മരുഭൂമിയിലെ വസന്തകാഴ്ചകൾ

തെളിനീർ ജലാശയം, ചുറ്റും വിരിഞ്ഞിറങ്ങിയ പക്ഷിക്കുഞ്ഞുങ്ങൾ, ഓടിക്കളിക്കുന്ന ചെറുജീവികൾ... ഒരു മരുഭൂമിയിലെ കുളിർക്കാഴ്ചകളാണിത്. സൗദി അറേബ്യയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ പരിപാലനത്തിനും വികസനത്തിനും വേണ്ടി അധികൃതർ നടപ്പിലാക്കിയ ബൃഹത്തായ പല പദ്ധതികളും ഇതിനകം വിജയമായിട്ടുണ്ട്. 2018ൽ റോയൽ ഓർഡർ പ്രകാരം സ്ഥാപിതമായ ‘കൗൺസിൽ ഓഫ് റോയൽ റിസർവ്സ്’ ആണ് സൗദിയിലെ റോയൽ റിസർവുകൾക്ക് മേൽനോട്ടം വഹിക്കുന്നത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ആണ് കൗൺസിൽ ഓഫ് റോയൽ റിസർവിന്റെ ചെയർമാൻ. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അതിവിശാലമായ എട്ട് റോയൽ റിസർവുകൾ അഥവാ രാജകീയ കരുതൽ ശേഖരങ്ങളുണ്ട്.

വന്യജീവി വസന്തം

വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ വിജയം പ്രകടമായ രാജ്യത്തെ രണ്ട് സംരക്ഷിത പ്രദേശങ്ങളാണ് ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ്, കിങ് ഖാലിദ് റോയൽ റിസർവ് എന്നിവ. ഈ വർഷം 145ലധികം വന്യജീവി കുഞ്ഞുങ്ങൾ ഇവിടങ്ങളിൽ മാത്രം പിറന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സ്വാഭാവിക പുനരുൽപാദനത്തിൽ കൈവരിച്ച ഈ നേട്ടം സൗദിയുടെ പരിസ്ഥിതി പുനരുദ്ധാരണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറിയിട്ടുണ്ട്. അറേബ്യൻ ഒറിക്‌സുകളുടെ ജനനമാണ് ഏറ്റവും കൂടുതൽ ഇവിടെ രേഖപ്പെടുത്തിയത്. സാൻഡ് ഗസലുകളും കേപ്പ് മുയലുകളും ചുവന്ന കഴുത്തുള്ള ഒട്ടകപ്പക്ഷികളും റോക്ക് ഹൈറാക്സ് തുടങ്ങിയ ജീവികളും ഇവയിൽ ഉൾപ്പെടുന്നു. നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫുമായി സഹകരിച്ച് നടത്തുന്ന സംയോജിത പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടം കൈവരിക്കാനായത്. മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തന്നെ വിജയകരമായി പുനരുൽപാദനം നടത്തുന്നത് പ്രജനന പരിപാടികളുടെ ഗുണമേന്മയെയാണ് സൂചിപ്പിക്കുന്നത്. പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ജൈവവൈവിധ്യം സുസ്ഥിരമായി നിലനിർത്തുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ആഗോളതലത്തിൽ തന്നെ വലിയ പ്രാധാന്യമാണുള്ളത്.

 ദേശാടനപ്പക്ഷികളുടെ സങ്കേതം

രാജ്യത്തെ വടക്കൻ പ്രവിശ്യയിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് ഇപ്പോൾ ദേശാടനപ്പക്ഷികളുടെ അപൂർവ സങ്കേതം കൂടിയാണ്. വംശനാശഭീഷണി നേരിടുന്ന 26 ഇനം പക്ഷികളടക്കം 290ലധികം ഇനങ്ങളിലുള്ള ദേശാടനപ്പക്ഷികൾ റിസർവിൽ കണ്ടെത്തിയിട്ടുണ്ട്. റോയൽ റിസർവിലെ ഫീൽഡ് ടീമുകൾ നടത്തിയ സർവേയിൽ പ്രദേശത്തെ അഞ്ച് സ്ഥലങ്ങളിൽ ഒന്നിൽ 300ലധികം വലിയ വെള്ള പെലിക്കനുകളെ കണ്ടെത്തി. തെക്കൻ രാജ്യങ്ങളിലേക്ക് ശൈത്യകാല ദീർഘയാത്ര തുടരുന്ന ഇവകൾ റിസർവിൽ വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കാഴ്ച കാണാം. ഈ മേഖലയിൽ സാധാരണ കാണാറുള്ള ദേശാടനപ്പക്ഷികളായ ഹെറോൺ, കഴുകൻ, ഹൗബറ എന്നിവയുൾപ്പെടെ 290ലധികം ഇനങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. അന്താരാഷ്ട്രതലത്തിൽ വംശനാശഭീഷണി നേരിടുന്നവയായി പട്ടികപ്പെടുത്തിയിരിക്കുന്ന 26 ഇനം പക്ഷികൾക്ക് ഈ റിസർവ് ആവാസ കേന്ദ്രമാണ്.

