ആലപ്പുഴ: ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍മാരോട് ഉദ്യോഗസ്ഥര്‍ അവഗണന കാട്ടിയതില്‍ നെഹ്റു ട്രോഫി ജലമേളയുടെ വേദിയില്‍ പ്രതിഷേധം അലയടിച്ചു. വള്ളംകളിയുടെ ഉദ്ഘാടനത്തിന് അരമണിക്കൂര്‍ മുമ്പാണ് സംഭവം. വിശിഷ്ടാതിഥികള്‍ക്കുള്ള പ്രത്യേക ഇരിപ്പിടങ്ങളും അതിന് പിറകില്‍ ഉദ്യോഗസ്ഥരുടെ ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ, കോണ്‍ഗ്രസ് അംഗങ്ങളായ ബി. മെഹബൂബ്, ബഷീര്‍ കോയാപറമ്പന്‍, ഇടത് അംഗങ്ങളായ അല്‍ത്താഫ്, രമേശന്‍ തുടങ്ങി നിരവധി വനിത കൗണ്‍സിലര്‍മാരും ആ ഭാഗത്തെ ഇരിപ്പിടങ്ങളില്‍ ഇരുന്നു. എന്നാല്‍, കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാനുള്ള സ്ഥലമല്ളെന്നും വിശിഷ്ടാതിഥികള്‍ക്കുള്ള ഭാഗത്ത് ഇരിക്കാന്‍ പാടില്ളെന്നും ആര്‍.ഡി.ഒ ബാലമുരളി നിര്‍ദേശിച്ചു. കലക്ടര്‍ എന്‍. പത്മകുമാറും കൗണ്‍സിലര്‍മാര്‍ ഈ ഭാഗത്തുനിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു. ഏറെ സമയമായി തങ്ങള്‍ ഇവിടെ അവഗണിക്കപ്പെട്ട് ആക്ഷേപത്തിന് ഇരയായി കഴിയുകയാണെന്നും ഇനി സഹിക്കാന്‍ കഴിയില്ളെന്നും പറഞ്ഞ് രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒത്തുകൂടി. നെഹ്റു ട്രോഫി ജലമേള ആലപ്പുഴയിലെ കൗണ്‍സിലര്‍മാര്‍ ബഹിഷ്കരിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇടത്-വലത് ഭേദമന്യേ ഉറച്ചനിലപാടെടുത്ത അവര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടു. ബഹളം നിറഞ്ഞ സമയമായിരുന്നു അത്. സംസ്ഥാനത്തിന് പുറത്തുനിന്നും വന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരും കുടുംബങ്ങളും വിദേശത്തുനിന്ന് വന്ന പ്രമുഖരും വി.വി.ഐ.പി നിരയുടെ പിറകിലുണ്ടായിരുന്നു. കാര്യമെന്തെന്ന് അറിയാതെ അവര്‍ ബഹളംകേട്ട് അന്തംവിട്ടു. പൊലീസും ഉദ്യോഗസ്ഥന്മാരും കാര്യങ്ങള്‍ പറഞ്ഞിട്ടും കൗണ്‍സിലര്‍മാര്‍ വഴങ്ങിയില്ല. പ്രതിഷേധിച്ച് ഇറങ്ങുകയാണെന്ന് ആവര്‍ത്തിച്ചെങ്കിലും വിഷയം ഒത്തുതീര്‍പ്പാക്കാന്‍ കലക്ടറും ശ്രമിച്ചില്ല. ചെയര്‍പേഴ്സണ് ഇരിക്കാനുള്ള ഇരിപ്പിടം മുന്നിലുണ്ടെന്നും മറ്റുസ്ഥലങ്ങളില്‍ ആരൊക്കെ ഇരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സഹകരിക്കേണ്ട കൗണ്‍സിലര്‍മാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്ത് അകലെയിരുന്ന സി.കെ. സദാശിവന്‍ എം.എല്‍.എയും വിഷയത്തില്‍ ഇടപെട്ടില്ല. ജലമേളയുടെ തിരക്കുമൂലം മുമ്പ് തനിക്ക് സീറ്റുകിട്ടാതെ പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധവും ഭീഷണിയും വിലപ്പോവില്ളെന്ന് മനസ്സിലാക്കിയ കൗണ്‍സിലര്‍മാര്‍ അവസാനം കെ.സി. വേണുഗോപാല്‍ എം.പിയും കേന്ദ്രമന്ത്രിയും ഒക്കെ എത്തിയതോടെ അടങ്ങി. അവസാനം ഉള്ള സ്ഥലത്തിരുന്ന് അവര്‍ കളി കണ്ട് നേരത്തേ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.