‘സ്റ്റാൻഡ് ബൈ മി’; അനീതിക്കെതിരെ പോരാടാൻ തയ്യൽ മെഷീനിൽ ജീവിതം തുന്നിച്ചേർത്ത് ഫ്രാ​ങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്‍ത്രീകൾ

കോഴി​ക്കോട്: വർഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിനും കടുത്ത പ്രതിസന്ധികൾക്കും ശേഷം ബിഷപ്പ് ഫ്രാങ്കോ കേസിലെ പരാതിക്കാരായ കന്യാസ്ത്രീകൾ ഇന്ന് അതിജീവനത്തിന്റെ പുതിയ പാതയിൽ. കോട്ടയം കുറുവിലങ്ങാട് കോൺവെന്റിൽ ആരംഭിച്ച വസ്ത്രനിർമാണ സംരംഭമാണ് കന്യാസ്ത്രീകളുടെ ജീവിതത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്നത്. ‘സ്റ്റാൻഡ് ബൈ മി’ (Stand By Me) എന്ന പേരിലാണ് സംരംഭം.

മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച മൂന്ന് കന്യാസ്ത്രീകളാണ് പുതിയ ചുവടുവെപ്പുമായി മുന്നോട്ടുപോകുന്നത്. 2023ൽ കോൺവെന്റിൽ നിന്ന് ലഭിച്ചിരുന്ന സാമ്പത്തിക സഹായം നിലച്ചതോടെയാണ് മൂന്ന് പേരും കടുത്ത പ്രതിസന്ധിയിലായത്. ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവക്ക് പണമില്ലാതായതോടെ സ്വന്തം വരുമാനം കണ്ടെത്തണമെന്ന തീരുമാനത്തിലേക്ക് അവർ എത്തുകയായിരുന്നു. ഇതോടെ ദൈനംദിന ജീവിതച്ചെലവുകൾക്കായി മറ്റാരെയും ആശ്രയിക്കാതെ കൈകളിൽ തുന്നൽ സൂചിയേന്തുകയായിരുന്നു മൂവരും.

രണ്ട് കന്യാസ്ത്രീകൾക്ക് എം.എസ്.ഡബ്ല്യൂ ബിരുദമുണ്ട്. നിയമപോരാട്ട സാഹചര്യങ്ങൾ കാരണം ഇന്റേൺഷിപ്പുകളും ജോലിയും കണ്ടെത്തുന്നതിൽ അവർ ബുദ്ധിമുട്ട് നേരിട്ടു. ഇതോടെയാണ് നേരത്തെ പഠിച്ചിരുന്ന തയ്യൽവിദ്യ പ്രയോജനപ്പെടുത്തി സംരംഭത്തിന് തുടക്കമിട്ടത്. അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ തയ്യൽ മെഷീനുകൾ ലഭിച്ചതോടെ വസ്ത്രങ്ങൾ നിർമിച്ച് വിൽക്കാൻ തുടങ്ങി. ആദ്യഘട്ടത്തിൽ പരിചയക്കാരിൽ നിന്നുള്ള ചെറിയ ഓർഡറുകളായിരുന്നു ലഭിച്ചിരുന്നത്. മികച്ച പ്രതികരണം ലഭിച്ചതോടെ സംരംഭം കൂടുതൽ വിപുലീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

നൈറ്റികൾ, ചുരിദാർ ടോപ്പുകൾ, കോ ഓർഡ് സെറ്റുകൾ, ബാഗുകൾ, ടേബിൾ മാറ്റുകൾ, റണ്ണറുകൾ തുടങ്ങിയവയാണ് ഇപ്പോൾ നിർമിക്കുന്നത്. രണ്ടുപേരെ ഇവിടെ ജോലിക്കെടുക്കുകയും ചെയ്തു. അടുത്ത ഘട്ടത്തിൽ വസ്ത്രങ്ങൾ ഓൺലൈനിലൂടെ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം ഒരു മാസത്തിനുള്ളിൽ ഓൺലൈൻ വിപണനത്തിന് തുടക്കമിടാനാകുമെന്നും അവർ പറയുന്നു. തങ്ങൾക്ക് പിന്തുണ നൽകിയ ഒരുപാട് പേരുണ്ടെന്നും അവരാണ് ‘സ്റ്റാൻഡ് മൈൻഡ് മി’ എന്ന പേര് നിർദേശിച്ചതെന്നും കന്യാസ്ത്രീകൾ പറയുന്നു.

അതിജീവിതക്കൊപ്പം നിന്ന അഞ്ച് കന്യാസ്ത്രീകളിൽ മൂന്നുപേരാണ് കുറവിലങ്ങാട് കോൺവെന്റിൽ തുടരുന്നത്. രണ്ടുപേർ സന്ന്യാസ ജീവിതം ഉപേക്ഷിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ കേരള സർക്കാർ ഇവർക്ക് റേഷൻ കാർഡുകൾ അനുവദിച്ചിരുന്നു. അതേസമയം, ബലാത്സംഗ കേസിൽ 2022ൽ വിചാരണക്കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നു. പിന്നീട് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവെച്ചു. വിചാരണക്കോടതി വിധിക്കെതിരെ കന്യാസ്ത്രീകൾ കേരള ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

Tags:    
News Summary - Bishop Franco case Nuns launch clothing brand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.