പി.കെ. ഐശ്വര്യ
വിജയത്തിന് വഴി ഒന്നേയുള്ളൂ. ആത്മസമർപ്പണത്തിന്റെ അഗ്നിയിൽ സ്ഫുടംചെയ്ത ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും വഴി. 2024ലെ മികച്ച വനിതാ കായികതാരത്തിനുള്ള ജി.വി. രാജാ പുരസ്കാര നിറവിൽ നിൽക്കുമ്പോൾ പി.കെ. ഐശ്വര്യ എന്ന ഇന്ത്യൻ നെറ്റ്ബാൾ താരത്തിന്റെ വിജയവഴികളിൽ ഈ മൃദുമന്ത്രണമുണ്ട്. നെറ്റ്ബാളിൽ ഇന്ത്യക്കായി രാജ്യാന്തരവേദിയിൽ ഇറങ്ങിയ ആദ്യ കേരള സീനിയർ താരമായ ഐശ്വര്യ മികച്ച ബാസ്കറ്റ്ബാൾ താരം കൂടിയാണ്.
ഐശ്വര്യ കുടുംബത്തോടൊപ്പം
കുഞ്ഞുനാളിലേ സ്വപ്നങ്ങളിൽ സ്പോർട്സ് നിറം ചാർത്തിയിരുന്നു. ആകാശനീലിമയിൽ തെന്നിനീങ്ങുന്ന വിമാനം കാണുമ്പോഴൊക്കെ ഒരു കായികതാരമായി ആകാശയാത്ര നടത്തുന്നത് മനസ്സിൽ കാണുമായിരുന്നു. കോഴിക്കോട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ കളിമുറ്റത്ത് അത്ലറ്റിക് ഇനങ്ങളിൽ പിച്ചെവച്ച് നടത്തിച്ചത് മാതാപിതാക്കൾ. അവരാണ് മകളിലെ കായികതാരത്തെ കണ്ടെടുത്ത് വളർത്തിയത്. സ്പോർട്സിലും മറ്റു പാേഠ്യതര പ്രവർത്തങ്ങളിലും പ്രോത്സാഹിപ്പിക്കുന്ന സ്കൂളിന്റെ സമീപനം തുണയായി. അക്കാലത്ത് വിവിധ ഇനങ്ങളിൽ മത്സരിക്കുമായിരുന്നു. നൃത്തത്തിനൊപ്പം ഡിസ്കസ്, 100-200 മീറ്റർ ഓട്ടം, ജാവലിൻ ത്രോ, കരാട്ടേ... പങ്കെടുത്ത മത്സരങ്ങളുടെ നിര അങ്ങനെ നീളുന്നു. ആദ്യമായി പങ്കെടുത്ത ടീം ഇനം ഖോ ഖോയാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സി.ബി.എസ്.ഇ സ്പോർട്സ് മത്സരത്തിൽ ജാവലിൻ ത്രോയിൽ മെഡൽ നേടാനായി. സിൽവർ ഹിൽസ് സ്കൂളിൽ പ്ലസ് വണിന് പഠിക്കുമ്പോഴാണ് നെറ്റ്ബാളിലേക്ക് ശ്രദ്ധതിരിച്ചത്. അപ്പോഴും ബാസ്കറ്റ് ബാളിനോട് ബ്രേക്ക്അപ് ആവാൻ മനസ്സു സമ്മതിച്ചില്ല. ഒടുവിൽ രണ്ടിനുമായി ഹൃദയം പകുത്തുനൽകി. ആ തീരുമാനം തെറ്റിയില്ല. രണ്ട് ഇനങ്ങളിലും വിജയശൈലങ്ങൾ കീഴടക്കാൻ ഐശ്വര്യക്കായി.
പുരസ്കാരത്തിലേക്ക്
നെറ്റ്ബാളിലെ മികവിനാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക അവാർഡായ ജി.വി. രാജ പുരസ്കാരം ഐശ്വര്യയെ തേടിയെത്തിയത്. 2022ൽ സിംഗപ്പൂരിലും 2024ൽ ബംഗളൂരുവിലും വെച്ച് നടന്ന ഏഷ്യൻ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ആദ്യ ദേശീയതല നേട്ടം 2019ൽ ഡൽഹിയിൽ നടന്ന സ്കൂൾ നാഷനൽ ബാസ്കറ്റ്ബാൾ മത്സരമായിരുന്നു.
