ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം നല്‍കല്‍ നിര്‍ബന്ധമാക്കും

ആലപ്പുഴ: ഇതരസംസ്ഥാന തൊഴിലാളികളെ പണിസ്ഥലങ്ങളില്‍ നിയോഗിച്ചിട്ടുള്ളവര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലോ പൊലീസ് സ്റ്റേഷനിലോ തൊഴിലാളികളെപ്പറ്റിയുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ കൂടിയ തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് അവരെ നിയോഗിച്ച കരാറുകാര്‍ക്ക് യാതൊന്നും അറിയാത്ത സ്ഥിതിയുണ്ടെന്ന് ഡി.വൈ.എസ്.പി സേവ്യര്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പൊലീസോ ബന്ധപ്പെട്ട വകുപ്പോ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും പൊലീസ് സ്്റ്റേഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം എല്ലാ മാസവും ചേരണമെന്നും തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കരാറുകാരുടെയും ഹോട്ടല്‍- റെസ്റ്റാറന്‍റ് അസോസിയേഷനുകളുടെയും യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. തൊഴിലാളി സംഘടനാ പ്രതിനിധികളായ പി.വി. പവനന്‍, സി.ജി. ഗോപകുമാര്‍, ബാബു ജോര്‍ജ്, ഡിവൈ.എസ്.പി സേവ്യര്‍ സെബാസ്റ്റ്യന്‍, ജില്ലാ ലേബര്‍ ഓഫിസര്‍ എസ്. ഗോപകുമാര്‍, തഹസില്‍ദാര്‍മാരായ പി.വി. സജീവ്, പി. സുനില്‍കുമാര്‍, ജെസിക്കുട്ടി മാത്യൂ, പി.എസ്. സ്വര്‍ണമ്മ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.