മൂന്നാമത്തെ ആൾ

പെട്ടെന്നാണ് കര്‍ക്കടകത്തിന്‍റെ മുഖം മാറി മുറ്റത്തും പറമ്പിലുമൊക്കെ നിരന്നുകിടന്നിരുന്ന വെയില്‍ക്കുഞ്ഞുങ്ങളെ കൊന്നൊടുക്കി മഴ പെയ്യാന്‍ തുടങ്ങിയത്. ഈ ആഴ്ച മരണത്തിന്‍റെ രുചിയറിഞ്ഞുപോയ രണ്ടാമത്തെ ആളായ ഫാത്തിമ താത്തയുടെ ഖബറിലേക്ക് മൂന്നുപിടി മണ്ണ് വാരിയിട്ട് കുടയുടെ പുറത്ത് മഴത്തുള്ളികളുടെ കൊട്ടിന് താളംപിടിച്ച് അവറാന്‍ ശങ്കരേട്ടന്‍റെ കടയിലേക്ക് ഓടിക്കയറി.

ചായക്ക് പറയാന്‍ തുനിയുമ്പോഴാണ് ഉള്ളിലൊരു തണുപ്പും പുറത്ത് ചൂടും കയറിയതുപോലെ അവറാന് തോന്നിയത്.

‘‘ശങ്കരേട്ടാ... ഇന്ന് ചായ വേണ്ട. ശരീരത്തിന് എന്തോ കുളിരുപോലെ തോന്നുന്നു. പനി വരുന്നുണ്ടോ എന്ന് സംശയം. അതുകൊണ്ട് കട്ടന്‍കാപ്പി മതി.

‘‘എന്താ അവറാനെ പള്ളിപ്പറമ്പില്‍ പോയി പേടിച്ചോ നിയ്യ്? ഇവിടെ ഒര് മരണം നടന്നാല്‍ മൂന്നിലേ അടങ്ങൂ എന്ന പഴമൊഴിയുണ്ട്. ആലോചിച്ചുനോക്കുമ്പോള്‍ അത് ഏറക്കുറെ ശരിയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ അടുത്തത് നിനക്കുമാവാം എന്നല്ല ട്ടോ ഞാന്‍ പറഞ്ഞതിന്‍റെ...’’

‘‘അതിലൊന്നും എനിക്ക് വിശ്വാസമില്ല ശങ്കരേട്ടാ. അതൊക്കെ ഓരോ അന്ധവിശ്വാസമല്ലെ. പടച്ചതമ്പുരാന്‍റെ ഓരോ തീരുമാനങ്ങളല്ലെ മരണവും ജനനവുമൊക്കെ? അതല്ല ശങ്കരേട്ടാ, ഒന്നിലും വിശ്വാസമില്ലാത്ത നിങ്ങളെങ്ങനെ ഈ അന്ധവിശ്വാസായിട്ട് നടക്ക്ണത്, എനിക്ക് അതാണ് മനസ്സിലാവാത്തത്.’’

‘‘നീ ഒന്ന് ആലോചിച്ച് നോക്ക് അവറാനെ. മൂന്ന് മാസം മുമ്പെയുള്ള മരണം... പള്ളിയും പള്ളിപ്പറമ്പും വൃത്തിയാക്കി നടന്നിരുന്ന കമ്മുക്കുട്ടി മരിച്ച ഏഴിന്‍റെ അന്നല്ലെ ബാര്‍ബര്‍ ഖാദര്‍ പാമ്പ് കടിച്ച് മരണപ്പെട്ടത്. അതിന്‍റെ നാലാം നാളല്ലെ ആരിഫ് മാഷെ മോന്‍ അസ്ക്കറലി ബൈക്ക് പുഴയിലേക്ക് ചാടി മരണപ്പെട്ടത്. അന്ന് പ്രത്യേകം ഓര്‍ക്കാന്‍ വേറെ ഒരു കാരണം കൂടി എനിക്കുണ്ട് അവറാനെ...’’

‘‘അതെന്താ ശങ്കരേട്ടാ?’’

അവറാന്‍റെ മുന്നില്‍ ചൂടുകൊണ്ട് പുകയുന്ന കാപ്പിയിലേക്ക് നോക്കി ചോദിച്ചു.

‘‘അന്ന് നീ പറയുന്നതുവരെ ഞാന്‍ കരുതിയത് ഞങ്ങളെ മതത്തില്‍ അതായത് ഞാന്‍ ജനിച്ച മതത്തില്‍ മാത്രമാണ് ജാതി തിരിച്ച് പല ജാതിയുള്ളത് എന്നാണ്. ഞാനന്ന് മാഷെ ചെക്കന്‍റെ ബോഡി പള്ളിയിലേക്ക് കൊണ്ടുപോവുമ്പോള്‍ നീ കടയിലേക്ക് കയറി ചായക്ക് ഓഡര്‍ പറഞ്ഞ് ഇരിക്കുമ്പോള്‍ ഞാന്‍ നിന്നോട് ചോദിച്ചില്ലെ, മയ്യിത്ത് കൊണ്ടുപോവുന്നുണ്ടല്ലോ പള്ളിയിലേക്ക് പോവുന്നില്ലെ എന്ന്. അതിന് നീ തന്ന ഉത്തരംകൂടി ഇന്നുമെന്‍റെ ഓര്‍മയിലുണ്ട്. അവരും ഞങ്ങളും രണ്ട് ആശയക്കാരാണ് ഞങ്ങളുടെ ആളുകള്‍ക്ക് അവരുടെ മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ പറ്റില്ല... അങ്ങനെ നീ പറഞ്ഞ് ഇവിടെ ഇരുന്നത് ഓര്‍മയുണ്ടോ നിനക്ക്?’’ ശങ്കരേട്ടന്‍ ഒന്നുകൂടി കുത്തിച്ചോദിച്ചു.

‘‘അത് വിട്ട്കള ശങ്കരേട്ടാ... അതൊക്കെ എന്‍റെ വിവരമില്ലായ്മ. ഞാനന്ന് അങ്ങനെ ചെയ്തെങ്കിലും എനിക്കൊരു പ്രശ്നം വന്നപ്പോള്‍ ആദ്യം ഓടിയെത്തിയത് ആരിഫ് മാഷും വേലായുധേട്ടനുമാണ്. അത് എനിക്ക് പറ്റിയ വലിയൊരു തെറ്റുമാണെന്ന് ഞാന്‍ സമ്മതിച്ചു.അല്ലെങ്കിലും നൂറ്റിമുപ്പത്തിയഞ്ച് കോടി ജനങ്ങളുള്ള ഇന്ത്യയില്‍ എല്ലാവരും ഞാന്‍ വിശ്വസിക്കുന്ന ആശയത്തെയും ദൈവത്തെയും വിശ്വസിക്കണമെന്ന ചിന്ത തന്നെ തെറ്റല്ലെ...

ആകാശം പിന്നെയും കറുക്കാന്‍ തുടങ്ങി ഇരുട്ട് പകലിന്‍റെ വെളിച്ചത്തിന് മേലെ അധിനിവേശം തുടങ്ങി കഴിഞ്ഞു. അവറാന് ശങ്കരേട്ടന്‍ പറഞ്ഞത് ശരിയാവുമോ എന്ന ചിന്ത ഉള്ളിലെവിടെയോ പുകയുന്നതുപോലെ തോന്നി. ചാറല്‍മഴക്ക് താളംപിടിക്കാന്‍ കൂട ചൂടി കൊടുത്ത് അവറാന്‍ ചിന്തകളുടെ ഭാരവും പേറി വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറുമ്പോള്‍ മൈലാഞ്ചിച്ചെടികള്‍ പൂത്ത മണം അവറാനെ അലോസരപ്പെടുത്താന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

Tags:    
News Summary - story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.