മഞ്ജു വാര്യർ
തന്റെ സ്വപ്നങ്ങളെ ഓരോന്നായി കൈയെത്തിപ്പിടിച്ച് ഇഷ്ടങ്ങളുടെ പിറകെ പോകുന്ന മഞ്ജു വാര്യർ ജീവിതംകൊണ്ട് എല്ലാവർക്കുമുള്ള ഉത്തരമാവുകയാണ്
‘ഹൂ ഡിസൈഡ്‌സ് ദ എക്‌സ്പയറി ഡേറ്റ് ഓഫ് വിമൻ?’ ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ കഥാപാത്രമായ നിരുപമയുടേതാണ് ചോദ്യം. തന്റെ സ്വപ്നങ്ങളെ ഓരോന്നായി കൈയെത്തിപ്പിടിച്ച് ഇഷ്ടങ്ങളുടെ പിറകെ പോകുന്ന 47കാരി മഞ്ജു വാര്യർ തന്റെ ജീവിതംകൊണ്ട് ആ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞുവെക്കുകയാണിവിടെ... സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റില്ല. അത് ഉറപ്പിക്കുകയാണ് അഡ്വഞ്ചർ ബൈക്കിൽ മഴ നനഞ്ഞ് യാത്രചെയ്യുന്ന മഞ്ജുവിന്റെ വൈറൽ വിഡിയോ.
ബൈക്കിൽ ലോകം ചുറ്റാൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് മഞ്ജു വാര്യർ. തന്റെ അഡ്വഞ്ചർ ബൈക്കിൽ കറങ്ങുന്ന മഞ്ജുവിന്റെ വിഡിയോകളും ചിത്രങ്ങളും നേരത്തേയും പുറത്തുവന്നിരുന്നു. ഇപ്പോൾ ധനുഷ് കോടിയിൽ ബി.എം.ഡബ്ല്യൂ ആർ 1250 ജി.എസ് ബൈക്കിൽ ഇരുന്നും നിന്നും മഴയത്ത് യാത്രചെയ്യുന്ന മഞ്ജുവിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞുപോയതിനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനും വരാനിരിക്കുന്നതിനുമെല്ലാം നന്ദിപറഞ്ഞ് പുതുവത്സരാശംസ നേർന്നുകൊണ്ട് മഞ്ജു തന്നെയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതും. സെലിബ്രിറ്റികളടക്കം നിരവധി പേർ വിഡിയോക്ക് കമന്റുമായി രംഗത്തെത്തുകയും ചെയ്തു. മൂന്നുവർഷം മുമ്പ് തമിഴ് താരം അജിത്തിനൊപ്പം മഞ്ജു ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയിരുന്നു. ഒരു ബൈക്ക് സ്വന്തമാക്കാനും ലൈസൻസ് എടുക്കാനുമെല്ലാം പ്രചോദനമായത് അജിത്തിനൊപ്പമുള്ള യാത്രയാണെന്നും മഞ്ജു വാര്യർ നേരത്തേ പറഞ്ഞിരുന്നു.
മലയാളികളുടെ ഇഷ്ടതാരമായ മഞ്ജു വാര്യർ ഒരിടവേളക്കുശേഷമാണ് 2014ൽ ‘ഹൗ ഓൾഡ് ആർ യൂ? എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് അറിയിച്ചത്. രണ്ടാം വരവിൽ അഭിനയത്തിലും നൃത്തത്തിലും മഞ്ജു ഒരേപോലെ സാന്നിധ്യമറിയിച്ചിരുന്നു. തമിഴിലും മലയാളത്തിലും നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ മഞ്ജു തന്റെ പേര് എഴുതി ചേർത്തു. വിഡിയോ പുറത്തുവന്നതോടെ അതോടൊപ്പം എല്ലാവർക്കും ഒരേപോലെ പ്രചോദനമാകുന്ന, ജീവിതം ആസ്വദിക്കുന്ന സ്ത്രീ എന്ന വാക്കുകൾ കൂടി മഞ്ജുവിന്റെ പേരിനൊപ്പം ആരാധകർ കൂട്ടിച്ചേർത്തു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.