തിരുവനന്തപുരം: സ്ത്രീശക്തീകരണത്തിന്റെ തിളങ്ങുന്ന മാതൃക സൃഷ്ടിച്ച് അദാനി വിഴിഞ്ഞം പോർട്ടിലെ വനിത ക്രെയിൻ ഓപറേറ്റർമാർ. വിഴിഞ്ഞം സ്വദേശികളായ ഏഴുപേർ ഉൾപ്പെടെ ഒമ്പത് വനിതാ ഓപറേറ്റർമാരാണ് പോർട്ടിലെ യാർഡ് ക്രെയിനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ആകെ 20 ക്രെയിൻ ഓപറേറ്റർമാരാണ് വിഴിഞ്ഞത്ത് ജോലി ചെയ്യുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് വനിതകൾ ഓട്ടോമേറ്റഡ് സി.ആർ.എം.ജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി. പ്രിനു, എസ്. അനിഷ, എൽ. സുനിത രാജ്, ഡി.ആർ. സ്റ്റെഫി റബീറ, ആർ.എൻ. രജിത, പി. ആശാലക്ഷ്മി, എ.വി. ശ്രീദേവി, എൽ. കാർത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപറേറ്റർമാർ. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള വനിതകളും ടീമിലുണ്ട്. അതീവ വൈദഗ്ധ്യത്തോടെ ചെയ്യേണ്ട ജോലിയാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്.
പോർട്ട് യാർഡിലെ കണ്ടെയ്നറുകളുടെ നീക്കം ഓപറേഷൻ സെന്ററിലെ അത്യാധുനിക റിമോർട്ട് ഡെസ്ക് വഴിയാണ് നിയന്ത്രിക്കുന്നത്. സയൻസ് ഡിഗ്രി, പി.ജി യോഗ്യതയുള്ള ഇവർ അദാനി വിഴിഞ്ഞം പോർട്ടിൽ അദാനി ഫൗണ്ടേഷനുകീഴിലുള്ള അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയാണ് ജോലിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.