ഇവക്കുപുറമേ രണ്ട് ദേശീയ ഗെയിമുകളിലും കളിക്കാനായി. 2023ൽ ഗോവ ദേശീയ ഗെയിംസിൽ വെങ്കലമെഡൽ നേടിയ കേരള ടീം അംഗമായി. 2025ൽ ഉത്തരാഖണ്ഡ് നാഷനൽ ചാമ്പ്യൻഷിപ്പിലും ടീം വിജയത്തിന് മുതൽക്കൂട്ടായി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജിലെ ഡിഗ്രി പഠനകാലത്ത് അന്തർ സർവകലാശാലാ തലത്തിൽ രണ്ടു തവണ റണ്ണറപ്പായ കാലിക്കറ്റ് സർവകലാശാല ടീമിലും ഐശ്വര്യയുടെ സാന്നിധ്യമുണ്ടായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോൾ ഓൾ ഇന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ കേരള സർവകലാശാല ടീമിനെ നയിക്കുകയും റണ്ണർഅപ് ആവുകയും ചെയ്തു. 2024ൽ ബംഗളൂരുവിൽ നടന്ന ഏഷ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു.
ബാസ്കറ്റ് ബാളിലും താരം
ബാസ്കറ്റ് ബാളിലും തന്റെ ഇടം കണ്ടെത്തിയിട്ടുണ്ട് ഈ താരം. 2019ലെ ഡൽഹി സ്കൂൾ നാഷനൽ ചാമ്പ്യൻഷിപ്പിലാണ് ആദ്യ പങ്കാളിത്തം. ഇന്ത്യ യൂനിവേഴ്സിറ്റി ഗെയിംസിലും ബാസ്കറ്റ്ബാളിനായി ജഴ്സിയണിഞ്ഞു. കാലിക്കറ്റ്, കേരള, എം.ജി സർവകലാശാലകളെ പ്രതിനിധാനം ചെയ്തും കളത്തിലിറങ്ങി. 2022ലെ മത്സരശേഷം പരിക്കേൽക്കുകയും ശസ്ത്രക്രിയക്ക് വിധേയയാവുകയും ചെയ്തത് കായികസ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തുമോ എന്ന് ഐശ്വര്യ ഭയപ്പെട്ടു. പക്ഷേ, സ്പോർട്സിനോടുള്ള അദമ്യമായ സ്നേഹവും അശ്രാന്ത പരിശ്രമവും ദേശീയ ടീമിൽ തിരിച്ചെത്തിച്ചു.
ഐശ്വര്യയുടെ സ്പോർട്സ് സ്വപ്നങ്ങൾക്ക് ചിറകായി കുടുംബം ഒപ്പമുണ്ട്. പിതാവ് എസ്. മുരളിയും മാതാവ് നിഷിധയും കായിക മുേന്നറ്റങ്ങൾക്ക് എന്നും കരുത്തുപകരുന്നു. സഹോദരങ്ങളായ പി.കെ. ആനന്ദും പി.കെ. അശ്വതിയും നെറ്റ് ബാളിലും ബാസ്കറ്റ് ബാളിലും സജീവ സാന്നിധ്യമാണ്. ആനന്ദ് ബാസ്കറ്റ് ബാൾ ദേശീയ ടീം അംഗമാണ്. നെറ്റ് ബാളിലും ദേശീയതാരമാണ്. ഖേലോ ഇന്ത്യ ബാസ്കറ്റ് ബാൾ ടീമിലും ഇടംപിടിച്ചിരുന്നു. സഹോദരി യൂനിവേഴ്സിറ്റിതല ബാസ്കറ്റ് ബാൾ ടീം അംഗമായിരുന്നു. ഇന്ത്യൻ നെറ്റ്ബാൾ ദേശീയ പരിശീലന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തന്റെ കഴിവിലും അർപ്പണബോധത്തിലും വിശ്വാസമർപ്പിച്ച് കോച്ചുമാരായ വിക്രമാദിത്യ റെഡ്ഡിയുടെയും വിവേക് കുമാർ സെയിനിന്റെയും പരിശീലനത്തിൽ വരാനിരിക്കുന്ന വിവിധ മത്സരങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഐശ്വര്യ.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.