ഇരുപത്തൊന്ന് വർഷം മുൻപുള്ള കഥയാണ്. കൃത്യമായി പറഞ്ഞാൽ 1997 ജനുവരി മാസം. അന്നാണ് ടി.വിയിൽ ആദ്യമായി അനിയത്തി പ്രാവിലെ ഓ പ്രിയേ നിനക്ക് ഒരു ഗാനം എന്ന ഗാനം കേൾക്കുന്നത്. അന്ന് അവന് 17 വയസ്സ്. ആ വയസ്സിൽ അവന്റെ മനസിൽ ആ പാട്ട് പെട്ടെന്ന് കയറിക്കൂടി. അവന്റെ ചുണ്ടുകളിൽ ആ പാട്ട് എന്നും അറിയാതെ ഓടിയെത്തുന്ന പ്രായം. അങ്ങനെ ഒരു നാൾ അവൻ ആദ്യം ആയി അവളെ കണ്ടുമുട്ടുന്നു.
അതും അപ്രതീക്ഷിതമായി നാട്ടിലെ ഒരു കല്യാണ മണ്ഡപത്തിനു സമീപം വെച്ച്. ആദ്യത്തെ കാഴ്ചയിൽ തന്നെ മുൻപ് കണ്ട് പരിചയമുള്ളതുപോലെ രണ്ട് പേരും പരസ്പരം ഒരു നിമിഷം നോക്കിനിന്നു. പിന്നീട് പല പ്രാവശ്യം അവർ കണ്ടു. ഒരിക്കൽ അവൻ അവളോട് ധൈര്യപൂർവ്വം അവളുടെ പേര് ചോദിച്ചു. ചെറുപുഞ്ചിരിയോടുകൂടി അവൾ പറഞ്ഞു എന്റെ പേര് ദിവ്യ. അതെ ചോദ്യം അവൾ അവനോടും ചോദിച്ചു, അവൻ അവന്റെ പേരും പറഞ്ഞു. അങ്ങനെ പിന്നീട് അവർ രണ്ടുപേരും നല്ല പരിചയക്കാർ ആയി. അവൾ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്നു. കോളേജ് വിട്ടുവരുന്ന അവളെ കാണാൻ അവൻ എന്നും വഴിയോരത്തു കാത്തുനിന്നിരുന്നു.
അതുപോലെ തന്നെ അവൾ എന്നും രാവിലെ അമ്പലത്തിൽ പോയിട്ട് വരുന്ന വഴിയിൽ അവനെ കാണാൻ എപ്പോഴും സെറ്റ് സാരി ഉടുത്ത്, ചന്ദനക്കുറി തൊട്ട് വാഴയിലായിലെ പ്രസാദം അവന് തന്നിട്ട് പുലർകാലത്തെ ഇളംവെയിലിൽ നടന്നുപോകുമായിരുന്നു. അങ്ങനെ കുറച്ചു നാൾ ആ ബന്ധം മുന്നോട്ട് പോയി. അങ്ങനെ ഒരു ദിവസം നാട്ടിലെ ഏതോ കുറച്ചു ആൾക്കാർക്ക് ആ കൂടിക്കാഴ്ച ഇഷ്ടപ്പെട്ടില്ല. പ്രത്യേകിച്ചു അവർ രണ്ടുപേരും രണ്ട് മത വിഭാഗത്തിൽ പെട്ടവർ കൂടിയാകുമ്പോൾ.. ഏച്ചുകെട്ടിയുള്ള കഥകൾ വേറെയും. അവളുടെ അച്ഛനും വീട്ടുകാരും എങ്ങനെയോ അറിഞ്ഞു. അവളുടെ വീട്ടിൽ പ്രശ്നമായി.
അവന്റെ ഉപ്പയോടും ഈ കാര്യം ആരോ പറഞ്ഞു കൊടുത്തു. അങ്ങനെ അവന്റെ വീട്ടിൽ അവനെ വഴക്കുപറഞ്ഞു. പക്ഷെ, അവളുടെ വീട്ടിൽ സീൻ വേറെയായിരുന്നു. അവളുടെ ചെറിയച്ഛൻ പട്ടാളകാരനായിരുന്നു. അതുകൊണ്ട് അവളെ ഡൽഹിയിൽ അയച്ചുപഠിപ്പിച്ചു. ഇന്നത്തെ പോലെ മൊബൈലിൽ വാട്സ്ആപ് ഒന്നും ഇല്ലാത്ത കാലമല്ലേ.. അവർ തമ്മിൽ ദീർഘാകാലം ഒരു അറിവും ഇല്ല. ഈ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന പൊടിമീശയുള്ള അവന് അവൾ ജീവനായിരുന്നു. അവൾക്ക് അവനും. വിധി എന്ന രണ്ട് അക്ഷരം അവരെ വിലക്കി ചേർക്കാത്ത ചെങ്ങല പോലെയാക്കി.. ഒരു തുണ്ടം അവിടെയും മറുതുണ്ടം മറ്റൊരു വഴിയിലും.
2004ൽ ലജ്ജാവതി എന്ന ഗാനം എല്ലാവരും ഏറ്റെടുത്ത സമയമാണ് അവൻ അറിഞ്ഞത്. അവളുടെ വിവാഹം കഴിഞ്ഞെന്നും അവൾ ഭർത്താവിന്റെ കൂടെ യു.കെയിൽ താമസമാക്കിയെന്നും. പിന്നീട് അവൻ അവന്റെ ഉപജീവനം തേടി സൗദി അറേബ്യക്ക് പോയ സമയത്താണ് അവന്റെ സുഹൃത്തുക്കൾ മുഖേനയാണ് അവൻ ആ വാർത്ത അറിഞ്ഞത്..
അവൾ അവളുടെ പ്രസവത്തോടുകൂടി മരണത്തിനു കീഴടങ്ങിയെന്ന്..നിറകണ്ണുകളോട് കൂടി അവൻ വിതുമ്പി. ആ രാത്രിയിൽ ഈ കഥ പറയുമ്പോൾ അവന്റെ കണ്ണുകളിൽനിന്നും പ്രണയത്തിന്റെ വേദന അറിയാമായിരുന്നു... ആ പ്രേമം നൽകിയ കഠിനമായ വേദന...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.