കിലോമീറ്ററുകളോളം നീളുന്ന അഭയാർഥി പ്രവാഹത്തിൽ ഇദ്രിസിന്റെ കൈയിൽ ആകെയുണ്ടായിരുന്നത് ഒരു പഴയ തകരപ്പെട്ടിയാണ്. പിതാവിന്റെ ഓർമകളും ഗന്ധവുമുള്ള ആ പെട്ടി അവൻ നെഞ്ചോടു ചേർത്തുപിടിച്ചു. ചുട്ടുപൊള്ളുന്ന വെയിലിൽ, ദാഹിച്ചു തളർന്ന ഉമ്മയുടെ വിരലുകളിൽ തൂങ്ങി അവൻ നടന്നു.അതിർത്തിയിലെ കമ്പിവേലികൾക്കു മുന്നിൽ പട്ടാളക്കാർ അവരെ തടഞ്ഞു.
‘‘ഇപ്പുറത്തേക്ക് കടക്കാൻ അനുവാദമില്ല!’’
കനത്ത ശബ്ദങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി. തളർന്നു നിലത്തേക്കിരുന്ന ഉമ്മയുടെ ദേഹത്തേക്കു പറ്റിച്ചേർന്നിരിക്കുമ്പോഴും ഇദ്രിസ് ആ പെട്ടി ചേർത്തുപിടിച്ചിരുന്നു. അൽപം കഴിഞ്ഞപ്പോൾ അവനാ പെട്ടി പതുക്കെ തുറന്നു. ബോംബു വീണു തകർന്നുപോയ വീട്ടിൽനിന്നു പെറുക്കിയ കുറച്ചു മാർബിൾ കഷണങ്ങൾ, അബ്ബയുടെ പഴയ വാച്ച്, പിന്നെ ഒരു കഷണം ചോക്ക്... അതിലുള്ളവയെല്ലാം അവന്റെ വിലപ്പെട്ട സമ്പാദ്യങ്ങളായിരുന്നു.
ഇദ്രിസ് ചോക്കെടുത്ത് തറയിലെ കല്ലുകളിൽ വരക്കാൻ തുടങ്ങി. അവൻ ആദ്യം വരച്ചത് ഒരു വലിയ വീടായിരുന്നു. ജനാലകളും വാതിലുകളുമുള്ള അവരുടെ പഴയ വീട്. പിന്നെ അതിനു ചുറ്റും വലിയൊരു പൂന്തോട്ടം വരച്ചു.
‘‘ഇദ്രിസ്... നമുക്ക് നടക്കാം. അവർ നമ്മളെ ഓടിക്കാൻ വരുന്നു.’’
ഉമ്മ പരിഭ്രമത്തോടെ പറഞ്ഞു.
പട്ടാളക്കാർ അവർക്കു നേരെ ശകാരവർഷത്തോടെ ഓടിവരുന്നത് അവൻ കണ്ടു. അവരുടെ കൈകളിൽ ഭാരമേറിയ ആയുധങ്ങളുണ്ടായിരുന്നു. ചിലർ അവ ആകാശത്തേക്കുയർത്തി തീ ചീറ്റി. ആൾക്കൂട്ടം ചിതറിയോടി. ഉമ്മ ഇദ്രിസിന്റെ കൈപിടിച്ച് ഓടാൻ തുടങ്ങി. തിരക്കിനിടയിൽ അവന്റെ കൈയിൽനിന്ന് തകരപ്പെട്ടി തെറിച്ചുപോയി. അവൻ ‘അബ്ബാ’ എന്നു നിലവിളിച്ചു. പക്ഷേ, തിരമാലപോലെ വന്ന മനുഷ്യക്കൂട്ടം അവനെ മുന്നോട്ടു തള്ളി.
തിരിഞ്ഞുനോക്കുമ്പോൾ, നിലത്തെ കല്ലുകളിൽ വരച്ച ആ വീട് അവനു കാണാനായി. പട്ടാളക്കാരുടെ ബൂട്ടുകൾ ആ ചിത്രത്തിനു മുകളിലൂടെ നടന്നുപോയി. ചോക്കിന്റെ വെളുത്ത അടയാളങ്ങൾ പൊടിമണ്ണു വീണ് മങ്ങിത്തുടങ്ങി.
പുതിയ അഭയാർഥി ക്യാമ്പിൽ, ആകാശത്ത് നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോൾ ഇദ്രിസ് ഉമ്മയോട് ചോദിച്ചു:
‘‘ഉമ്മാ... ആകാശത്തിന് വേലിയുണ്ടോ?’’
‘‘ഇല്ല മോനേ... അതിരുകളില്ലാത്ത ആകാശം എല്ലാവർക്കും ഒരുപോലെ ഉള്ളതാണ്.’’
ഉമ്മ മന്ത്രിച്ചു.
‘‘എങ്കിൽ എനിക്ക് ആകാശത്ത് ഒരു വീട് വരയ്ക്കണം. അവിടെ നമ്മളെ ആരും ഓടിക്കില്ലല്ലോ!’’
അപ്പോൾ, ഇദ്രിസിന്റെ കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. അവൻ ആകാശത്ത് സമാധാനത്തിന്റെ പുതിയ താവളം പണിയുകയായിരുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.