സെലസ് ലോക കുറാഷ് മത്സരം
നിയന്ത്രിക്കുന്നു
മട്ടാഞ്ചേരി: 20 വയസ്സിനിടെ രണ്ട് കായിക ഇനങ്ങളുടെ രാജ്യാന്തര റഫറി സ്ഥാനവും മൂന്ന് ആയോധന കലകളുടെ ഇന്റർനാഷനൽ കോച്ചിങ് ലൈസൻസും കരസ്ഥമാക്കി കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസിലെ ബി.ബി.എ അവസാന വർഷ വിദ്യാർഥിനി സെലസ് മരിയ രാജൻ. ഉസ്ബകിസ്ഥാൻ ആയോധന കലയായ കുറാഷ്, ജപ്പാൻ ആയോധനകലയായ ജു - ജിറ്റ് സു എന്നീ കായിക ഇനങ്ങളുടെ ലോക മത്സരങ്ങൾ നിയന്ത്രിക്കാനുള്ള പരീക്ഷകൾ പാസായാണ് സെലസ് ലൈസൻസ് നേടിയത്.
ഇസ്രായേലി ആയോധന കലയായ ക്രാവ് മാഗയിലും ഇന്റർനാഷനൽ കോച്ചിങ് ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് കായിക ഇനങ്ങളിലും ദേശീയ, അന്തർ ദേശീയ തലങ്ങളിൽ ചെറുപ്രായം മുതൽ സെലസ് മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. ജുഡോയിലും തായ്ക്വാൻഡോ സംസ്ഥാന, യൂനിവേഴ്സിറ്റി, ഇന്റർവാഴ്സിറ്റി മത്സരങ്ങളിൽ സെലസ് മെഡലുകൾ നേടിയിട്ടുണ്ട്.
പതിനെട്ടാം വയസ്സിലാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൺ സ്റ്റാർ കുറാഷ് റഫറിയായി തെരഞ്ഞെടുക്കപ്പെട്ടത്. യു.പിയിലെ ഷെഹറാൻപൂരിൽ നടന്ന അന്തർദേശീയ മത്സരത്തിൽ കന്നി മത്സരം നിയന്ത്രിക്കാനിറങ്ങിയ സെലസ് ഇന്റർനാഷനൽ കുറാഷ് അസോസിയേഷൻ ഭാരവാഹികൾക്ക് മുമ്പിൽ മികവ് തെളിയിച്ചു. പിന്നീട് കോംമ്പാറ്റ് ജു-ജിറ്റ്സുവിലും ഇന്റർനാഷനൽ റഫറി ടെസ്റ്റ് എഴുതി. യൂനികോൺ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്. സെലസിന്റെ കുടുംബം മുഴുവൻ കായിക രംഗത്ത് സജീവമാണ്.
പിതാവ് രാജൻ വർഗീസ് കുറാഷ്, ജൂഡോ, ജു- ജിറ്റ്സു എന്നീ കായിക ഇനങ്ങളുടെ ഇന്റർനാഷനൽ റഫറിയും ഇന്ത്യയിലെ ആദ്യ കോംമ്പാറ്റ് ജു-ജിറ്റ്സു സെവൻത് ഡാൻ റെഡ് ആൻഡ് വൈറ്റ് ബെൽറ്റ് ജേതാവുമാണ്. മാതാവ് ടെസ് നി രാജൻ കുറാഷ് അസോസിയേഷൻ ഓഫ് ഇന്ത്യ വിമൻസ് എത്തിക്സ് കമ്മിറ്റി ചെയർപേഴ്സനും മുൻ ദേശീയ ജൂഡോ താരവുമാണ്. ഇളയ സഹോദരങ്ങളായ റൊവാൻ മരിയയും വർഗീസ് രാജനും ജു - ജിറ്റ്സു, കുറാഷ് എന്നീ ഇനങ്ങളിൽ ഇന്ത്യക്ക് വേണ്ടി മെഡലുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.