ഇ​ബ്നു​ബ​ത്തൂ​ത്ത​യു​ടെ തെ​ങ്ങും ജി.പി​യു​ടെ ‘പി​ര​മി​ഡും’!

മനുഷ്യർ നിൽക്കുമ്പോഴും നടക്കും. നിശ്ചലതയെ എങ്ങനെയെങ്കിലും ചലനമാക്കുന്നൊരു മെക്കാനിസത്തിൻെറ പേരാണ് ജീവിതം! നിന്നുപോയ വാച്ച് നിന്നുപോയതാണ്. എന്നാൽ ജീവിതം നിന്നുപോയാലും നിന്നു പോവുന്നില്ല. സ്മരണകളിലും സ്വപ്നങ്ങളിലും മാത്രമല്ല, വെളിച്ചത്തിലും ഒഴുക്കിലുമത് നിറയും. ഒരു ജന്മത്തിൽ നിരവധി ജന്മങ്ങൾ എന്നപോലെ, ഒരു മരണത്തിലും അനേകം മരണങ്ങളായത് പെരുകും. നാനാതരത്തിലുള്ള യാത്രകളാണ് ശരാശരി ജീവിതത്തെ ശരിക്കുള്ള ജീവിതമാക്കുന്നത്. ശരീരം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുമ്പോഴുള്ള യാത്രകൾ പ്രകടാർത്ഥത്തിൽതന്നെ ശ്രദ്ധിക്കപ്പെടും. എന്നാൽ വികാരവിചാരങ്ങളും നിനവുകളും സ്മരണകളും കിനാവുകളും ഒന്നിച്ചോ വേറിട്ടോ നടത്തുന്ന സൂക്ഷ്മയാത്രകൾ അത്ര പ്രകടമല്ല. വായനയിലും കാഴ്ചയിലും നാനാതരത്തിലുള്ള ബന്ധങ്ങളിലുമാണത് സൂക്ഷ്മതലത്തിൽ നിർവൃതമാവുന്നത്. സംഭ്രമിപ്പിക്കുന്ന സഞ്ചാരങ്ങളുടെ സംഗ്രഹം എന്ന നിലയിലാണ് സാഹിത്യകലകളും ശ്രദ്ധേയമാവുന്നത്. കല മരണത്തെപ്പോലും ജീവിതമാക്കി തിരുത്തിയെഴുതും. കലയിലും സാഹിത്യത്തിലും ‘മരണ’മെന്നത്, മരണമില്ലാത്ത ജീവിതത്തിൻെറ മറ്റൊരു പേരാണ്. അനശ്വരതയെ സ്വപ്നം കാണുന്ന നശ്വരതകളെല്ലാം നിശ്ചലതകളുടെ നിരാകണമാണ്. പ്രശസ്ത കലാപ്രതിഭ മോൺഡ്രയിൽ ജീവിത സമതുലിതാവസ്ഥയിൽ എത്തിയാൽ കലകളൊക്കെയും അവസാനിക്കമെന്ന് കരുതുന്നുണ്ട്. ‘Art will disappear as life gains more equilibrium’. പക്ഷെ ചലനാത്മകമാവുന്ന ജീവിതത്തിന്നൊരിക്കലും ‘സമതുലിത’മാവാൻ കഴിയാത്തതിനാൽ രൂപഭാവങ്ങളിൽ ഭാവിയിൽ മാറ്റങ്ങൾ വരാമെങ്കിലും ‘കല’ അവസാനിക്കില്ല.

സ്വയം മെച്ചപ്പെടുത്താൻ സ്വന്തത്തോടുള്ള മൽപ്പിടുത്തമാണ് കലയെങ്കിൽ, വൈരുദ്ധ്യങ്ങളുടെ വേരിലേക്കുള്ള അസ്വസ്ഥയാത്രകളാണ് കലയെങ്കിൽ അതിനെങ്ങനെ അവസാനിക്കാനാവും? കവിതയും കഥയും യാത്രാവിവരണങ്ങളും ആത്മകഥകളും അടക്കമുള്ള ഭാഷാവിഷ്ക്കാരങ്ങളൊക്കെയും പ്രകടമായിത്തന്നെ അന്വേഷിക്കുന്നത് എത്ര ഇപ്പുറം നിൽക്കുമ്പോഴും ഏതൊക്കെയോ അപ്പുറങ്ങളാണ്. ഇപ്പുറങ്ങൾ മാത്രമായി ജന്മങ്ങൾ പരിമിതപ്പെടുമ്പോഴാണ് ‘യാത്രകൾ’ റദ്ദാവുന്നത്. മനുഷ്യർ നടക്കുന്നത്, സാധാരണ യാത്രകളിലാണെങ്കിൽ, അവർ ഓർമ്മകളുടെ വഴിയില്ലാവഴികളിലൂടെയാണ് ഓടുന്നത്. സ്മരണകളിലും സ്വപ്നങ്ങളിലും അധികമായും എന്നാൽ സത്യങ്ങളിൽ അധികമല്ലാതെയും കഴിയുമ്പോഴാണ്, ‘മിത്തുകൾ’ പിറക്കുന്നത്. അതിന് സുരക്ഷിതമായിരിക്കാൻ കാവലും, വളരാൻ വളവും വേണ്ട. ‘myths grow like weeds; unlike facts, they need no nurturing.’(Carl Marcy). ആപേക്ഷികമായ അർത്ഥത്തിലെങ്കിലും നിശ്ചലരായിപ്പോയ ജീവിതങ്ങളെ ‘മിത്തുകൾ’ വട്ടം കറക്കും.

1948ൽ പ്രസിദ്ധീകൃതമായ ‘നീണ്ട കവിതകളിലെ’ മിത്തിൻെറ വിജയം ആഘോഷിക്കുന്ന എൻ.വി. കൃഷ്ണവാരിയരുടെ, ‘പഴയപാട്ട്’ എന്ന കവിതയും, ജി.പി. രാമചന്ദ്രൻെറ ഈജിപ്ത് യാത്രാവിവരണവും തമ്മിൽ നേർക്കുനേർ ഒരു ബന്ധവുമില്ല. ഏതർത്ഥത്തിലും ‘വേറിട്ട’ രണ്ട് ലോകങ്ങളിലാണത് ജീവിക്കുന്നത്. പക്ഷേ രണ്ടിലും സമാനമായുള്ള ഏകകാര്യം മുമ്പ് പരാമർശിച്ച ‘പ്രകടയാത്രകളുടെ’ വ്യത്യസ്ത സാന്നിധ്യങ്ങളാണ്. ‘പഴയപാട്ട്’ അന്ധവിശ്വാസവിരുദ്ധതയുടെയും പ്രകൃതിക്ഷോഭത്തിൻെറയും പ്രണയധീരതയുടെയും സഞ്ചാര കഥയാണ്. ജിപിയുടേത് സപ്താത്ഭുതങ്ങളിലൊന്നായ പിരമിഡുകളുടെ നാടായ ഈജിപ്തിലേക്കുള്ള സഞ്ചാരമാണ്. എൻ.വി. കൃഷ്ണവാരിയർക്ക് ഒരാമുഖവും വിശേഷണവും ആവശ്യമില്ല. ഇന്ത്യൻ പ്രസിഡന്റിൽനിന്നും സിനിമാ വിമർശഗ്രന്ഥത്തിന് ദേശീയ അംഗീകാരം നേടിയ, പുരോഗമന കലാസാഹിത്യസംഘത്തിൻെറ സംസ്ഥാന നേതാവായ, പ്രകമ്പനം കൊള്ളിക്കുന്ന പ്രഭാഷകനായ ജി.പിക്ക് പലകാരണങ്ങളാൽ ഒരാമുഖം ആവശ്യമുണ്ട്.

അറിയുന്നവർപോലും ജി.പിയെ വേണ്ടത്ര അറിയുന്നില്ല എന്നുള്ളതിൽവെച്ചാണ്, ‘അമിതം’ എന്ന് പലർക്കും തോന്നാവുന്ന വിശേഷണങ്ങൾ ആവശ്യമാവുന്നത്. ഒരേസമയം സൂക്ഷ്മത നഷ്ടമാവാതെ പലകാര്യങ്ങൾ നിർവ്വഹിക്കാനുള്ള ജി.പിയുടെ കഴിവുകൾക്ക് പലവട്ടം ഒരു സുഹൃത്തെന്ന നിലയിലും, സാംസ്കാരികബന്ധുക്കൾ എന്ന നിലയിലും ഞങ്ങൾക്കൊക്കെയും സാക്ഷിയാവാൻ കിട്ടിയ ഓരോ സന്ദർഭവും അങ്ങേയറ്റം ആഹ്ലാദത്തോടെയല്ലാതെ അടയാളപ്പെടുത്താനാവില്ല. സിനിമകളിലെ പ്രകടവും ഗുപ്തവുമായ സവർണ്ണ മേൽക്കോയ്മകളെ വലിച്ചു പുറത്തിടാൻ, ഒരു നീറിൻെറ നിർബ്ബന്ധബുദ്ധിയോടെ ജി.പി നടത്തിക്കൊണ്ടിരിക്കുന്ന, ‘സാംസ്കാരിക യുദ്ധങ്ങൾ’ മാത്രം മതിയാവും, ആ സ്നേഹവിശേഷണങ്ങളെയൊക്കെയും നിഷ് പ്രഭമാക്കാൻ!

പറയും, എഴുതും, പൊരുതും, പരിമിതികൾ സമ്മതിക്കും. ഇത്രയുമാവാനായത്കൊണ്ടാണ് ജി.പി ഇടപെടലുകൾ നിശ്ചലതകളെ കുടഞ്ഞുകളയുന്ന, സമരോത്സുക ജീവിതത്തിൻെറ വീറാവുന്നത്. വേഗതയാണ് ജി.പിയുടെ ശക്തിയും ചിലപ്പോൾ നിസ്സഹായതയും. ചിലയിടങ്ങളിലെങ്കിലും കുതിപ്പിന്നിടയിൽ ഒന്ന് പതുക്കെ ‘ബ്രേക്കിട്ടിരുന്നെങ്കിൽ’ എന്ന് ഞങ്ങൾക്ക് തോന്നാറുണ്ട്. ആർക്ക് എന്ത് തോന്നിയാലും, തോന്നാതിരുന്നാലും ജി.പി ഓട്ടത്തിലാണ്.

‘നാഗരികതയുടെ പിരമിഡുകൾ’ എന്ന യാത്രാവിവരണഗ്രന്ഥം ആവിഷ്ക്കരിക്കുന്നത് കാഴ്ചയുടെയും വായനയുടെയും അഭിമുഖമാണ്. ചരിത്രം രാഷ്ട്രീയം തത്വചിന്ത സാഹിത്യം എന്നിവയുടെ സമന്വയംകൊണ്ടാണ്, ‘നാഗരികതയുടെ പിരമിഡുകൾ’ ശ്രദ്ധേയമാവുന്നത്. ‘കൂറ കപ്പലിൽ പോയപോലെ’ എന്നൊരു പഴയ ചൊല്ലുണ്ട്. കാണുന്നുണ്ട്, എന്നാൽ ഒന്നും വേണ്ടവിധം കാണുന്നില്ല എന്നർത്ഥത്തിൽ കൂടിയാണ് ആ ചൊല്ല് പ്രചാരം നേടിയത്. കാഴ്ചകളിൽ കുളിക്കുമ്പോഴും കാഴ്ചപ്പാടിലേക്ക് കുതിക്കുമ്പോഴാണ് ‘യാത്രാവിവരണങ്ങൾ’, വിവരങ്ങളിൽ ഒതുങ്ങാതെ വിശകലനമായി വളരുന്നത്. ഭൂപ്രകൃതിയും ജീവിതപ്രകൃതിയും തമ്മിലുള്ള നേർകാഴ്ചയാണ് ഏതൊരു യാത്രയേയും നിർവൃതപ്പെടുത്തുന്നത്. കണ്ടതിൽനിന്ന് അപ്പോഴും കാണാത്തതിലേക്ക് പിന്നേയും ഏറെദൂരം സഞ്ചരിക്കാനുണ്ടാവും. യാത്രകൾ യാത്രകൾക്കിടയിലും പലവിധങ്ങളിൽ തുടരുകയാണല്ലോ.

യുവസാംസ്കാരിക വിമർശകരിൽ ശ്രദ്ധ അർഹിക്കുന്ന ലുഖ്മാൻ എമ്മിൻെറ സാന്നിധ്യം ജി.പിയുടെ ഈജിപ്ത് യാത്രക്ക് ഏറെ തുണയായി തീർന്നിട്ടുണ്ടെന്നുള്ളത് പറയാതെ വയ്യ. ചരിത്രം പഠിക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ, ഏതു യാത്രയും പരിമിതപ്പെടും. ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങൾക്കു മുമ്പിൽ നിൽക്കുമ്പോൾ, ആ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയവരെ കൂടി മനസ്സിൽ കാണണം. പുറം യാത്രകൾക്കു മുമ്പിൽ അകം യാത്രകൾ വഴി കാട്ടണം. സഞ്ചാരം സർഗാത്മകമാവുന്നത്, കാണുന്ന സ്ഥലങ്ങളെ ചരിത്രപശ്ചാത്തലത്തിൽ പുതുതായി കാണുമ്പോഴാണ്. ‘one’s destination is never a place, but a new way of seeing things.’(Henry miller).

നിശ്ചല സ്ഥലങ്ങളെ ചലനാത്മക കാഴ്ചകളായി പുനർനിർമ്മിക്കുമ്പോൾ, യാത്രകൾ പതിവ് യാത്രകൾക്കപ്പുറം കടക്കും. ജി.പി കണ്ട ഈജിപ്ത് സ്ഥലകാല ചരിത്ര കാഴ്ചപ്പാടുകളുടെ ചാരുതകൾകൊണ്ട് നമ്മെ മോഹിപ്പിക്കും. പ്രകടയാത്രകൾ സാധ്യമല്ലെങ്കിലും നല്ലൊരു യാത്രാവിവരണഗ്രന്ഥം വായിക്കുമ്പോൾ പരോക്ഷയാത്രാനുഭൂതിയിൽ ആഴാനും വാഴാനും കഴിയും. എം. ലുഖ്മാൻെറ ആമുഖം, ‘നാഗരികതയുടെ പിരമിഡുകൾ’ എന്ന ജിപിയുടെ ശ്രദ്ധേയമായ ആദ്യ യാത്രാവിവര ഗ്രന്ഥത്തിൻെറ സ്വഭാവം കൃത്യം വിശദമാക്കുംവിധം വ്യക്തമാണ്.

ഈജിപ്തിനെക്കുറിച്ച് മലയാളത്തിൽ വരുന്ന ദീർഘമായ പുസ്തകങ്ങളിലൊന്നായിരിക്കും ഇത്. എത്രമേൽ എഴുതിയാലും തീരാത്ത മഹാനാഗരികതയായ ഈജിപ്തിനെ ഒരേസമയം നാല് തരത്തിലാണ് ജി.പി അടയാളപ്പെടുത്തുന്നത്.

