തൂ​ബ, ദു​റ, ദാ​ന, റ​ഫ 

സംഗീതം മുതൽ കാലിഗ്രഫി വരെ; താരമായി റഫ

കലയുടെ ഭിന്ന അഭിരുചികൾ ഒരു വ്യക്തിയിൽ മാത്രം സംഗമിച്ചു ചേരുമ്പോൾ പിറക്കുന്നത് അഭേദ്യമായ ആസ്വാദന തലങ്ങളാണ്. സംഗീതവും എഴുത്തും വരയും ഇഴകിച്ചേർന്ന് റഫ റാസിഖ് ഒരുക്കുന്നത് കലയുടെ ഒരു വിശിഷ്ഠ സൽക്കാരം തന്നെയാണ്. അബൂദബിയിലെ ആർക്കിടെക്ച്ചറായ ഈ തലശ്ശേരിയിലെ കലാ വസന്തത്തിന് വായനക്കാരോട് പങ്കുവയ്ക്കാൻ ഒത്തിരി വിശേഷങ്ങളുണ്ട്

സംഗീതം

റഫയുടെ കുടുംബത്തെ സംഗീത കുടുംബം എന്ന് വിശേഷിപ്പിക്കാം. ഉപ്പ റാസിഖും ഉമ്മ താഹിറ റാസിഖും നൽകിയ ബാലപാഠങ്ങളാണ് റഫയിൽ നല്ലൊരു ഗായികയെ വാർത്തെടുത്തത്. മറ്റു ഭാഷകളെക്കാൾ അവളുടെ സംഗീത ശബ്ദത്തിന് അറബി ഭാഷ അനായാസം വഴങ്ങി. സ്കൂളിലും ദുബൈയിലെ സംഗീത ദിശകളിലും ഉപ്പയോടൊത്തും തനിച്ചും റഫ ധാരാളം വേദികൾ പങ്കിട്ടു. യു.എ.ഇയിലെ സ്കൂൾ പഠനം പൂർത്തിയാക്കി പുനർ പഠനത്തിനായി ഇന്ത്യയിലെത്തിയ റഫ എം.ഇ.എസ് സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ ജോയിൻ ചെയ്തു.

വരയിലുളള സാമർത്ഥ്യം ആർക്കിടെക്ചറിങ് കരിയറിലേക്ക് വല്ലാതെ പ്രേരിപ്പിച്ചു. അഞ്ചുവർഷത്തെ ബി.ആർക്ക് പ്രൊഫഷനൽ കോഴ്സിൽ ആത്മാർത്ഥമായി തുടരുമ്പോഴും പാട്ട് മാറ്റിനിർത്തിയിരുന്നില്ല. ഒരു ചിറകെന്നോണം റഫയ്ക്കുള്ളിൽ സംഗീതം അലിഞ്ഞുചേർന്നിരുന്നു. സഹോദരങ്ങളായ ദാന റാസിഖ്, തൂബ, ദുറ എന്നിവരും സോഷ്യൽ മീഡിയ സംഗീത വീചിയിലെ സജീവ താരങ്ങളാണ്. ആലാപനമാധുര്യം കൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി അഭ്രപാളിയിൽ മാസ്മരിക വിരുന്നൊരുക്കുകയാണ് ദാന റാസിഖ്.

ദാനയും റഫയും ഒരുമിച്ച് ചെയ്ത ചലച്ചിത്രഗാനങ്ങളുടെ കവറുകൾ പലപ്പോഴും ദശലക്ഷക്കണക്കിന് കാഴ്‌ചകൾ കടന്ന് യൂട്യൂബ് സെൻസേഷനായി മാറിയിട്ടുണ്ട്. സംഗീത സംവിധായകൻ അഫ്സൽ യൂസുഫിന്‍റെ പുതിയ ഗാനത്തിന് ദാനയാണ് ശബ്ദം നൽകിയത്.

ഇന്‍റീരിയർ ഡിസൈനർ:

അഞ്ചുവർഷത്തെ ബി.ആർക്ക് പ്രൊഫഷണൽ കോഴ്സിൽ ആത്മാർത്ഥമായി തുടരുമ്പോഴും ക്യാമ്പസ് വേദികളിൽ റഫ അരങ്ങു തകർത്തു. ബി.ആർക്കിനു ശേഷം 2014ൽ ജൂനിയർ ആർക്കിടെക്റ്റായി പല കമ്പനികളിലും ജോലി ചെയ്തുവരികെയാണ് റഫ സ്വന്തമായി ചെയ്യാവുന്ന ഫ്രീലാൻസ് പ്രൊജക്ടിസിനെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയാണ് ആദ്യമായി ഒരു വീടിന്‍റെ ഇന്‍റീരിയർ ഡിസൈനിംഗിൽ റഫ വ്യക്തിമുദ്ര പതിപ്പിക്കുന്നത്.

