കാന്തല്ലൂർ ചാന്ദ്രമണ്ഡലത്തിലെ കുന്നിൻ
ചരിവിലെ വീടിനുസമീപം
ഇന്ദിര സുകുമാരൻ
പ്രകൃതിയോടും വന്യമൃഗങ്ങളോടും ജീവിത പ്രതിസന്ധികളോടും പടപൊരുതി ഇടുക്കി കാന്തല്ലൂർ ചാന്ദ്രമണ്ഡലത്തിലെ കുന്നിൻചരിവിനെ ഇന്ദിരാമ്മ അതിജീവനത്തിന്റെ പോർക്കളമാക്കുകയാണ്. ഏത് സമയത്തും മുന്നിലെത്തുന്ന വന്യമൃഗങ്ങളെ പോലും ഭയക്കാതെ മാനസിക വെല്ലുവിളി നേരിടുന്ന തന്റെ മകനൊപ്പമാണ് ഈ 65 കാരിയുടെ വാസം. തങ്ങൾക്കൊപ്പം താമസിക്കാനെത്തിയവർ ഓരോരുത്തരായി പ്രദേശത്തുനിന്ന് ഒഴിഞ്ഞെങ്കിലും മറ്റ് മാർഗങ്ങളൊന്നുമില്ലാത്തതിനാൽ ജീവിതം ഇവിടെത്തന്നെ തുന്നിക്കൂട്ടുകയാണിവർ. 2012ലാണ് ഇന്ദിര കാന്തല്ലൂരിലെ ചാന്ദ്രമണ്ഡലത്തിലെത്തുന്നത്.
ചെങ്ങറയിൽ ഭൂമിക്കായി സമരം ചെയ്ത കുടുംബങ്ങളിൽ കുറച്ചുപേർക്ക് സർക്കാർ നൽകിയ ഭൂമിയിൽ ജീവിതം കരുപ്പിടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭർത്താവ് സുകുമാരനും മകനുമൊപ്പം മലകയറുന്നത്. ഭൂമി ലഭിച്ചവരിൽ കുറച്ചുപേർ മാത്രമാണ് ഇവിടേക്ക് എത്തിയത്. വന്യമൃഗങ്ങളുടെ ശല്യവും പ്രതികൂല കാലാവസ്ഥയും മൂലം, താമസിച്ചിരുന്നവരൊക്കെ ഒന്നൊന്നായി ഒഴിഞ്ഞുപോയി. നാട്ടിൽപോയി വരാമെന്നുപറഞ്ഞാണ് പലരും പോകുന്നതെങ്കിലും ഇവരെയൊന്നും പിന്നീട് ചാന്ദ്രമണ്ഡലത്തിൽ കണ്ടിട്ടില്ല. അഞ്ചുവർഷമായി ഇന്ദിരാമ്മയും കുടുംബവും മാത്രമാണ് ഇവിടെ താമസം. ആറുമാസം മുമ്പ് ഭർത്താവ് സുകുമാരനും അസുഖബാധിതനായി മരണപ്പെട്ടതോടെ ഇവരുടെ ജീവിതം കൂടുതൽ സങ്കീർണമായി.
