നിങ്ങളുടെ കണ്ണിൽ നോക്കി
മധുമന്ദഹാസത്തോടെ
പേർത്തും പേർത്തും പറഞ്ഞ് -
കൊണ്ടേയിരിക്കും നിങ്ങൾ
എനിക്കേറെ പ്രിയപ്പെട്ടവനെന്നോ-
പ്രിയപ്പെട്ടവളെന്നോ
ഏറെനേരം കഴിഞ്ഞ്
നിങ്ങളൊന്ന് തിരിഞ്ഞ്
നോക്കിയാൽ നിങ്ങളറിയും
അയാൾ നിങ്ങൾക്ക് പുറകിലെവിടെയോ
നിഴലായിയുണ്ടായിരുന്ന
മറ്റൊരജ്ഞാതനോടാണെത്ര
അത്രനേരം പറഞ്ഞതെന്ന്
ചിലർ അങ്ങനെയാണ്
വീണ്ടുംവീണ്ടും കാണാമെന്ന്
പറഞ്ഞ് കൈകുലുക്കി പിരിയും
എന്നാൽ നിങ്ങളൊരിക്കലറിയും
പല തവണ നിങ്ങൾക്ക് മുന്നിലൂടെ
പോയിട്ടും അയാളുടെ നിഴൽ പോലും
പതിയാതെ അരൂപിയായി
മിന്നിമറഞ്ഞതാണെന്ന്
ചിലർ അങ്ങനെയാണ്
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി
കൊത്തിവലിയ്ക്കും
ചോര കിനിയുന്ന വേദനയിൽപോലും
നിങ്ങൾ ആർദ്രമായിനോക്കും
പക്ഷേ അപ്പോഴും അയാളുടെ നോട്ടം
വിദൂരതയിലുള്ള അജ്ഞാതന്റെ
നേരെയായിരുന്നെന്ന് നിങ്ങളല്പം
വൈകിയറിയുമ്പോഴേക്കും
പിന്നെ കിനിയാൻ ചോര കാണില്ല.
ചിലർ അങ്ങനെയാണ്
വാക്കുകൾ കൊണ്ട്
നിങ്ങളെ പുളകിതരാക്കും
നോക്കിനാൽ നിങ്ങളെ
മോഷ്ടിച്ചെടുക്കും
കൊത്തിയെടുത്ത്
പറക്കാൻ വരാറേയില്ല
മറ്റൊരുഭാരം അവർക്ക്
പ്രാണൻ വെടിയുമ്പോലെയാണ്
നേർത്തൊരോർമയിൽ
അവരങ്ങനെ അജ്ഞാതരായി മാറും
ചിലർ അങ്ങനെയാണ്
നിങ്ങളോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.