ഒന്ന്, ബി.സി 3200 മുതൽ തുടങ്ങുന്ന ഫറോവ സംസ്കാരത്തെയും ഗ്രീക്കോം റോമൻ സംസ്കാരത്തെയും, പിന്നീട് ഇസ്ലാമിക സംസ്കാരത്തേയും, ജമാൽ അബ്ദുൽ നാസർ വികസിപ്പിച്ച ആധുനിക ഈജിപ്തിനേയും അദ്ദേഹം വിശദമായി പരിചയപ്പെടുത്തുന്നു. അതേസമയം ഈജിപ്ഷ്യൻ സംസ്കാരത്തിൻെറ രൂപഭാവങ്ങളെ നിർണ്ണയിച്ച വ്യക്തികളുടെ ചരിത്രങ്ങളിലേക്ക് ഈ യാത്രാവിവരണം വിശദമായി കടന്നു ചെല്ലുന്നു...നാലാമതായി സമകാലിക ഈജിപ്ഷ്യൻ ജനതയുടെ സൂക്ഷ്മ ആഖ്യാനങ്ങളാണ്...ഈജിപ്ഷ്യൻ ഭക്ഷണരീതികൾ, രാത്രിജീവിതം, ഗ്രാമീണജീവിതങ്ങളുടെ ഭംഗി തുടങ്ങി ഈജിപ്തുമായി ബന്ധപ്പെട്ട സർവ്വതിനെയും പലയിടങ്ങളിലായി പരിചയപ്പെടുത്തുന്നു.

‘Travel is a fatal to prejudice bigotry and narrow mindedness’(Mar K Twain). യാത്രകൾ, ജനജീവിതങ്ങളെ അറിയുംവിധമുള്ള യാത്രകളായി വളരുമെങ്കിൽ ആ യാത്രാവഴികളിൽവെച്ച് മുൻവിധികൾ മറിഞ്ഞ് വീഴും. കാലം പലവിധ കാരണങ്ങളാൽ തെറ്റി വരച്ച വരകളൊക്കെയും മാഞ്ഞുപോകും. പലഭാഷകൾ പലവേഷങ്ങൾ പല വിശ്വാസങ്ങൾ...എങ്കിലും നമ്മളൊന്നെന്ന ബോധ്യം അഗാധമാവും. ‘വഴിമാറ്’, എന്നതിന്നു പകരം, ‘വഴി പറഞ്ഞുതാ’ എന്നത് വിനയപ്പെടും. ഒതുങ്ങിക്കൂടാനല്ല, ഒത്തുചേരാനാണ് യാത്രകളൊക്കെയും ആവശ്യപ്പെടുന്നത്. ഒറ്റക്കല്ല, ഒറ്റക്കെട്ട് എന്നതിൽ നിന്നാണത് ഊർജ്ജം ഉൽപാദിപ്പിക്കുന്നത്. യാത്രകൾ സ്വയം ബന്ധനങ്ങളുടെ കയറുകളൊക്കെയും മുറിച്ചു മാറ്റും. അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നത്ര ചൊരിഞ്ഞിട്ടില്ലെങ്കിലും ഒരുപാട് അബദ്ധങ്ങൾ തിരുത്തും. നിയമമറിയാത്തതുകൊണ്ട് അനുസരിക്കാതിരിക്കുന്ന മൃഗങ്ങളേയും അറിഞ്ഞിട്ടും ലംഘിക്കുന്ന അധികാരപ്രമത്തരേയും യാത്രകൾക്കിടയിൽ കണ്ടുമുട്ടേണ്ടി വരും. അങ്ങിനെയൊക്കെയുള്ള എത്രയെത്രയോ വൈരുധ്യങ്ങൾ വർത്തമാനകാല യാത്രകളിൽ വിലങ്ങുകൾ തീർത്തേക്കുമ്പോഴും, യാത്ര യാത്രതന്നെയായി പുളകം പകരും. വൈവിധ്യങ്ങളാണ് ജീവിതസത്യമെന്ന വിനയത്തിൽവെച്ച് യാത്രകൾ നമ്മെ വിസ്തൃതപ്പെടുത്തും. കാഴ്ചക്ക് ഇത്രയും ആഴമോയെന്നുമുള്ള അതിശയം യാത്രകൾ നമുക്ക് മുമ്പിൽ വിനയപൂർവ്വം കൊണ്ട് വെക്കും. കണ്ടതിനും അറിഞ്ഞതിനും എത്രയോ അപ്പുറമാണ് അകലവും അടുപ്പവുമെന്നത് നമ്മെ നിരന്തരം ബോധ്യപ്പെടുത്തും.

പിരമിഡുകളെപ്പറ്റി ആദ്യം വായിച്ചത് പ്രശസ്ത നരവംശശാസ്ത്രജ്ഞനായ എ. അയ്യപ്പൻെറ ‘ഭാരതപ്പഴമ’ എന്ന പുസ്തകത്തിലാണ്. ആദ്യഘട്ടത്തിൽ ഫറോവമാർ എന്ന പ്രാചീന ഈജിപ്തിലെ രാജാക്കന്മാർ മരിക്കുമ്പോൾ, മരണാനന്തരം അവരെ സേവിക്കാൻ, അവരുടെ അടിമകളെയും ഉദ്യോഗസ്ഥരേയും കൂടി കൊന്ന് രാജാവിനൊപ്പം സംസ്കരിക്കുന്ന പതിവുണ്ടായിരുന്നത്രേ. പിന്നീടത് പ്രതിമകൾക്ക് വഴിമാറി. പുരോഗമനം കടന്നുവരുന്ന വഴികളും ജീവിതംപോലെ എത്രവിചിത്രം. എന്തോ ആവട്ടെ, ‘ഭൃത്യബലി’(Retainer sacrifice) അവസാനിച്ചല്ലോ, ആശ്വാസം. എന്നാൽ എൻ.വിയുടെ, “പഴയ പാട്ടിൽ” ബലി ആവശ്യപ്പെടുന്ന, ഭദ്രകാളിയെ ചവിട്ടിമറിച്ചിടുകയാണ്. പക്ഷേ അപ്പോൾപോലും ആ ബലി ഈജിപ്തിലെ ആദ്യകാല ഫറോവമാരുടെ സങ്കുചിത താൽപര്യം സംരക്ഷിക്കാൻ വേണ്ടി നടത്തിയ സ്വാർത്ഥബലിയായിരുന്നില്ല. പകരമത്, ഒരു ജനതയുടെ അതിജീവിനാവശ്യാർത്ഥം അവർതന്നെ രൂപപ്പെടുത്തിയൊരു ഭാവനാവകാശമാണ്. അരചൻ ഭൃത്യരെയല്ല സ്വന്തംമകളെയാണ് വംശരക്ഷക്ക് ബലികൊടുക്കാൻ സന്നദ്ധമാവുന്നത്. വേദനാജനകവും അസ്വീകാര്യവുമാണെങ്കിലും, അതിലൊരു ഔന്നത്യമുണ്ട്. ആശ്രിതബലി അല്ലെങ്കിൽ ഭൃത്യബലിയിലുള്ളത് അധികാരത്തിൻെറ അഹന്തയും അശ്ലീലതയുമാണ്. ഒരു വ്യാഖ്യാനസാഹസംകൊണ്ടും, അതിന്ന് മധുരം നൽകുവാൻ കഴിയില്ല. അശ്ലീലാധികാരത്തിൻെറ അതേ അഹന്ത വകുപ്പിലാണ് നമ്മുടെ തെങ്ങിനെക്കുറിച്ചുള്ള മിത്തും നിലകൊള്ളുന്നത്. കെട്ടുകഥകൾക്കിടയിലാണ് ജീവിക്കുന്നതറിഞ്ഞിട്ടും മനുഷ്യർ പിന്നെയും തൃപ്തിവരാതെ എത്രയെത്ര കെട്ടുകഥകളാണ് കെട്ടിയുണ്ടാക്കുന്നത്. തെങ്ങിനെക്കുറിച്ചുള്ള ഇബ്നുബത്തൂത്ത കഥയിങ്ങനെ.

