ദക്ഷിണേന്ത്യൻ എഴുത്തുകാരികളുടെ സംഗമം: ഉദ്ഘാടനം ഇന്ന്

തിരൂർ: ദക്ഷിണേന്ത്യയിലെ എഴുത്തുകാരികള്‍ സമ്മേളിക്കുന്ന മൂന്നുദിവസത്തെ സര്‍ഗസംഗമത്തിന് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ഇന്ന് തിരി തെളിയും. "പ്രതിസ്പന്ദവും പ്രതിരോധവും' എന്ന പ്രമേയത്തെ അധികരിച്ചുള്ള സംഗമത്തില്‍ എഴുത്തുകാരികള്‍ പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. തമിഴ് കവയിത്രിയും നോവലിസ്റ്റും ചലച്ചിത്രനടിയും ആക്ടിവിസ്റ്റുമായ മീനാ കന്ദസാമി സംഗമം ഉദ്ഘാടനം ചെയ്യും. "ഒരാള്‍പൊക്കം' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിലൂടെയും മലയാളികള്‍ക്ക് പരിചിതയാണ് മീന. വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പി. വത്സല പ്രഭാഷണം നടത്തും. തുടര്‍ന്ന് ഗസല്‍ കച്ചേരി അരങ്ങേറും.

രണ്ടാം ദിവസമായ വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ നാല് സെഷനുകളിലായി സാറാ ജോസഫ്, ചന്ദ്രമതി, പി. ഗീത, ഖദീജ മുംതാസ്, ഒ.വി. ഉഷ, റോസ് മേരി, ബിന്ദുകൃഷ്ണന്‍, സല്‍മ എന്നിവര്‍ എഴുത്തിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. വൈകുന്നേരം ആറുമണിക്ക് സുപ്രസിദ്ധ നര്‍ത്തകി പല്ലവി കൃഷ്ണന്‍ "പിംഗള', "ശിവശക്തി' എന്നീ മോഹിനിയാട്ടങ്ങള്‍ അവതരിപ്പിക്കും.

സമാപനദിവസം കാലത്ത് 10 മണിക്ക് നടക്കുന്ന ആത്മഭാഷണത്തില്‍ സുപ്രസിദ്ധ കന്നട കഥാകാരിയും നര്‍ത്തകിയും സംഗീതജ്ഞയുമായ ഡോ.എല്‍.ജി. മീര, കര്‍ണാടകത്തിലെ അറിയപ്പെടുന്ന സമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. എച്ച്.എസ്. അനുപമ, തമിഴ് കഥാകാരിയും പത്രപ്രവര്‍ത്തകയുമായ ഡോ. ജയന്തശ്രീ ബാലകൃഷ്ണന്‍, തമിഴ് സാഹിത്യത്തിലെ വിപ്ളവകാരികളായ പുതുതലമുറ എഴുത്തുകാരുടെ പ്രതിനിധിയായ സുകീര്‍ത്താറാണി, തമിഴ്നാട്ടിലെ ലബ്ധ പ്രതിഷ്ഠരായ എഴുത്തുകാരികളായ കെ.വി. ഷൈലജ, ഡോ. ടി. വിജയലക്ഷ്മി എന്നിവരും പങ്കെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT