ജനങ്ങള്‍ക്ക് നാടുവിട്ടുപോകാന്‍ കഴിയാത്ത അവസ്ഥ –ഡോ. പി.കെ. പോക്കര്‍

കോഴിക്കോട്: ചെറുത്തുനില്‍പ്പുകളെയും പ്രതിഷേധങ്ങളെയും ഭീകരവാദമാക്കി മാറ്റുന്ന ഫാഷിസ്റ്റ് ഭരണകൂടമാണ് ഇപ്പോള്‍ ഇന്ത്യയിലെന്നും അടുത്ത തെരഞ്ഞെടുപ്പോടെ ഇതിന് മാറ്റം വരുമെന്നും ഡോ. പി.കെ. പോക്കര്‍. മനീഷ സേഥിയുടെ കാഫ്കനാട് പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകനായ ആര്‍.കെ. ബിജുരാജ് വിവര്‍ത്തനം ചെയ്ത മനീഷ സേഥിയുടെ ‘കാഫ്കനാട്’ പ്രതീക്ഷ ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.

ആളുകള്‍ക്ക് വിനോദത്തിനായും ലോകംചുറ്റാനും പഠനത്തിനുമൊക്കെ സ്വന്തം നാടുവിട്ടു പോകാം. എന്നാല്‍, അതിനു കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളതെന്ന് പി.കെ. പോക്കര്‍ പറഞ്ഞു. കേരളം വിട്ടുപോകുന്നത് വലിയ സംഭവമാക്കി ഭരണകൂട ഭീകരതക്ക് അനുകൂലമായി മാറ്റുകയാണ്. പൊലീസിന്‍െറ ചാര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരപരാധികളെ ഭീകരവാദികളായി മുദ്രകുത്തി തുറങ്കിലടക്കുകയാണ്. താടിവെച്ച മനുഷ്യന് നാട്ടില്‍ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭക്തിയോടെയോ ഭക്തിയില്ലാതെയോ ജീവിക്കാനുള്ള സാഹചര്യം പോലും നഷ്ടമായി. ചിന്തിക്കാനും ഒത്തുചേരാനും ചര്‍ച്ചചെയ്യാനും സഞ്ചരിക്കാനും പറ്റാത്ത രീതിയില്‍ എങ്ങനെ രാജ്യം മാറിപ്പോയെന്ന് ഈ പുസ്തകം പറയും. രാജ്യത്തിന്‍െറ ബഹുസ്വരത സംരക്ഷിക്കാന്‍ വലിയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡോ. പി.കെ. പോക്കറില്‍നിന്ന് എന്‍.പി. ചെക്കുട്ടി പുസ്തകം ഏറ്റുവാങ്ങി. ആര്‍.കെ. ബിജുരാജ്, റുക്സാന, ടി. ശാക്കിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. പ്രകാശനത്തിനുശേഷം പുസ്തകത്തെക്കുറിച്ച് ചര്‍ച്ചയും നടന്നു. കെ.ടി. ഹുസൈന്‍ സ്വാഗതവും വി.എ. സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു. തീവ്രവാദവിരുദ്ധ വേട്ടയുടെ മറവില്‍ ഇന്ത്യയില്‍ നടക്കുന്ന ഭരണകൂട ഭീകരത അനാവരണം ചെയ്യുന്ന അന്വേഷണാത്മക പഠനമാണ് ഡല്‍ഹിയിലെ സാമൂഹിക പ്രവര്‍ത്തകയും ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല അധ്യാപികയുമായ മനീഷ സേഥി രചിച്ച കാഫ്കലാന്‍ഡ്. ഇതിന്‍െറ മലയാള മൊഴിമാറ്റമാണ് കാഫ്കനാട്: മുന്‍വിധി, നിയമം, പ്രതിഭീകരത എന്ന പേരില്‍ പ്രതീക്ഷ ബുക്സ് പ്രസിദ്ധീകരിച്ച് ഐ.പി.എച്ച് വിതരണം ചെയ്യുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT