ഷെഫീല യാസിർ ജോർഡനിലെ
പെട്രയിൽ
കഴിഞ്ഞ ഡിസംബർ ഒന്നിന് രാവിലെ 5.30ന് ആയിരുന്നു ജോർഡനിലേക്ക് ഉള്ള ഫ്ലൈറ്റ്. മൂന്ന് മണിക്കെങ്കിലും എയർപോർട്ടിൽ എത്തണം. രാത്രി എന്നും വൈകി ഉറങ്ങാൻ കിടക്കുന്ന ഞങ്ങൾ അന്ന് 12 മണിക്ക് തന്നെ ഉറങ്ങാൻ കിടന്നു. അലാറം ചിലപ്പോൾ പണി തരാറുണ്ട്. അതുകൊണ്ട് കെട്ടിയോന് ഉറക്കം കിട്ടിയില്ല. രണ്ട് മണിയായപ്പോൾ എന്നെ വിളിച്ചുണർത്തി. ഒരു 2.45 ആയപ്പോഴേക്കും ഞങ്ങൾ റെഡിയായി. റിട്ടേൺ ടിക്കറ്റ് രാത്രിയാണെങ്കിൽ എയർപോർട്ടിൽ കാർ പാർക്ക് ചെയ്താണ് ഞങ്ങൾ സാധാരണ യാത്ര പോകാറ്.
ഞങ്ങൾ കാർ എടുത്ത് ഹൈവേയിലേക്ക് ഇറങ്ങി. കുറച്ചുകഴിഞ്ഞ് കാർ പെട്ടെന്ന് വലിയ രീതിയിൽ വലത്തോട്ട് വെട്ടി തെന്നിമാറി. ടയർ പഞ്ചർ ആകുന്ന പോലെ ഒരു കുലുക്കവും. ഞാൻ ദേഷ്യം പിടിച്ച് കെട്ടിയോനോട് പറഞ്ഞു ഉറക്കം ശരിയായിട്ടില്ല ഇനി ഞാൻ ഓടിക്കാമെന്ന്. അതൊന്നും അല്ല കാറിന്റെ ടയർ പഞ്ചർ ആയി പണി കിട്ടിയതാണെന്ന് തോന്നുന്നുവെന്ന് കെട്ടിയോൻ. ഞങ്ങൾ വേഗം വണ്ടി സൈഡ് ആക്കി പരിശോധന നടത്തി. നാല് ടയറിനും ഒരു പ്രശ്നവും ഇല്ല. എന്താ ഇപ്പൊ പറ്റിയത്, എയർപോർട്ട് എത്തുന്നത് വരെ ഞാൻ അങ്ങേരെ കുറ്റം പറഞ്ഞുകൊണ്ടിരുന്നു. ഉറങ്ങാത്തത് കൊണ്ടാണ്, ചെറുപ്പമല്ല, ഉറങ്ങിയില്ലെങ്കിൽ പണികിട്ടും എന്നൊക്കെ. പക്ഷേ ആള് എന്നോട് തറപ്പിച്ചു പറഞ്ഞു.. ഞാൻ ഉറങ്ങിയതല്ല... എന്താ ഇപ്പൊ.. ഇന്ന് സംഭവിച്ചതെന്ന് ആലോചിച്ച് ഞങ്ങൾ അധികം തല പുണ്ണാക്കാതെ ജോർഡനിലേക്ക് ഫ്ലൈറ്റ് കയറി.
ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ കിട്ടും
ജോർഡൻ പാസ് (70 ജോർഡൻ ദിനാർ) ഓൺലൈൻ എടുത്തുവെച്ചതുകൊണ്ട് വിസയുടെ 40 ദിനാർ കൊടുക്കേണ്ട ആവശ്യം വന്നില്ല. അത് പോലെ ജോർദാൻ പാസ് വെച്ച് നാൽപതോളം ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണാനും സാധിക്കും. ജോർഡനിലെ മുഖ്യ ആകർഷണം പാറക്കെട്ടുകൾക്കിടയിൽ കൊത്തുപണികളോടെ ഉണ്ടാക്കിയ പുരാതന നഗരമായ പെട്രയാണ്. യുനെസ്കോയുടെ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥലമാണ് ഇത്. പെട്രയിലേക്കുള്ള എൻട്രി ഫീ 50 ജോർഡൻ ദിനാർ ആണ്. ഓൺലൈനിൽ ജോർഡൻ പാസ്സ് എടുത്താൽ നമ്മുക്ക് അതെല്ലാം ലാഭം ആണ്.
ഫേസ്ബുക്കിലൂടെ കണ്ടെത്തിയ ഡ്രൈവർ പുറത്ത് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ജോർഡൻ തലസ്ഥാനമായ അമ്മാനിൽനിന്ന് യുനെസ്കോ ലോക അത്ഭുതങ്ങളിൽ ഒന്നായ പെട്ര കാണാൻ മൂന്നു മണിക്കൂർ യാത്ര ചെയ്യണം. കാറിൽ യാത്രക്കിടയിൽ ഉള്ള ഓരോ സ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ടിരുന്നു ഒരു അറ്റംനിന്ന് പോയ രീതിയിലുള്ള ചാവു കടലിൽ കുറെ പേർ വെളളത്തിൽ പൊങ്ങിക്കിടന്ന് രസിക്കുന്നു.
നല്ല തണുപ്പ് ഉള്ളതിനാലും ഇനിയും യാത്ര ചെയ്യേണ്ടി ഇരുന്നതിനാലും ഞങ്ങൾ കടലിൽ ഇറങ്ങിയില്ല. പിന്നെ പിങ്ക് നിറത്തിൽ ഉള്ള തടാകം കണ്ടു. ഡ്രൈവർ പറഞ്ഞു ആ കാണുന്ന മലകൾക്കപ്പുറം ആണ് ഇസ്രാഈലും ഫലസ്തീനും ഉള്ള വെസ്റ്റ് ബാങ്ക് ഇറാന്റെ മിസൈലുകൾ പാഞ്ഞു പോകുന്നത് ഞങ്ങൾ കണ്ടിരുന്നു എന്നൊക്കെ. പിന്നെയും യാത്ര തുടർന്നു. കൂറ്റൻ കെട്ടിടത്തിന്റെ ലിഫ്റ്റിൽന്ന് താഴോട്ട് ഇറങ്ങുന്നതു പോലെ. ചെവിയിൽ വേദന അനുഭവപ്പെട്ട് തുടങ്ങി. താഴോട്ടാണ് ഞങ്ങൾ പോയി കൊണ്ടിരിക്കുന്നത്. ഡ്രൈവർ പഞ്ഞി ഉണ്ടെങ്കിൽ ചെവിയിൽ വെച്ചോളു എന്ന് പറഞ്ഞു. ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശത്തുള്ള മ്യൂസിയത്തിൽ ഞങ്ങളെത്തി.
അവിടെയും ഈജിപ്തിലെപോലെയുള്ള ഒരു മമ്മിയുണ്ട്. അതുംകണ്ട് ഞങ്ങൾ കാറിൽ വീണ്ടും യാത്ര തുടർന്നു. ലാവപൊട്ടിയുണ്ടായ കൂറ്റൻ മലകൾ പിന്നിട്ട് അങ്ങനെ പെട്രയിലെ മലകളിൽ നൂറ്റാണ്ടുൾക്ക് മുന്നേ നിർമിച്ച ആർക്കിടെക്ചർ അത്ഭുതങ്ങൾ കണ്ട് ഞങ്ങൾ ശരിക്കും നോക്കിനിന്നുപോയി.. വാദി റാം മലനിരകളിലൂടെ ജീപ്പ് സവാരിയും ചെയ്ത് അന്ന് അവിടെ തങ്ങി. പറയാതിരിക്കാൻ വയ്യ ജോർഡൻ ഇത്തിരി ചിലവേറിയ ഇടമാണ്. അപ്പോഴാണ് ബഹ്റൈൻ വാട്സ്ആപ് ഗ്രൂപ്പുകളിൽ ബഹറൈനിൽ പുലർച്ച 2.58 ന് ഭൂചലനം ഉണ്ടായി എന്ന വാർത്ത കാണുന്നത്. അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത് എന്താണ് രാവിലെ ഞങ്ങൾക്ക് സംഭവിച്ചതെന്ന്.
2025 എന്ന വർഷം എനിക്ക് തന്ന ഏറ്റവും വലിയ ഓർമ ഇത് തന്നെ ആയിരിക്കും. ഒരു ജനതയുടെ ദുർനടപ്പും സ്വവർഗരതിയും കാരണം ഭയാനകമായ രീതിയിൽ ഭൂമിയെ കീഴ്മേൽ മറിച്ചു അവരെ ശിക്ഷിച്ചു എന്ന് ഖുർആനിലും ബൈബിളിലും പറഞ്ഞിട്ടുള്ള ചരിത്ര ഭൂമിയിലേക്കുള്ള യാത്രയുടെ അന്ന് തന്നെ ഇത് സംഭവിച്ചു എന്നത് തികച്ചും യാദൃച്ഛികമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.