രാമചന്ദ്രൻ കെ.പി. മമ്പറം രചിച്ച ‘അരങ്ങ് പറയുന്നു’ എന്ന പുസ്തകം ലളിതഭാഷയിൽ സത്യസന്ധമായി എഴുതപ്പെട്ട ആറ് നാടകങ്ങൾ ഉൾപ്പെടുന്ന സമാഹാരമാണ്. ആണധികാരത്തിന്റെ ദൃശ്യവും അദൃശ്യവുമായ ഹിംസകളാൽ നിസ്വരായ മനുഷ്യർക്ക് ഭൂമി ആവാസ യോഗ്യമല്ലാത്ത തരത്തിൽ ചരിത്രം ഏകാധിപത്യത്തെയും ഫാഷിസത്തെയും അടയാളപ്പെടുത്തേണ്ടിവരുന്നതിന്റെ വൈരുധ്യങ്ങളെയാണ് രാമചന്ദ്രൻ കെ.പിയുടെ നാടകങ്ങൾ തുറന്നുകാട്ടുന്നത്. ‘അരങ്ങ് പറയുന്നു’ എന്നതിനെക്കാൾ അരങ്ങ്, അനീതികൾക്കെതിരെയും അടിച്ചമർത്തലുകൾക്കെതിരെയും ആക്രോശിക്കുകയും ഒടുവിൽ സത്യവും ധർമവും നീതിയും വിജയിക്കുകയും ചെയ്യുന്നതായാണ് രാമചന്ദ്രന്റെ നാടകങ്ങൾ തെളിയിക്കുന്നത്.
നാടകാന്തം കവിത്വം എന്നതിനെ അക്ഷരാർഥത്തിൽ സാധൂകരിക്കുന്നു, ഓരോ നാടകത്തിന്റെയും കാവ്യാത്മകതയും സംഗീതാത്മകതയും ധ്വനിസാന്ദ്രതയും. സത്യത്തിന്റെയും നീതിയുടെയും ഒരു സാങ്കൽപിക ലോകം സ്വപ്നം കാണുന്നതിൽ നിന്നായിരിക്കാം, സ്വാർഥരും ക്രൂരരുമായ കുന്തള നാഥൻമാരിൽനിന്നും ചക്രപാണിമാരിൽനിന്നുമുള്ള സ്വാതന്ത്ര്യസമരമായി ഓരോ നാടകവും മാറുന്നത്. കുന്തളനാഥനും ചക്രപാണിയും കേവലം വ്യക്തികൾ മാത്രമല്ല, മതത്തെയും ജാതിയെയും അവസരോചിതമായി ഉപയോഗിച്ചുകൊണ്ടുള്ള ഭരണകൂടമാണ്.
ഓരോ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയും ഭ്രാന്തൻ ഭദ്രൻമാരും ബീരാനിക്കമാരും കരുണൻ മാഷുമാരും കാട്ടുമാക്കൻമാരും കൊച്ചാപ്പിമാരും പൊരുതി ജയിക്കുകതന്നെ ചെയ്യുമെന്ന് ഓരോ നാടകവും ഉച്ചൈസ്തരം വിളിച്ചുപറയുന്നുണ്ട്. വ്യവസ്ഥയുടെ ക്രൂരതകൾക്കെതിരെ പ്രതീക്ഷാനിർഭരമായ കാൽപനികതകൊണ്ടാണ് രാമചന്ദ്രൻ ഓരോ നാടകവും മെനഞ്ഞെടുത്തിരിക്കുന്നത്. നന്മതിന്മകൾ തമ്മിലുള്ള സംഘർഷത്തെക്കാൾ നീതിയും അനീതിയും തമ്മിലുള്ള സമരമാണ് ഓരോ നാടകവും. ഓരോ നാടകവും മനുഷ്യ മഹാസങ്കടങ്ങളെയും മാനവികതയുടെ വെളിച്ചം ഇല്ലാതായിപ്പോകുന്നതിനെക്കുറിച്ചും വെറുപ്പ് സൃഷ്ടിക്കുന്ന വിഷധൂളികളുടെ വ്യാപനത്തെക്കുറിച്ചും പ്രമേയസ്വീകരണമായി ഈ സമാഹാരത്തിൽ നിറഞ്ഞുനിൽക്കുന്നു. എം.കെ. മനോഹരൻ പുസ്തകത്തിന് അവതാരിക തയാറാക്കിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.