 അനേകവർഷങ്ങൾക്കുമുമ്പ് ഇന്ത്യയിലെ ഒരു രാജസദസ്സിൽ സമർത്ഥനായൊരു തത്ത്വജ്ഞാനിയുണ്ടായിരുന്നു. രാജാവിന് അദ്ദേഹത്തെ വളരെ ബഹുമാനമാണ്. പ്രധാനമന്ത്രിയും അയാളും തമ്മിൽ അത്ര സുഖത്തിലല്ല. അവരന്യോന്യം ഉപദ്രവിക്കാനുള്ള അവസരങ്ങൾ പാർത്തു കഴിയുകയാണ്. ഒരു ദിവസം ആ തത്ത്വജ്ഞാനി രാജാവിനെ ഉണർത്തിച്ചു:

‘പ്രഭോ, അങ്ങയെ ഒരു കാര്യം ഗ്രഹിപ്പിക്കാൻ വളരെ നാളായി ഞാൻ ആഗ്രഹിക്കുന്നു. കാര്യം വളരെ ഗൌരവപ്പെട്ടതാണ്. അങ്ങ് എൻെറ ആത്മാർത്ഥതയിൽ കളങ്കം ദർശിക്കുമോ എന്ന ഭയത്താലാണ് ഞാനിതേവരെ അറിയിക്കാതിരുന്നത്. അങ്ങയുടെയും നാടിൻെറയും നന്മയെ ഓർത്ത് എനിക്കിനി അത് ഉണർത്താതിരിക്കുവാൻ വയ്യ. അങ്ങതിന് അനുമതി നൽകിയാലും.’ രാജാവിന് ഉത്കണഠ വർദ്ധിച്ചു. തത്ത്വജ്ഞാനി തുടർന്നു. ‘അത് പറയുമ്പോൾ ഏറ്റവും അധികം വേദന അനുഭവിക്കുന്നത് എൻെറ ഹൃദയമാണ്. എന്നാലും ഞാനത് പറയുന്നു. നമ്മുടെ പ്രധാനമന്ത്രിയുണ്ടല്ലോ, അദ്ദേഹത്തിൻെറ തല വെട്ടിക്കുഴിച്ചിട്ടാൽ അതിൽനിന്ന് ഒരു പ്രത്യേകവൃക്ഷം വളരുന്നതും അനന്യലഭ്യവും അത്യത്ഭുതകരവുമായ കായ് അതിന് ഉണ്ടാകുന്നതുമാണ്. നമുക്കു പ്രധാനമന്ത്രിയെ വേറെ ലഭിച്ചെന്നു വരും. ആ അത്ഭുതവൃക്ഷം മറ്റൊരാളുടെ ശിരസ്സിൽനിന്നും വളരുകയില്ല. അതിൻെറ നന്മ നമുക്ക് മാത്രമല്ല, ലോകത്തിനു മുഴുവൻ ലഭിക്കുന്നതാണ്.’

‘അതുപോലെ സംഭവിച്ചില്ലെങ്കിൽ...’ രാജാവ് സംശയം പ്രകടിപ്പിച്ചു.

‘എന്നാൽ എൻെറ തലയും അതുപോലെ വെട്ടി കുഴിച്ചിടാം’. തത്ത്വജ്ഞാനി ഉത്തരം നൽകി.

തത്ത്വജ്ഞാനിയുടെ വാക്കുകൾ വിശ്വസിച്ച രാജാവ് പ്രധാനമന്ത്രിയുടെ തലവെട്ടാൻ ആജ്ഞാപിച്ചു. തത്ത്വജ്ഞാനി ആ തലയെടുത്ത് ഒരു ഈത്തപ്പഴക്കുരു തലച്ചോറിൽ വെച്ചു കുഴിച്ചിട്ടു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു പ്രത്യേകതരം മരം മുളച്ചുവന്നു. വേണ്ടപോലെ ശുശ്രൂഷകൾ ചെയ്തതിനാൽ ആ വിചിത്രമരം പെട്ടെന്നു വളർന്നു. ആ മരമാണ് തെങ്ങ്. അതിന്മേൽ ഉണ്ടായതാണ് നാളികേരം.

Tags:    
News Summary - Ibn Battuta's coconut and G.P.'s 'pyramid'!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.