വടുതല (ആലപ്പുഴ): ലതാമങ്കേഷ്കറുടെ സത്യം ശിവം സുന്ദരം എന്ന ഹിന്ദിഗാനം അതേ സ്വരശുദ്ധിയില്‍ ആലപിച്ച് സാക്ഷാല്‍ ലതാമങ്കേഷ്കറെ തന്നെ വിസ്മയിപ്പിച്ച് പ്രശംസ ഏറ്റുവാങ്ങിയ ജയലക്ഷ്മി മുംബൈയിലെ താരമായിമാറുന്നു. മലയാളത്തിന്‍െറ ഭാവഗായകനായ പി. ജയചന്ദ്രനോടൊപ്പം മുംബൈ ബേലാപ്പൂരില്‍ ഓലഞ്ഞാലിക്കുരുവി... എന്ന ഗാനം ആലപിച്ച് ജയലക്ഷി സംഗീത പ്രേമികളെ വിസ്മയിപ്പിച്ചു. ബേലാപ്പൂരില്‍ ഒരു സ്വകാര്യ പരിപാടിയിലാണ് ജയചന്ദ്രന്‍െറ പ്രത്യേക ക്ഷണം സ്വീകരിച്ച് ജയലക്ഷ്മി പാടാന്‍ എത്തിയത്. ഉത്തരേന്ത്യയിലെ ജനങ്ങള്‍ എറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട കേരളത്തിന്‍െറ കൊച്ചു വാനമ്പാടി ജയലക്ഷ്മിയും കുടുംബവും ഹിന്ദുസ്ഥാനി സംഗീതം പഠിക്കണമെന്ന മോഹവുമായാണ് മുംബൈയിലേക്ക് വണ്ടികയറിയത്. കഴിഞ്ഞ ആറുമാസമായി വസായിലെ സ്റ്റെല്ലയില്‍ താമസിക്കുകയാണ് ഈ കുടുംബം. വസായിലെ ബസില്‍ കേരളസമാജം (ബി.കെ.എസ് ) സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ് ഈ ഗായിക ഇന്ന്. ഹിന്ദി, മറാഠി ചലച്ചിത്ര പിന്നണി ഗായകന്‍ സുരേഷ് വാഡ്കറുടെ അജീവാസന്‍ മ്യൂസിക് അക്കാദമിയില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുകയാണിപ്പോള്‍. ലതാമങ്കേഷ്കറിന്‍െറ ഹിറ്റ് ഗാനമായ സത്യം ശിവം സുന്ദരം എന്ന ഗാനം മനോഹരമായി പാടി യൂട്യൂബില്‍ തരംഗമായപ്പോള്‍ അത് പാടിയ ഈ കേരളത്തിന്‍െറ കൊച്ചു വാനമ്പാടിയെ ലോകത്തിന് പരിചയപ്പെടുത്താന്‍ ഉത്തരേന്ത്യന്‍ ടി.വി ചാനല്‍ വേണ്ടി വന്നിരുന്നു. കേരളം കാണാതെ പോയ ഈ കൊച്ചു ഗായിക ജയലക്ഷ്മിയെ കേരള കോകില എന്ന പേരിട്ട് ഉത്തരേന്ത്യന്‍ ചാനലുകള്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഉയര്‍ത്തിക്കാട്ടി. ചേര്‍ത്തല ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ വിമുക്തഭടന്‍ കളത്തുംവാതുക്കല്‍ ജയകുമാറിന്‍െറയും പ്രീതയുടെയും മകളാണ് ജയലക്ഷ്മി. വീട്ടിനകത്ത് ചമ്രം പടിഞ്ഞിരുന്ന് സത്യം ശിവം സുന്ദരം പാടി മൊബൈലില്‍ പകര്‍ത്തി യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്ത വിഡിയോ ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. ദീപാവലി അവധിക്ക് മൂന്ന് ആല്‍ബങ്ങളിലായി 15 ഗാനം പാടിയിരുന്നു. ജയലക്ഷ്മിക്ക് ഫേസ് ബുക്കില്‍ 40000ല്‍ ലധികം ഫോളോവേഴ്സും ഉണ്ട്. പഠനത്തില്‍ മിടുക്കിയായ ജയലക്ഷ്മിക്ക് സംഗീതം പഠിച്ച് ഉയരങ്ങള്‍ കീഴടക്കനാണ് താല്‍പര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.