കഥപറയുന്ന കൽസ്തൂപങ്ങൾ, സോമൻ കരിവെള്ളൂർ, പാം പബ്ലിക്കേഷൻ
വിപ്ലവത്തിന്റെ നാടായ കരിവെള്ളൂരിന്റെ മണ്ണിലൂടെ, മണ്ണിന്റെ മണമുള്ള കഥകളെഴുതി അയാൾ നടക്കുന്നു. ജീവിത യാഥാർഥ്യങ്ങളുടെ, പച്ചയായി വായനക്കാരന്റെ നെഞ്ചിൽ മുറിവുകളുണ്ടാക്കുന്ന ഒരു പാട് കഥകളുടെ സമാഹാരമാണ് സോമൻ കരിവെള്ളൂരിന്റെ ‘കഥപറയുന്ന കൽസ്തൂപങ്ങൾ’ എന്ന പുസ്തകം. മരുഭൂ നഗരിയിലിരുന്ന് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
‘വിധി വിലക്കുവാങ്ങുന്നവർ’ എന്ന ആദ്യ കഥ നാട്ടുവിട്ടുപോയി തിരിച്ചുവരുമ്പോൾ അമ്മയും അനുജത്തിയും തന്നെ തിരിച്ചറിയാതെ മാറിയതുകണ്ട് തിരിച്ചുപോകുന്നവന്റെ നോവായി മാറുന്നു.
കഥപറയുന്ന കൽസ്തൂപങ്ങൾ എന്ന കഥയിൽ:
‘ഒതുക്കുകൾ കയറി രക്തസാക്ഷി മണ്ഡപത്തിനരികിലൂടെ നടന്നു. കരിവെള്ളൂർ രക്തസാക്ഷികൾ. രക്തസാക്ഷികൾ സിന്ദാബാദ് എന്ന് നീട്ടിവിളിച്ചു. പിന്നെ ചുറ്റും നോക്കി. ഇല്ല, ആരുമില്ല. പൊലീസുകാരുടെ തേർവാഴ്ചയുടെ അടയാളങ്ങളായി രണ്ട് കൽസ്തൂപങ്ങൾ, വീണ്ടും നടത്തമാരംഭിച്ചു. മുമ്പ്, നടന്നുവേണം തന്റെ നാടായ പലിയേരിയിലെത്താൻ. ഇപ്പോൾ റിക്ഷകൾ ധാരാളമുണ്ട്. വർഷങ്ങൾ പലത് കഴിഞ്ഞിട്ടും വലിയ മാറ്റങ്ങളൊന്നുമില്ലാത്ത ചെറിയ നഗരം. റോഡരികിൽ മൺകട്ട കൊണ്ടുണ്ടാക്കിയ ഇരുനില കെട്ടിടം. അതിന്റെ ചുവരിൽ എഴുതിയ വരികൾ. ‘അടിയന്തരാവസ്ഥ അറബിക്കടലിൽ...’ ഈ വരികൾ വായിക്കുമ്പോൾ പ്രവാസ ഭൂമിയിൽ ജോലി ചെയ്യുന്നവർക്ക് ഒരു കാര്യം തീർച്ചയാവും. എത്രയോ വിപ്ലവങ്ങൾ അന്ന് ഗൾഫിലെത്തിയിട്ടുണ്ടെന്ന്. പുഴയിറമ്പിലേക്ക് ചാഞ്ഞുകിടക്കുന്ന തേന്മാവും തിടമ്പേറ്റിനിൽക്കുന്ന ശീവേലി ആനകളും മനസ്സിൽ നിറയുന്നത് യാത്ര പുറപ്പെട്ട് പോയതിനുശേഷമായിരിക്കും. സ്വന്തം മണ്ണ് ദൂരെ ഓർമയാവുകയും എത്തിപ്പെടുന്നയിടം തന്റേതല്ലെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ തിരിച്ചുചെല്ലേണ്ട നാടിന്റെ ഓർമയിൽ അവൻ വെന്തുരുകുമെന്ന് തീർച്ച.
‘അവധി’ എന്ന കഥയിൽ, നാട്ടിലെത്തുമ്പോൾ കളി പ്പാട്ടം നൽകിയപ്പോൾ തുറിച്ചുനോക്കിയ മകനെ കണ്ടപ്പോഴുണ്ടായ അന്വതബോധം അയാളെ അലട്ടുന്നു. ചുട്ടുപൊള്ളുന്ന മരുഭൂക്കാറ്റ് നാട്ടിലും തന്റെ ഹൃദയത്തിലും ആഞ്ഞുവീശുന്നതയാൾ അറിയുന്നതപ്പോ ഴാണ്. ‘അവരോഹണം’ എന്ന കഥയിൽ, വർഷങ്ങൾക്കുശേഷം അയാൾ നിമ്മിയെ കാണുന്നു. പുറത്ത് ഇരുട്ടുപടരുമ്പോൾ അയാളുടെ മനസ്സിലും ഇരുട്ടുപടരുന്നു. ഇവിടെ യാത്ര പുറപ്പെട്ടുപോയവന്റെ നഷ്ടങ്ങളിലൊന്നാവുന്നു പ്രണയം. നീലക്കടലിനുമപ്പുറം എന്ന കഥ പ്രവാസ നാട്ടുനേർകാഴ്ചയാവുന്നു.
പെണ്ണുകാണാൻ പോകുന്ന, അവധിക്കുവന്ന പ്രവാസി. പെണ്ണ് കണ്ടു. സുന്ദരിയായ പെൺകുട്ടി പറഞ്ഞു, ‘എനിക്കിഷ്ടമല്ല ഈ നിക്കാഹിന്’. അയാൾ വീട്ടിലെത്തി നീലക്കണ്ണാടിയിൽ നോക്കി തന്റെ കഷണ്ടിയിലൂടെ വിരലോടിച്ചു. വർഷങ്ങളുടെ സമ്പാദ്യം... അയാൾ തിരിച്ചുപോയി, തന്റെ ദുരിതങ്ങൾ ഏറ്റുവാങ്ങിയ മരുഭൂമിയിലേക്ക്... ഇത്തരം ഒരുപാട് കഥകളുടെ നോവുകളാണ് ‘കഥപറയുന്ന കൽസ്തൂപങ്ങൾ’ എന്ന പുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.