ബൈപാസ് നിര്‍മാണം: പൈലിങ് മൂന്നുമാസത്തിനകം പൂര്‍ത്തിയാകും

ആലപ്പുഴ: നിര്‍മാണം പുരോഗമിക്കുന്ന ആലപ്പുഴ ബൈപാസിന്‍െറ പൈലിങ് ജോലി മൂന്നുമാസത്തിനകം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍. ആകെ 398 പൈലാണ് സ്ഥാപിക്കുന്നത്. ഇതില്‍ 60 ശതമാനം പൈലുകളും സ്ഥാപിച്ചെന്ന് ദേശീയപാതാ വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഹരിലാല്‍ പറഞ്ഞു. മധുര ആസ്ഥാനമായുള്ള കോസ് കണ്‍സള്‍ട്ടന്‍സി സര്‍വിസാണ് പദ്ധതിയുടെ മുഖ്യകരാറുകാര്‍. ബൈപാസിന്‍െറ ഭാഗമായി കുതിരപ്പന്തി-മാളികമുക്ക് റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളെ ബന്ധിപ്പിക്കുന്ന എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനാണ് പൈലിങ് നടത്തുന്നത്. 348.43 കോടിരൂപയാണ് പദ്ധതിക്ക് നീക്കിവെച്ചിരിക്കുന്നത്. കേന്ദ്രവും സംസ്ഥാനസര്‍ക്കാറും 50:50 അനുപാതത്തിലാണ് പദ്ധതി വിഹിതം നല്‍കുന്നത്. 20ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്. ഇതിന് 44.62 കോടി രൂപയാണ് ചെലവിട്ടത്. കൊമ്മാടി മുതല്‍ കളര്‍കോട് വരെ നീളുന്ന ഏഴ് കി.മീ. ബൈപാസ് നിര്‍മാണം 2015 മാര്‍ച്ചിലാണ് ആരംഭിച്ചത്. നിര്‍മാണം പുരോഗമിക്കുന്നതിന് അനുസരിച്ചാണ് ഫണ്ട് അനുവദിക്കുക. അടുത്ത വര്‍ഷത്തോടെ ടാറിങ് ജോലി തുടങ്ങും. വിജയ പാര്‍ക്ക് മുതലുള്ള ഭാഗത്ത് പണി നടക്കുന്നതിനാല്‍ ഇതിലെ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ഒരുഭാഗത്തുനിന്ന് മാത്രമെ ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. പണി പൂര്‍ത്തിയാക്കിയശേഷം ഇവിടം പൂര്‍ണമായി ടാറിങ് നടത്തും. പൈലിങ്ങിനുശേഷം തൂണുകള്‍, ഗര്‍ഡറുകള്‍, റെയില്‍വേ ഓവര്‍ ബ്രിഡ്ജ് എന്നിവ സ്ഥാപിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ ഹൈവേ അതോറിറ്റിക്ക് സംതൃപ്തിയാണുള്ളത്. 2017 ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വെയിലിന്‍െറ കാഠിന്യം കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ജോലിയില്‍ ഇടവേളകള്‍ അനുവദി ച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.