വിശപ്പൊതുക്കാൻ കിഴങ്ങും പച്ചവെള്ളവും
മലകയറി ആദ്യമെത്തിയത് കാന്തല്ലൂർ വേട്ടക്കാരൻമേട്ടിലാണ്. സ്ഥലം കണ്ടെത്തി പ്ലാസ്റ്റിക് ഷെഡ് കെട്ടി താമസം തുടങ്ങി. രക്തമൂറ്റിക്കുടിക്കുന്ന അട്ടകളായിരുന്നു പ്രധാന വെല്ലുവിളി. കിഴങ്ങും പച്ചവെള്ളവുമൊക്കെ കുടിച്ച് ജീവൻ നിലനിർത്തിയ നാളുകളായിരുന്നു അതെന്ന് ഇന്ദിരാമ്മ ഓർക്കുന്നു. അവിടെനിന്നാണ് ചാന്ദ്രമണ്ഡലത്തിലെത്തുന്നത്. ഏകാന്തത പുതച്ച് കിടക്കുന്ന ഒരിടം എന്നുവേണമെങ്കിൽ പ്രദേശത്തെ പരിചയപ്പെടുത്താം. ജീപ്പ് മാത്രമാണ് ഇവിടേക്കുള്ള യാത്രാമാർഗം. താമസിക്കുന്ന സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റർ നടന്നെത്തിയാണ് ബസിലും മറ്റും കാന്തല്ലൂർ, മറയൂർ ഭാഗങ്ങളിലേക്ക് പോകുന്നത്. സുകുമാരനും ഇന്ദിരയും ചേർന്ന് കാട് വെട്ടിമാറ്റി കുന്നിൻചരിവിൽ താമസിക്കാൻ ഒരു കൊച്ചുസ്ഥലം കണ്ടെത്തി. മലയിൽ പുല്ല് നട്ടുവളർത്തി ചൂൽ നിർമിക്കുന്നവർക്ക് നൽകി ഉപജീവന മാർഗം കണ്ടെത്തി. പിന്നീട് ചൂൽ നിർമിക്കുന്നത് പഠിച്ചെടുത്തു. താമസിക്കുന്ന ഷെഡിന് സമീപത്തായി പുല്ല് നട്ടുപിടിപ്പിച്ച് പുൽത്തൈലം നിർമിച്ച് വിൽക്കാൻ തുടങ്ങി. ചേമ്പ്, കാപ്പി, കിഴങ്ങ് തുടങ്ങിയ കൃഷിയും ചെറിയ തോതിൽ തുടങ്ങി.
വീടിനുമുന്നിൽ കാട്ടാനയും പുലിയും
വന്യമൃഗങ്ങൾ ഇവിടെ നിത്യസന്ദർശകരാണ്. ഒരു ദിവസം രാത്രി ശബ്ദം കേട്ട് നോക്കുമ്പോൾ കാട്ടാനക്കൂട്ടം തൊട്ടുമുന്നിൽ വന്നുനിൽക്കുകയാണ്. അടിമുടി ഭയന്നുപോയി. ഭാഗ്യംകൊണ്ട് അവ മടങ്ങി. പിന്നീട് പലപ്പോഴായി ആനകൾ വന്നു. ഇതുവരെ ജീവന് വെല്ലുവിളിയായില്ലെങ്കിലും ഉപജീവനമായ കൃഷിയും പുല്ലുമൊക്കെ ചവിട്ടി നശിപ്പിക്കുമെന്ന സങ്കടമാണ് ഇന്ദിരാമ്മക്കുള്ളത്. ഒരിക്കൽ വളർത്തുനായുടെ കുര കേട്ട് വീടിന് മുന്നിലേക്ക് ഇറങ്ങിനോക്കുമ്പോൾ പുലി കടിച്ചെടുത്ത് ഓടുന്നതാണ് കാണുന്നത്. കഴിഞ്ഞ ഓണത്തിന് ഗ്രാമത്തിലുള്ളവർ ചേർന്ന് വീട് നിർമിച്ചു നൽകിയതായി ഇന്ദിരാമ്മ പറഞ്ഞു.
പോകാൻ ഒരിടവും കൈയിൽ പണവുമില്ലാത്തതിനാൽ ഇവിടെ തുടരാതിരിക്കാൻ കഴിയില്ലല്ലോ എന്നാണ് ഇന്ദിരാമ്മ പറയുന്നത്. ആരോഗ്യ പ്രശ്നങ്ങളൊക്കെ ഏറെയുണ്ട്. മകന് 45 വയസ്സുണ്ടെങ്കിലും എപ്പോഴും ഒരാൾ കൂടെ വേണം. എത്രനാൾ ഇങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ല. പാർക്കാൻ നല്ല ഒരിടം ലഭിച്ചാൽ ഇവിടെ നിന്നിറങ്ങാൻ തയാറാണ്. അതല്ലെങ്കിൽ ഈ ചാന്ദ്രമണ്ഡലത്തിൽ തന്നെ പോരാടി ജീവിക്കുമെന്നും ഇവർ നിശ്ചയദാർഢ്യത്തോടെ പറഞ്ഞു.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.