ജ​ന​നി അ​മ്മ കൃ​ഷ്ണ​മ്മാ​ളി​നൊ​പ്പം                                                                      ചി​ത്രം-ദി​ലീ​പ്​ പു​ര​ക്ക​ൽ

അമ്മയുണ്ട്... ജനനിയുടെ സ്വപ്നങ്ങൾക്കൊപ്പം

കോട്ടയം: പുല്ലരിക്കുന്ന് കോളനിയിലെ കുഞ്ഞുവീടിന്‍റെ മുന്നിൽനിന്ന് ജനനി നടന്നുതുടങ്ങിയത് അമ്മക്കരുത്തിന്‍റെ തണൽ പറ്റിയാണ്. അമ്മ തുറന്നിട്ട ജാലകങ്ങളിലൂടെയാണ് അവൾ ആകാശം മുട്ടെ സ്വപ്നങ്ങൾ നെയ്യുന്നത്. ദുരിതജീവിതത്തിന്‍റെ കാളിമപടർന്ന ആ മുഖമാണ് ജനനിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ഊർജമാകുന്നത്.

കേരളത്തിൽനിന്ന് സാഹസിക പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഏകപെൺകുട്ടിയായി ജനനി വാർത്തകളിൽ ഇടംപിടിക്കുമ്പോൾ ഈ അമ്മമനവും സന്തോഷനിറവിലാണ്. കോട്ടയം ബി.സി.എം കോളജിലെ രണ്ടാംവർഷ ബി.എസ്സി ഫിസിക്സ് വിദ്യാർഥിനിയാണ് ജനനി. അഞ്ചാം കേരള വനിത വിഭാഗം ബറ്റാലിയൻ ചങ്ങനാശ്ശേരിയിലെ എൻ.സി.സി കാഡറ്റായ ജനനിക്ക് ജമ്മുവിലെ പഹൽഗാം ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് ആൻഡ് വിന്‍റർ സ്പോർട്സിലാണ് പരിശീലനത്തിന് അവസരം ലഭിച്ചത്. ബറ്റാലിയന് കീഴിലെ നാലു കോളജുകളിലെ വിദ്യാർഥികളിൽനിന്ന് ശാരീരികക്ഷമത പരിശോധനയിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു.

ആശങ്കകളോടെ പുറപ്പെട്ട ജനനി 15 ദിവസത്തെ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ അമ്മയെ ചേർത്തുപിടിച്ചുപറഞ്ഞു -''അമ്മയാണ് എന്നെ ഇവിടെ വരെയെത്തിച്ചത്.''

തിരുനെൽവേലി സ്വദേശിയായ കനകരാജിനെ വിവാഹം കഴിച്ചാണ് ജനനിയുടെ അമ്മ കൃഷ്ണമ്മാൾ തമിഴ്നാട്ടിൽനിന്ന് കോട്ടയത്തെത്തുന്നത്.

അതിനുമുമ്പേ കനകരാജ് കേരളത്തിലെത്തിയിരുന്നു. കൂലിപ്പണി ചെയ്താണ് ഇവർ ജീവിച്ചതും മൂന്നു മക്കളെ പഠിപ്പിച്ചതും. ഇടക്ക് രോഗബാധിതനായി കനകരാജ് മരിച്ചതോടെ അന്യനാട്ടിൽ, ജീവിതവഴിയിൽ കൃഷ്ണമ്മാൾ ഒറ്റക്കായി. പിന്നെ മക്കൾക്കുവേണ്ടിയായി ജീവിതം. വീട്ടുവേല ചെയ്താണ് കൃഷ്ണമ്മാൾ മക്കളെ നോക്കുന്നത്. മക്കൾ പഠിച്ചുവലിയവരാകുന്നതാണ് ഈ അമ്മയുടെ സ്വപ്നം. അതോടെ തന്‍റെ കഷ്ടപ്പാടുകൾ തീരുമെന്നാണ് പ്രതീക്ഷ. ജനനിക്ക് താഴെ ഇരട്ടസഹോദരങ്ങളാണ് -ജയകൃഷ്ണനും ജയകുമാറും. പ്ലസ് ടു വിദ്യാർഥികളാണ് ഇരുവരും. സ്പോർട്സിലും അത്ലറ്റിക്സ് മത്സരങ്ങളിലും സജീവമായ ജനനിക്ക് സൈന്യത്തിൽ ചേരാനാണ് ആഗ്രഹം. ആ ആഗ്രഹം നേടിയെടുക്കാനുള്ള യാത്രയിൽ ജനനിക്ക് തുണയാണ് അമ്മയും രണ്ടു കുഞ്ഞനുജന്മാരും.

തണുപ്പ് കഠിനം

ജമ്മുവിലെ പഹൽഗാമിലായിരുന്നു ക്യാമ്പ്. കോളജ് അധ്യാപികയും ഗ്രൂപ് കമാൻഡിങ് ഇൻസ്ട്രക്ടറുമായ സോമി ജെയ്സനാണ് ജനനിക്കൊപ്പം പോയത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നായി 25 കുട്ടികളുണ്ടായിരുന്നു. മാവേലിക്കര സ്വദേശി ശ്രീജിത് ശ്രീനിയായിരുന്നു കേരളത്തിൽനിന്നുണ്ടായിരുന്ന ആൺകുട്ടി. മലകയറ്റം, വനത്തിലൂടെയുള്ള സാഹസിക യാത്ര, നദി മുറിച്ചുകടക്കൽ, രക്ഷാപ്രവർത്തനം തുടങ്ങിയവയിലും പരിശീലനം നേടി.

ക്യാമ്പ് കഴിഞ്ഞ് തിരിച്ച് ഡൽഹിയിലെത്തിയപ്പോഴാണ് പഹൽഗാമിൽ തങ്ങൾ താമസിച്ചിരുന്ന സ്ഥലത്തിനു മുന്നിൽ ഭീകരാക്രമണം നടന്ന വിവരം അറിയുന്നത്. പരിശീലനത്തെക്കാൾ കഠിനം അവിടത്തെ തണുപ്പായിരുന്നു. രണ്ടു ജാക്കറ്റിട്ടാണ് കഴിഞ്ഞതെന്നും ജനനി പറഞ്ഞു.

Tags:    
News Summary - Mother behind Janani's growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT