ചേര്‍ത്തല: ഓപറേഷന്‍ കുബേരയില്‍നിന്ന് രക്ഷപ്പെടാന്‍ ട്രസ്റ്റുകള്‍ മറയാക്കുന്നതായി ആക്ഷേപം. തകര്‍ച്ചയിലായ കയര്‍ മേഖലയിലെയും മത്സ്യ മേഖലയിലെയും തൊഴിലാളികള്‍ കൂടുതലായുള്ള ജില്ലയുടെ വടക്കന്‍ മേഖലയിലാണ് ബ്ളേഡുകാര്‍ ചേര്‍ന്ന് ട്രസ്റ്റുകള്‍ രൂപവത്കരിച്ച് പലിശയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ബാങ്കുകളില്‍ നിന്നും സഹകരണ സംഘങ്ങളില്‍നിന്നും സാധാരണക്കാര്‍ക്ക് വായ്പയെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ബ്ളേഡുകാര്‍ ഒത്തുചേര്‍ന്ന് ട്രസ്റ്റുകള്‍ രൂപീകരിക്കുകയാണിവിടെ ചെയ്യുന്നത്. ട്രസ്റ്റുകള്‍ മുഖേന നല്‍കുന്ന വായ്പകള്‍ക്ക് പിന്നീട് ഇവര്‍ അമിത പലിശ ഈടാക്കുകയാണ് പതിവ്. ട്രസ്റ്റുകള്‍ മുഖാന്തരം വായ്പ നല്‍കുന്നതു മൂലം ഓപറേഷന്‍ കുബേരയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ക്കു കഴിയുന്നു. അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീകളും ചെയ്യുന്നതുപോലെ വായ്പക്കുടിശ്ശിക വന്നാല്‍ ബ്ളേഡുകാര്‍ ഒത്തു ചേര്‍ന്ന് വായ്പക്കാരന്‍െറ വീട്ടില്‍ച്ചെന്ന് ബഹളംവെക്കുകയാണ് ചെയ്യുന്നത്. കോടംതുരുത്ത് പഞ്ചായത്തില്‍ വായ്പ കുടിശ്ശിക വരുത്തിയതിന്‍െറ പേരില്‍ രണ്ടാഴ്ച മുമ്പ് സ്വന്തമായി പീലിങ് ഷെഡ് നടത്തുന്നയാളെ വിട്ടില്‍നിന്നിറക്കി മര്‍ദിച്ച സംഭവമുണ്ടായി. എന്നാല്‍, വെറും അടിപിടി കേസാക്കി പൊലീസ് ഈ സംഭവത്തെ നിസ്സാരമാക്കിയെന്നാണ് നാട്ടുകാര്‍ ആക്ഷേപിക്കുന്നത്. ഓപറേഷന്‍ കുബേരയില്‍നിന്ന് രക്ഷപ്പെട്ടുനില്‍ക്കുന്ന ബ്ളേഡുകാരെ പിടികൂടാന്‍ അവസരം ലഭിച്ചിട്ടും പൊലീസ് സംഭവത്തെ നിസ്സാരവത്കരിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി. പരമ്പരാഗത തൊഴില്‍മേഖല തകര്‍ന്ന ജില്ലയുടെ വടക്കന്‍ തീരദേശ ഗ്രാമങ്ങളില്‍ ബ്ളേഡു മാഫിയയുടെ പുതിയ പേരിലുള്ള ചൂഷണങ്ങളെ അതിജീവിക്കാന്‍, ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് സുതാര്യമായ രീതിയില്‍ വായ്പകള്‍ ലഭ്യമാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഒപ്പം ട്രസ്റ്റുകളുടെ മറവില്‍ നടത്തുന്ന ബ്ളേഡ് ഇടപാടുകളെ ഓപറേഷന്‍ കുബേരയിലൂടെ നേരിടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.