ജീവനക്കാരുടെ പണിമുടക്ക്: സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു; ബോട്ട് സര്‍വിസുകള്‍ മുടങ്ങി

ആലപ്പുഴ: ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കുക, തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കി. പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കുമൂലം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്കൂളുകളുടെയും പ്രവര്‍ത്തനം പലസ്ഥലത്തും പൂര്‍ണമായും തടസ്സപ്പെട്ടു. പ്രവര്‍ത്തിച്ച സ്ഥാപനങ്ങളില്‍ ഹാജര്‍നില 50 ശതമാനത്തിലും താഴെയായിരുന്നു. പണിമുടക്കുമൂലം ജലഗതാഗത വകുപ്പിന്‍െറ ബോട്ട് സര്‍വിസുകള്‍ പൂര്‍ണമായും സ്തംഭിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സും അധ്യാപക സര്‍വിസ് സംഘടനാ സമരസമിതിയും സംയുക്തമായാണ് പണിമുടക്ക് നടത്തിയത്. കലക്ടറേറ്റില്‍ ആകെയുള്ള 207 ജീവനക്കാരില്‍ 47 പേര്‍ മാത്രമാണ് ജോലിക്കത്തെിയത്. ജില്ലാ ട്രഷറിയില്‍ 67ല്‍ 15പേരും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ 94ല്‍ 11ഉം ജീവനക്കാര്‍ മാത്രമാണ് ജോലിക്കത്തെിയത്. ആര്‍.ടി.ഒ, ഇറിഗേഷന്‍, പൊതുമരാമത്ത് നാഷനല്‍ ഹൈവേ, റോഡ്സ്, ബില്‍ഡിങ്സ് ഡിവിഷനുകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ബോട്ടുജെട്ടിയില്‍ ആകെയുള്ള 70 ജീവനക്കാരില്‍ മൂന്നുപേര്‍ മാത്രമാണ് ജോലിക്കത്തെിയത്. ജലഗതാഗത ഡയറക്ടറേറ്റില്‍ 60ല്‍ 12ഉം ഡോക്കില്‍ 97ല്‍ 30ഉം ആലപ്പുഴ നഗരസഭയില്‍ 100ല്‍ 43ഉം ജീവനക്കാരാണ് ഹാജരായത്. പല സ്ഥലത്തും ഓഫിസില്‍ എത്തിയവരെ തടയാന്‍ ശ്രമിച്ചതായി ആരോപണമുണ്ടായി. ഇതേച്ചൊല്ലി ജീവനക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കവും നേരിയ തോതില്‍ സംഘര്‍ഷാവസ്ഥയും ഉണ്ടായി. പണിമുടക്കിയ ജീവനക്കാരും അധ്യാപകരും വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കലക്ടറേറ്റിന് മുന്നില്‍ നടന്ന പ്രകടനം ആക്ഷന്‍ കൗണ്‍സില്‍ നേതാവ് എം.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സമരസമിതി നേതാക്കളായ ആര്‍. ഉഷ, സി. വാമദേവ്, പി.എസ്. സന്തോഷ്കുമാര്‍, കെ. വാമദേവ്, കെ.എസ്. രാജേഷ്, എം. ശങ്കരന്‍കുട്ടി, പി.എസ്. ശിവപ്രസാദ്, എസ്. ശുഭ, ഡി. സുധീഷ്, പി.ബി. കൃഷ്ണകുമാര്‍, ദിലീപ് തമ്പി, വി.കെ. രാജു, എല്‍. ദീപ, ശരത്ചന്ദ്രലാല്‍, ബി. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമരം വിജയിപ്പിച്ച ജീവനക്കാരെയും അധ്യാപകരെയും ജോയന്‍റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി യോഗം അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്‍റ് ജെ. ഹരിദാസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.