ഏഷ്യയിൽനിന്നും യൂറോപ്പിൽനിന്നും ശരത്കാലത്തെത്തുന്ന പക്ഷികൾക്കുള്ള രാജ്യത്തെ പ്രഥമ താവളങ്ങളിൽ ഒന്നാണിത്. വസന്തകാലത്ത് ദേശാടനപ്പക്ഷികൾ വടക്കോട്ട് പോകുന്നതിന് മുമ്പുള്ള വാസത്തിന് പ്രദേശത്തെത്തുന്നു. സൗദിയിലെ വടക്കൻ പ്രവിശ്യയിലെ തബൂക്ക്, അൽ ജൗഫ്, ഹാഇൽ എന്നീ നഗരങ്ങളെ ഏകോപിപ്പിച്ചാണ് ഈ റിസർവ്. ദേശാടനപ്പക്ഷികളുടെ പ്രധാന കേന്ദ്രമായി മാറിയ ഈ സംരക്ഷിത പ്രദേശത്ത് അറേബ്യൻ ഒറിക്‌സുകൾ, മാനുകൾ, പുള്ളിപ്പുലികൾ എന്നിവയുൾപ്പെടെ 1200 ലേറെ വന്യജീവികളെയും പുനരധിവസിപ്പിച്ചിട്ടുണ്ട്.

ഇക്കോ ടൂറിസം

ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവിലും കിങ് ഖാലിദ് റോയൽ റിസർവിലും ഇക്കോ ടൂറിസം കൂടി കൂടുതൽ സജീവമാക്കിയിരിക്കുകയാണ് സൗദി ടൂറിസം അതോറിറ്റി. പരിസ്ഥിതിക്ക് കേടുപാടുകൾ വരുത്താതെയും ആവാസവ്യസ്ഥയെ താറുമാറാക്കാതെയും നടത്തുന്ന വിനോദ സഞ്ചാര പദ്ധതിയായ ഇക്കോ ടൂറിസം രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇതിനകം വളർന്നുകഴിഞ്ഞു. ‘അൽ അർമ സീസൺ’ എന്ന പേരിൽ ഈയിടെ നടന്ന ഇക്കോ ടൂറിസം പ്രോഗ്രാമിൽ 400,000ത്തിലധികം സന്ദർശകരെ ആകർഷിച്ചിരുന്നു. കഴിഞ്ഞ നാല് സീസണുകളിലായി മൊത്തം 900,000ത്തിലധികം ഇക്കോ ടൂറിസ്റ്റുകളെ ആകർഷിച്ചതായി അതോറിറ്റി വ്യക്തമാക്കുന്നു. ക്യാമ്പിങ്, ഹൈക്കിങ്, ഒട്ടകസവാരി, സൈക്ലിങ്, സഫാരി യാത്രകൾ, നക്ഷത്ര നിരീക്ഷണം, ഇവന്റുകൾ, പ്രാദേശിക ഉൽപന്നങ്ങളുടെ കേന്ദ്രങ്ങൾ, ഭക്ഷണ ട്രക്കുകൾ, ടൂറിസ്റ്റ് ഗൈഡുകൾ എന്നിവ ഇവിടെയുണ്ട്.

ആഗോള നെറുകയിൽ റോയൽ റിസർവുകൾ

വടക്കൻ മേഖലയിൽ 1,300 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് ഇപ്പോൾ വന്യജീവികളുടെ അപൂർവ സംഗമത്തിന്റെ ഇടമായി മാറിയിരിക്കുകയാണ്. ഇവിടത്തെ പ്രകൃതി സംരക്ഷിത വനപ്രദേശത്തിന് പരിസ്ഥിതി സംരക്ഷണ സംഘടനയായ ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വറിന്റെ (ഐ.യു.സി.എന്‍) ഗ്രീൻ ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്. റോയൽ റിസർവിന്റെ വിഭവങ്ങൾ സംരക്ഷിക്കുന്നതിലും, പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിലും, പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുന്നതിലും സൗദി അതോറിറ്റി കൈവരിച്ച നേട്ടങ്ങൾ അവലോകനം ചെയ്ത ശേഷമാണ് ഗ്രീൻ ലിസ്റ്റിൽ റോയൽ റിസർവ് ഉൾപ്പെടുത്തിയത്.

സൗ​ദി അ​റേ​ബ്യ​യി​ലെ റോ​യ​ൽ റി​സ​ർ​വു​ക​ളി​ൽനി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ 

 

Tags:    
News Summary - Spring scenes in the desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.