റഫയെ സംബന്ധിച്ച് അതൊരു സുവർണ്ണ കാൽവെപ്പായിരുന്നു. അവിടം തൊട്ട് താൻ ചെയ്ത ഓരോ ഇൻറീരിയർ പ്രൊജക്ട്സും വിസ്മയങ്ങളായി. അവയോരോന്നും മുൻനിര അച്ചടി പ്രസിദ്ധീകരണങ്ങളിൽ ഫീച്ചർ ചെയ്യപ്പെടാൻ ഒട്ടും സമയമെടുത്തില്ല. ഓരോ ഒഴിഞ്ഞ ഇടങ്ങളും എങ്ങനെ മനോഹരമാക്കി മാറ്റാം എന്ന മനോഭാവമാണ് റഫയെ ഇത്തരമൊരു മേഖലയിലേക്ക് വഴിനടത്താൻ നിദാനമായത്. ഓരോ ഇടവും അർഹിക്കുന്ന പ്രാധാന്യത്തോടെ പരിചരിക്കപ്പെടണമെന്ന് അവൾ ആഗ്രഹിച്ചു. വൈവിധ്യമായ ആശയങ്ങൾ സൃഷ്ടിച്ച് വീടകങ്ങൾക്ക് നവ ചാരുതയൊരുക്കുന്നതിൽ റഫ കേൾവികേട്ടു. ഇതിനായി ചെലവുകുറഞ്ഞതും ആകർഷകവുമായ മാർഗങ്ങൾ അവൾ സ്വീകരിച്ചു വന്നു.

കാലിഗ്രഫി

ഈയിടക്കാണ് റഫക്ക് അറബിക് കാലിഗ്രാഫിയോടുളള പ്രണയം നാമ്പിടുന്നത്. അറബി ഭാഷയോടുള്ള ഇഷ്ടവും അറബി ലിപിയിലുളള പ്രാഗല്ഭ്യവും ഇതിന്‍റെ പിന്നാമ്പുറ രഹസ്യങ്ങളായിരുന്നു. 2018ൽ കാലിഗ്രാഫിയിൽ ഛായം തൂവിയപ്പോൾ റഫയ്ക്ക് അറിയില്ലായിരുന്നു ഈ അറേബ്യൻ മഹാ-പുരാതന കലയുടെ ആഴവും പരപ്പും. ആദ്യഘട്ടത്തിൽ പലപ്പേഴും ശരിയായ നിയമങ്ങൾ പാലിക്കപ്പെടാതെ റഫ എഴുത്തിനെ തന്‍റെ ഇഷ്ടാനുസരണം വ്യതിചലിപ്പിച്ചു. കേരളത്തിൽ താരതമ്യേനെ അറബിക് കാലിഗ്രാഫിയിൽ പേരെടുത്തവർ വളരെ ചുരുക്കമായിരുന്നു.

അതിനാൽ തന്നെ അതിനുതകുന്ന എഴുത്തുപകരണങ്ങൾ സംഘടിപ്പിക്കുകയെന്നത് വലിയ പ്രതിസന്ധിയായിരുന്നു. താൻ ചെയ്ത ആർട്ടുകൾ ഇൻസ്റ്റഗ്രാമെന്ന പ്ലാറ്റ്ഫോമിലേക്ക് അപ്ലോഡ് ചെയ്യുന്നതിലൂടെ റഫക്ക് മുന്നോട്ട് കുതിക്കാൻ വലിയ ഊർജം ലഭിച്ചു. പതിയെ വർക്ക് ഷോപ്പുകളുടെ എണ്ണം കൂടിത്തുടങ്ങി. അതിലൂടെ ഇണങ്ങിയ വരുമാനം കണ്ടെത്താമെന്നായി. റഫയിൽ നിന്നാരംഭിച്ച ഈ കലാപ്രയാണത്തിൽ നിരവധിപേരാണ് ആകൃഷ്ടരായി രംഗത്ത് വന്നത്.

ആർക്കിടെക്ചറായി ചുവടുറപ്പിച്ചെങ്കിലും സംഗീതവും കാലിഗ്രാഫിയും തന്‍റെ ഇഷ്ടവിനോദങ്ങളിൽ മുൻനിരയിൽ തന്നെയുണ്ട്. എന്നെങ്കിലും കാലിടറുമ്പോൾ മാറിപ്പിടിക്കാൻ റഫ കരുതിവെച്ച വിശിഷ്ട സമ്പാദ്യങ്ങളാണ് അവ. അറബിക് കാലിഗ്രാഫി- പെയിന്‍റിങ് സീരീസിൽ നവീനമായ ആശയങ്ങൾ ഒരുക്കുന്നതിന്‍റെ പണിപ്പുരയിലാണ് റഫയിപ്പോൾ. ഭർത്താവ് സുഹൈർ സിദ്ധീഖിനും മകൾ ഫരീൻ സുഹൈറിനുമൊപ്പം അബൂദബിയിലുണ്ട് റഫ.

Tags:    
News Summary - Rafa’s Compilation of arts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT