കൊച്ചി: ഇന്റർനാഷനൽ പ്രാക്ടിക്കൽ ഷൂട്ടേഴ്സ് കോൺഫെഡറേഷൻ (ഐ.പി.എസ്.സി) സംഘടിപ്പിച്ച ‘യു.എസ്.എ. എക്സ്ട്രീം ഓപ്പൺ ഗ്ലോബൽ എക്സ്ട്രീം’ ടൂർണമെന്റിൽ അമേരിക്കയെ പ്രതിനിധീകരിച്ച് മത്സരിച്ചത് മലയാളി വനിത. എറണാകുളം വെണ്ണലയിൽനിന്നുള്ള സിന്ധു ഉസ്സനാർ. ഫ്ലോറിഡയിൽ നടന്ന ടൂർണമെന്റിൽ പങ്കെടുത്ത ഏക മലയാളി കൂടിയാണിവർ. സാധാരണ എയർ റൈഫിൾ ഷൂട്ടിങ്ങിൽനിന്ന് വ്യത്യസ്തമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ ‘പ്രാക്ടിക്കൽ ഷൂട്ടിങ്ങിലാണ് സിന്ധു തന്റെ പ്രതിഭ തെളിയിക്കുന്നത്.
പ്രത്യേകിച്ച് തയാറെടുപ്പുകൾ ഇല്ലാതെ ചലിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളെയും തടസ്സങ്ങളെയും മറികടന്ന് വേഗതയിലും കൃത്യതയിലും ഉന്നം വെച്ച് നിറയൊഴിക്കുന്ന രീതിയാണിത്. ഇന്ത്യയിൽ സാധാരണക്കാർക്ക് കൈവശം വെക്കാനോ ഉപയോഗിക്കാനോ നിരോധനമുള്ള ഒമ്പത് എം.എം (മില്ലി മീറ്റർ) വെടിയുണ്ടകളാണ് യു.എസ്.എ എക്സ്ട്രീം ഓപ്പൺ ടൂർണമെന്റിൽ ഉപയോഗിക്കുന്നത്.
മൂന്ന് വർഷം മുമ്പ് അമേരിക്കയിലെത്തിയ സിന്ധുവിന് അമേരിക്കൻ പൗര അല്ലാത്തതിനാൽ തോക്ക് വാങ്ങുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇത് മറികടക്കാൻ വേട്ടക്കുള്ള ലൈസൻസ് എടുത്തായിരുന്നു ആദ്യ തോക്ക് വാങ്ങിയത്. ഇതുപയോഗിച്ചായിരുന്നു പരിശീലനവും ആദ്യ മത്സരങ്ങളിൽ പങ്കെടുത്തതുമെല്ലാം.
സമ്മാനമായി ലഭിച്ചതാകട്ടെ മികച്ച രണ്ട് പ്രഫഷനൽ തോക്കുകളും. ഡെൻവറിൽ എൽ.ടി.ഐ മൈൻഡ് ട്രീ എന്ന സോഫ്റ്റ് വെയർ കമ്പനിയിൽ ജാവ ആർകിടെക്ടായ സിന്ധുവിന് ബിസിനസുകാരനായിരുന്ന പിതാവ് ഉസ്സനാരിൽനിന്ന് ലഭിച്ചതാണ് ഷൂട്ടിങ്ങിനോടുള്ള ഇഷ്ടം. പിതാവ് മികച്ച ഷൂട്ടർ കൂടിയായിരുന്നു. പരിശീലനം കൂടി ലഭിച്ചതോടെ സിന്ധു വേഗത്തിൽ വെടിയുണ്ടകൾ ലക്ഷ്യത്തിലേക്ക് പായിച്ചു.
നാഷനൽ ഗെയിംസിൽ എട്ട് സ്വർണം ഉൾപ്പെടെയുള്ള 18 മെഡലുകൾ തുടങ്ങിയവയെല്ലാം ഈ അർപ്പണ ബോധത്തിന് ലഭിച്ച നേട്ടങ്ങളാണ്. ഒരു താരം എന്നതിനപ്പുറം വിവിധ ഷൂട്ടിംഗ് മത്സരങ്ങളിലെ മുഖ്യ വിധികർത്താവ് കൂടിയായിരുന്നു അവർ. അന്തരിച്ച ഡോ. ജമീല ഉസ്സനാറാണ് മാതാവ്. സിന്ധുവിന്റെ ലക്ഷ്യങ്ങൾക്ക് കരുത്തേകുന്നത് ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ഉൾപ്പെടെ സംവിധായകനായ ഭർത്താവ് നിഷാന്ത് സാറ്റുവാണ്. കുടുംബത്തിന്റെ പിന്തുണയാണ് നേട്ടങ്ങളിലേക്ക് ഓടിക്കയറാനുള്ള പ്രചോദനമെന്ന് സിന്ധു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.