ശ്രീനാരായണഗുരു ജയന്തിക്ക് ഒരുക്കങ്ങളായി

ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എസ്.എന്‍.ഡി.പി ശാഖകളുടെയും ഇതര ശ്രീനാരായണ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു ജയന്തി ഞായറാഴ്ച ആഘോഷിക്കും. ഇതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി എസ്.എന്‍.ഡി.പി യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. അമ്പലപ്പുഴ എസ്.എന്‍.ഡി.പി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ താലൂക്കിലെ ശ്രീനാരായണ ഭവനങ്ങളും ശാഖായോഗങ്ങളും ഗുരുമന്ദിരങ്ങളും പ്രധാന വീഥികളുമെല്ലാം പീതപതാകകള്‍കൊണ്ട് അലങ്കരിച്ചു. ശാഖാതലങ്ങളിലാണ് ജയന്തി ആഘോഷം സംഘടിപ്പിക്കുക. വിളംബരജാഥകള്‍, വാഹനറാലികള്‍ എന്നിവ നടത്തി. ഞായറാഴ്ച രാവിലെ ശാഖാ ആസ്ഥാനങ്ങളില്‍ ഗുരുപ്രാര്‍ഥനയും വിശേഷാല്‍ പൂജകളും നടക്കും. ഉച്ചക്കുശേഷമാണ് ഘോഷയാത്ര. ചതയദിന സമ്മേളനം, ഗുരുപ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിക്കുമെന്ന് യൂനിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ പറഞ്ഞു. കുട്ടനാട് മാമ്പുഴക്കരിയില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ്. ശാഖയുടെ ഓഡിറ്റോറിയത്തിന്‍െറ സമര്‍പ്പണം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും. കുട്ടനാട് യൂനിയന്‍ പ്രസിഡന്‍റ് അഡ്വ. പി.പി. മധുസൂദനന്‍ അധ്യക്ഷത വഹിക്കും. ചേര്‍ത്തല ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചതയദിനാഘോഷത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. വടക്കനാര്യാട് ശാഖയില്‍ നടക്കുന്ന ജയന്തി സമ്മേളനം അമ്പലപ്പുഴ എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് കലവൂര്‍ എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. മണ്ണഞ്ചേരി വലിയവീട് ശാഖയില്‍ നടക്കുന്ന സമ്മേളനം ഡോ. തോമസ് ഐസക് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.