ആലപ്പുഴ: റിസല്‍ട്ട് വരുന്ന ദിവസവും അഞ്ജലി രാവിലെ രോഗിയായ അച്ഛനെ ഡോക്ടറെ കാണിക്കാന്‍ അമ്മയുമൊത്ത് ആശുപത്രിയില്‍ പോയി. ആശുപത്രിയിലിരുന്നപ്പോഴാണ് ഫോണില്‍ സ്കൂളില്‍നിന്ന് വിളി വന്നത്. അഞ്ജലിയുടെ പ്രിയപ്പെട്ട ഹഫ്സ ടീച്ചര്‍ വിജയ വാര്‍ത്ത അറിയിച്ചതോടെ അമ്മയുടെയും മകളുടെയും മനസ്സില്‍ ആയിരം പൂത്തിരികള്‍ ഒരുമിച്ച് കത്തി. മണ്ണെണ്ണ വിളക്കിന്‍െറ വെട്ടത്തില്‍ വാടക വീട്ടിലിരുന്ന് പഠിച്ച അഞ്ജലിയുടെ വിജയത്തിന് സ്കൂളിന്‍െറ നൂറുമേനി വിജയത്തിനെക്കാളും തിളക്കമുണ്ട്. തുടര്‍ച്ചയായി ഒമ്പതാം തവണയും ആലപ്പുഴ ഗേള്‍സ് എച്ച്.എസ്.എസ് നൂറ് ശതമാനം വിജയം നേടിയിട്ടും സ്കൂള്‍ അധികൃതരെ സന്തോഷിപ്പിക്കുന്നത് എല്ലാ വിഷയങ്ങള്‍ക്കും എ.പ്ളസ് നേടിയ നിര്‍ധന വിദ്യാര്‍ഥി അഞ്ജലി.എം ന്‍െറ വിജയമാണ്. സ്കൂളില്‍ ഇത്തവണ പത്താം ക്ളാസ് പരീക്ഷ എഴുതിയ 42 പേരില്‍ അഞ്ജലിക്ക് മാത്രമാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് കിട്ടിയത്്. വിജയ വാര്‍ത്ത അറിഞ്ഞശേഷം സ്കൂളില്‍ എത്തിയ അഞ്ജലി തന്‍െറ അധ്യാപകരോടൊപ്പം ഏറെ നേരം ചെലവഴിച്ചാണ് മടങ്ങിയത്. അച്ഛന്‍ മണിയന്‍ രോഗിയായത് കാരണം ജോലിക്ക് പോകാന്‍ കഴിയില്ല. അമ്മ ഉഷ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. പഠിക്കാനാവശ്യമായ ചെലവുകള്‍ സ്കൂള്‍ അധികൃതരാണ് നല്‍കുന്നത്്. കഴിഞ്ഞ ഒരു വര്‍ഷക്കാലം അഞ്ജലിയും കുടുംബവും അഞ്ചോളം വീടുകളില്‍ മാറി മാറി താമസിച്ചു. വാടക വീട്ടില്‍നിന്ന് വാടക വീട്ടിലേക്ക് മാറുമ്പോഴും അതൊന്നും പഠനത്തെ ബാധിച്ചില്ല. പിന്നീട് ബന്ധുക്കളും മറ്റും ചേര്‍ന്ന് വാങ്ങിക്കൊടുത്ത മൂന്ന് സെന്‍റില്‍ ചെറിയ കൂര നിര്‍മിച്ചാണ് കുടുംബം താമസിക്കുന്നത്. ഈ കൊച്ചു മിടുക്കിക്ക് ഡോക്ടറും എന്‍ജിനീയറും ആകണ്ട വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആയാല്‍ മതി. അതിന് അമ്മ സമ്മതിക്കുമോയെന്ന ആശങ്ക ആ കുഞ്ഞുമുഖത്തുണ്ട്. അഞ്ജലി ഈ സ്കൂളില്‍ തന്നെ ഹയര്‍ സെക്കന്‍ഡറിക്ക് എത്തണമെന്നാണ് ആഗ്രഹമെന്ന് ഹെഡ്മിസ്ട്രസ് ഓള്‍ഗ മേരി റോഡ്രിഗ്സ് ‘മാധ്യമ’ത്തോട് പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിന് അഞ്ജലിയുടെ തുടര്‍ പഠന ചെലവുകള്‍ താങ്ങാനാവില്ല. സന്മനസ്സുള്ളവര്‍ കൈ കോര്‍ത്താല്‍ ഈ മിടുക്കി നാളെ ഉന്നതങ്ങളില്‍ എത്തിച്ചേര്‍ന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.