കരിയാട് കവലയിൽ കച്ചവടം
ചെയ്യുന്ന സുനി
കരിയാട്: വൈകല്യങ്ങളെ അതിജീവിച്ച് ആത്മാഭിമാനത്തിന്റെയും ഇഛാശക്തിയുടെയും വേറിട്ട മാതൃകയാകുകയാണ് നെടുമ്പാശ്ശേി സ്വദേശിനി സുനി (35). തുരുത്തിശ്ശേരി മൽപ്പാൻ വീട്ടിൽ വർക്കി- മറിയാമ്മ ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ രണ്ടാമത്തവളാണ് കാലിന് ജന്മനാ വൈകല്യവും, ബലക്ഷയവും സംഭവിച്ച സുനി. നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്തോഫിസിന് സമീപം കരിയാട്-വിമാനത്താവള റോഡരികിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മാനിച്ച
കിയോസ്കിൽ കച്ചവടം നടത്തുകയാണിവർ. അച്ചപ്പം, കുഴലപ്പം, പപ്പടവട തുടങ്ങിയ പലഹാരങ്ങളാണ് പ്രധാനമായും മൊത്തമായും ചില്ലറയായും വിൽക്കുന്നത്.
ഓർഡർ അനുസരിച്ച് വീട്ടിലിരുന്ന് അമ്മയോടൊപ്പമാണ് പലഹാരമുണ്ടാക്കുന്നത്. ജനിച്ചത് മുതൽ പലവിധ ചികിത്സകളും, ശസ്ത്രക്രിയകളും നടത്തിയെങ്കിലും ഫലം കണ്ടില്ല. അതോടെ വിധിയെ പഴിച്ച് കാലം തീർക്കാതെ ജീവിതത്തെ താളാത്മകമായി അതിജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. തലച്ചോറ് ചെറുതായതിനാൽ വലുതാകുമ്പോൾ ബുദ്ധിക്ഷയം സംഭവിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. കാക്കനാട് ഹോമോ ഫെയ്ത്ത് മഠത്തിൽ 10ാം ക്ലാസ് വരെ പഠിച്ചു. രണ്ട് സഹോദരിമാരെ വിവാഹം ചെയ്തയച്ചതോടെ രോഗിയായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സുനിയുടെ ചുമലിലായി.
അതിന് ശേഷം യൂട്യൂബ് വഴി വീടിനകത്തിരുന്ന് മനോഹരമായ കരകൗശല വസ്തുക്കളുണ്ടാക്കാൻ പഠിച്ചു. കളിപ്പാവകൾ, കളിപ്പാട്ടങ്ങൾ, മുത്ത് മാലകൾ, കമ്മലുകൾ, കൈചെയിൻ...ആവശ്യക്കാരുടെ അഭിരുചിക്കനുസരിച്ച് നിർമിച്ച് നൽകുകയായിരുന്നു. എന്നാൽ തുച്ഛ വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കാനാകാതെ വന്നു. അതോടെ കരകൗശല വസ്തുക്കൾ കരിയാട് കവലയിൽ കൊണ്ട് വന്ന് വിൽക്കാൻ തുടങ്ങി.
കൈകുത്തി കാൽ വലിച്ച് വച്ച് ഇഴഞ്ഞാണ് വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരം സഞ്ചരിച്ചിരുന്നത്. സുനിയുടെ അവസ്ഥ നേരിട്ടറിഞ്ഞ സ്വകാര്യ ധനകാര്യ സ്ഥാപനം ഇലക്ട്രിക് വീൽ ചെയർ സമ്മാനിച്ചു. ഏതാനും വർഷം കഴിഞ്ഞതോടെ വീൽചെയർ തകരാറിലായി. പിന്നീട് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ആധുനിക വീൽ ചെയർ സമ്മാനിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടപെട്ടതോടെ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നെടുമ്പാശ്ശേരി മേഖല മർച്ചന്റ് വെൽഫെയർ ട്രസ്റ്റ് കിയോസ്കും നൽകി. അതിൽ മിഠായികളും ചെറിയ തോതിൽ സ്റ്റേഷനറി
സാധനങ്ങളും വിൽപന തുടങ്ങി. രാവിലെ വീട്ടിൽ നിന്ന് സുനിയുടെ വീൽചെയറിനൊപ്പം വരുന്നതും കടയിൽ കയറ്റുന്നതും വൈകീട്ട് കടയിൽ നിന്നിറക്കുന്നതും,വീട്ടിലേക്ക് ഒപ്പം പോകുന്നതും അമ്മയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.