാകിയ പ്രധാനമന്ത്രി എന്ന നിലയിലായിരിക്കും നരേന്ദ്ര മോദിയെ ഭാവി ഭാരതം വിലയിരുത്തുകയെന്ന് കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. വിചാര്‍ വിഭാഗ് സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപവത്കരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തി താഴെയിട്ടാല്‍ ആര്‍.എസ്.എസുമായി സംസാരിക്കാമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. അതിനാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കുറെക്കൂടി വ്യക്തത കൈവന്നിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഫെബ്രുവരി 19, 20 തീയതികളില്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന വിചാര്‍ വിഭാഗ് സംസ്ഥാന സമ്മേളനത്തില്‍ 2000 പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചരിത്രപ്രദര്‍ശനവും സാംസ്കാരിക സമ്മേളനവും കലാസന്ധ്യയും ഉണ്ടാകും. 151 അംഗ സ്വാഗതസംഘത്തിന് യോഗം രൂപംനല്‍കി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ടൗണില്‍ സ്വാഗതസംഘം ഓഫിസ് തുറക്കാനും യോഗം തീരുമാനിച്ചു. വിചാര്‍ വിഭാഗ് സംസ്ഥാന ചെയര്‍മാന്‍ ഡോ. നെടുമുടി ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. വിചാര്‍വിഭാഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡോ. നെടുമ്പന അനില്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സഞ്ജീവ് അമ്പലപ്പാട്, ഡോ. അജിതന്‍ മേനോത്ത്, ഹരീന്ദ്രന്‍ കരിമ്പനപ്പാലം, മാത്യു സി. കുറ്റിശ്ശേരില്‍, ജോസഫ് ഇലവുംമൂട്, സംസ്ഥാന ട്രഷറര്‍ ശങ്കര്‍ കുമ്പളത്ത്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പ്രകാശ്കുമാര്‍ ചരളേല്‍, സി.സി. നിസാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ജി. മനോജ്കുമാര്‍, വിചാര്‍ വിഭാഗ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ഗുല്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.